Tuesday, 2 February 2016

തീര്‍ഥയാത്ര



ഇന്നിലെ ഞാനെന്ന സ്വത്വത്തെ ഈ നിമിഷം വലിച്ചെറിഞ്ഞു ,
എനിക്കിന്നൊരു തീര്‍ഥയാത്ര പോകണം...
കാടും മേടും താണ്ടി ദിക്കുകള്‍ക്കുമപ്പുറം ചെന്ന്,
നിന്റെ ഓര്‍മ്മകള്‍ കൂട്ടിയിട്ട് അതിനു മേല്‍ തപസ്സിരിക്കണം....
ഒടുവില്‍ താടിയും ജടയും നിന്റെ ഓര്‍മകള്‍ക്ക് മേല്‍ മറ തീര്‍ക്കുമ്പോള്‍,
ഞാന്‍ മടങ്ങിപ്പോകും.....
ഞാന്‍ വിട്ടെറിഞ്ഞ പൂര്‍വസ്വത്വത്തിന്റെ മുന്നില്‍ ചെന്ന് നില്‍ക്കും ഞാന്‍,
പകുത്തു കൊടുത്ത, പണയം വെച്ച സ്വത്വത്തിനു മുന്നില്‍....
ചൂണ്ടുവിരല്‍ ചൂണ്ടി അന്ന് ഞാന്‍ ചോദിക്കും,
എന്തിനു സ്നേഹിച്ചു നീ അവളെ ഇത്ര മേലെന്ന്...”

                                                                          -മനു

Thursday, 24 April 2014

നീ അറിയാനായ്‌


"ആര്‍ക്കോ വേണ്ടിയുള്ള നിദ്രയില്‍ നിന്ന് നീ ഉണരുമ്പോള്‍ 
ഓര്‍ക്കുക ഞാന്‍ ആരായിരുന്നെന്ന്.....

നിന്നെ മാത്രം കണ്ടിരുന്ന എന്റെ കണ്ണുകളില്‍ നോക്കി നീ പറയുക,

എന്നെ മാത്രം കാണാതിരുന്ന നിന്റെ കണ്ണുകള്‍ക്കാണോ തെളിച്ചം കൂടുതലെന്ന്....

കഴിയുമെങ്കില്‍ പറഞ്ഞു തരിക, ഒന്ന് മാത്രം.....

ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നു പറഞ്ഞ ഈ ലോകത്ത്,
എന്റെ ഓര്‍മ്മകളെ മാത്രം തിരഞ്ഞുപിടിച്ച് കൊന്നു കുഴിച്ചു മൂടിയൊരാ കൌശലം...
അത് മാത്രം... "

- അബ്ദുല്‍ മനാഫ്‌

Sunday, 21 April 2013

സ്നേഹിച്ചവര്‍ക്കായി...


"എടുക്കുന്നോരോ ശ്വാസകണത്തിനും കടക്കാരനാകേണ്ടിനി,
വീഴ്ചയില്‍ ചിരിക്കുന്നൊരാ കോമരങ്ങളെ വെറുക്കേണ്ടതില്ലിനി,
ചിരിച്ചൊരാ മുഖങ്ങളെ ഓര്‍ക്കേണ്ടതില്ലിനി,
കണ്ണീര്‍ വാര്‍ത്തിടും മനസ്സുകളെ ഗൌനിക്കെണ്ടതില്ലിനി.

പിന്നില്‍ നിന്ന് കുത്തിയതിനും, മുന്നില്‍ നിന്ന് തടഞ്ഞതിനും,
സ്നേഹത്തിനാല്‍ പൊതിഞ്ഞതിനും, കണ്ണില്‍ നിന്നൊഴുകിയ സ്നേഹനീരിനും...
നന്ദി ചൊല്ലിയാല്‍ തീരാത്ത ലോകത്തിനും, നന്ദി നന്ദി...
തിടുക്കമേറേയില്ലെങ്കിലും ചൊല്ലിടട്ടെ ഞാന്‍, വിട... വിട...."

Tuesday, 6 November 2012

മുത്തശ്ശന്‍ മരം



ഒരു കവിയുണ്ടായിരുന്നു. കവിയുടെ തോട്ടത്തില്‍ നിറയെ മരങ്ങളുമുണ്ടായിരുന്നു. നല്ല കവിതകള്‍ കായ്ക്കുന്ന മരങ്ങള്‍... ഒരിക്കല്‍ കവി തന്‍റെ മരത്തിലെ കവിതകള്‍ ലോകത്തിനു പാടിക്കൊടുത്തു. അവര്‍ പറഞ്ഞു “ ഇതില്‍ പ്രണയമില്ല”. കവി യാത്ര തിരിച്ചു. പ്രണയം കായ്ക്കുന്ന മരവും തേടി........

    കാതങ്ങള്‍ താണ്ടി, കാണാത്ത നാടുകള്‍ കണ്ടു, ചക്രവാളങ്ങള്‍ അകലെയല്ലാതായി...പക്ഷെ, കവി തേടി നടന്ന പ്രണയത്തിന്‍റെ മരം മാത്രം കണ്ടില്ല. കവി ഇതുവരെ എഴുതിയ കൈകളെക്കാള്‍, കാലുകള്‍ സഞ്ചരിച്ചു, ഹൃദയം മിടിച്ചു...എന്നിട്ടും, പ്രണയത്തിന്‍റെ മരം മാത്രം കണ്ടില്ല.

    അങ്ങിനെ കവി വിജനമായ ഒരിടത്തെത്തി. അവിടെ ഒരു മുത്തശ്ശന്‍ മരം മാത്രം. അകലെയൊന്നും മറ്റൊന്നും കാണാനില്ല. തന്‍റെ മനസ്സിലെ ചിത്രത്തിലുള്ള പച്ചിലകള്‍ നിറഞ്ഞ, നിറയെ പൂക്കളുള്ള ആ പ്രണയത്തിന്‍റെ മരം മാത്രം കണ്ടില്ല. ഇനി ലോകത്ത് നോക്കാന്‍ കവിതയുടെ മരങ്ങള്‍ ബാക്കിയുമില്ല.
    പകച്ചു നില്‍ക്കുന്ന കവിയോട് മുത്തശ്ശന്‍ മരം ചോദിച്ചു: “എന്താണ് നീ തിരയുന്നത്..?”.
കവി പറഞ്ഞു: “പ്രണയത്തിന്‍റെ കവിതകള്‍ കായ്ക്കുന്ന മരം തേടുകയാണ് ഞാന്‍”.
“ഓ... പ്രണയത്തെ നിന്റെ വരികളിലും നിന്റെ ഹൃദയത്തിലും നിറച്ച കവീ, നിനക്കെന്നെ മനസ്സിലാകുന്നില്ലേ? ഞാന്‍ തന്നെയാണ് നീ തേടുന്ന പ്രണയത്തിന്‍റെ മരം.”
കവി പറഞ്ഞു: “ അല്ല, അങ്ങിനെയല്ല അവര്‍ പറഞ്ഞത്... ഇത് ഇലകളൊക്കെ പൊഴിഞ്ഞ, പൂക്കളില്ലാത്ത ശോഷിച്ച മരമല്ലേ.. അവര്‍ പറഞ്ഞ പ്രണയത്തിന്‍റെ മരം നിറയെ പൂക്കളാണ്, പച്ചിലകള്‍ കൊണ്ട് നിറഞ്ഞതാണ്...”
മുത്തശ്ശന്‍ മരം ചോദിച്ചു: “ലോകത്തോട് ചോദിച്ചാണോ നീ പ്രണയത്തെ മനസ്സിലാക്കുന്നത്? നീ പ്രണയിച്ചവനല്ലേ, നീ പ്രണയത്തിന്‍റെ കവിയല്ലേ? നിന്റെ പ്രണയം നിനക്ക് സമ്മാനിച്ചത് പൂക്കളാണോ?..... കുഞ്ഞേ, പ്രണയിക്കാത്തവരുടെ പ്രണയത്തിനേ മധുരമുള്ളൂ, വര്‍ണങ്ങളുള്ളൂ.... പ്രണയിച്ചവരുടെ പ്രണയത്തിനെന്നും ഉള്ളു പൊള്ളുന്ന വേദനയാണ്....”
കവി ചിന്തിച്ചു, ശരിയാണ്... തന്‍റെ സ്വപ്നങ്ങളെയാണ് താന്‍ ഇത്ര നാള്‍ പ്രണയമെന്ന പേര് വിളിച്ചത്. താന്‍ തന്നെത്തന്നെ വിശ്വസിപ്പിക്കുകയായിരുന്നു പ്രണയം സുഖകരമാണെന്ന്. അതിന്‍റെ വേദന അറിഞ്ഞുകൊണ്ട് തന്നെ.....
കവി മുത്തശ്ശന്‍ മരത്തോട് ചോദിച്ചു: “ ഇനി ഞാന്‍ എങ്ങോട്ടാണ് പോകേണ്ടത്?”
മുത്തശ്ശന്‍ മരം പറഞ്ഞു: “ നീ പ്രണയത്തിന്‍റെ കവിയല്ലേ, നീ പ്രണയിച്ചവനല്ലേ? ഇപ്പോള്‍ പ്രണയം എന്തെന്ന് അറിഞ്ഞവനല്ലേ...? ഹൃദയം കൊണ്ട് പ്രണയിച്ചവര്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് ഞാന്‍ പറഞ്ഞു തരേണ്ട ആവശ്യം ഇല്ല...”

കവി ഒന്ന് പുഞ്ചിരിച്ചു. പ്രണയത്തിന്‍റെ മുത്തശ്ശന്മരച്ചുവട്ടില്‍ ഒരു അപ്പൂപ്പന്‍താടിയെപ്പോലെ കവി വീണു. മുത്തശ്ശന്‍ മരത്തിലെ അവശേഷിച്ച ഉണങ്ങിയ ഇലകള്‍ വന്നു കവിയുടെ ചേതനയറ്റ ശരീരം മറച്ചു. അതില്‍ ഒരിലയില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: “ കറയറ്റ പ്രണയം മരിച്ചിരിക്കുന്നു....”

Sunday, 28 October 2012

അങ്ങനെ ഒരു നോമ്പുകാലത്ത്


       
    വലിയ സംഭവം ഒന്നും അല്ലെങ്കിലും ഇത് സംഭവിച്ചതാണ് കേട്ടോ.. ഇവിടെ പക്ഷെ നായകനും നായികയും ഒന്നും ഇല്ല. ഒരു വില്ലനും കുറച്ചു പാവം വില്ലന്മാരും ഉണ്ട്. ഒരു ടൈപ്പ് villain Vs Villains കളി. നമുക്ക് നമ്മുടെ ശരിക്കുള്ള വില്ലനെ Yahoo.T എന്ന് വിളിക്കാം. പേര് നിങ്ങള്‍ ഊഹിച്ചോ..ഞാന്‍ പറഞ്ഞു തരില്ല. പറഞ്ഞാല്‍ ‘സുരക്ഷാപ്രശ്നം’ ഉണ്ട്. ഇനി കഥയിലേക്ക്...

         പശ്ചാത്തലം മലപ്പുറത്തെ കുറ്റിപ്പുറത്തുള്ള ഒരു വാടക വീട്. സത്യം പറഞ്ഞാല്‍ ഒരുപാട് സ്വപ്നങ്ങളോടെയും അവസാനം അങ്ങേയറ്റത്തെ നിരാശയോടെയും എന്ജിനീയറിംഗ് എന്നാ കുരുക്കില്‍ പെട്ട ഞങ്ങള്‍ ഏഴു പേരുടെ ‘ഹോസ്റ്റല്‍’. അതിന്‍റെ ‘മുതലാളി’ ആണ് Yahoo.T .  പഠിച്ചത് IT ആയത് കൊണ്ടായിരിക്കും YAHOO.T യെത്തന്നെ ഞങ്ങടെ ‘മൊയലാളി’ ആയി കിട്ടിയത്. ഇനി ബാക്കി കഥാപാത്രങ്ങള്‍. അത് ഞങ്ങളാ.. പക്ഷെ പേര് പുറത്തു പറയില്ല.. വേണമെങ്കില്‍ എല്ലാരുടേം ഇരട്ടപ്പേര് പറയാം. മറ്റൊന്നും കൊണ്ടല്ല, Yahoo.T നാട്ടിലെ പ്രമാണി ആണ്(ആര്‍ക്കും കണ്ണെടുത്താ കണ്ടൂട എങ്കിലും). നേരെ പേര് പറഞ്ഞു തൊടങ്ങിയാ ഒരു ‘ഇത്’ കിട്ടൂല.. അതോണ്ട് ഇതാ, ഞങ്ങള്‍ ഏഴു പേര്‍ : തുമ്പി, ഡുണ്ടു, ഡിങ്കന്‍, ഉസ്താദ്‌, പെടലി, ആര്‍ ഡി എക്സ്, മൂപ്പന്‍. (ഈ ഇരട്ടപ്പേ രുകള്‍ പുറത്തു വിട്ടതിനാല്‍ പിന്നെയും സുരക്ഷാ പ്രശ്നം ഉണ്ടാകാന്‍ ചാന്‍സ്‌ ഉണ്ട്).

          Yahoo.T നാട്ടിലെ സമ്പന്നന്‍ ആണെങ്കിലും സ്പോഞ്ച് വെള്ളം വലിച്ചെടുക്കുന്നത് പോലെയാണ് പണത്തോടുള്ള അങ്ങേരുടെ ആര്‍ത്തി. ഹോസ്റ്റല്‍ വിട്ടു വാടകക്ക് വീടും തേടി അയാളുടെ മുന്നില്‍ നിന്നപ്പോള്‍ അയാള്‍ ചിരിച്ച ആ 900 വാള്‍ട്ട് ചിരി..ഹോ.. ഞങ്ങള്‍ അങ്ങ് എടുത്തു ആ വീട്. പോരാത്തതിന് അങ്ങേരു ഹാജി കൂടിയാണെന്ന് കേട്ടപ്പോ ഒന്നും ആലോചിച്ചില്ല.. ഇത്രേം നല്ല മൊതലാളിയെ വേറെ  എവിടെക്കിട്ടും..? ഞങ്ങള്‍ താമസിച്ചതിന്റെ പിറ്റേ ദിവസം മുതല്‍, ഞങ്ങള്‍ എഴുന്നെല്‍ക്കുന്നതിന് മുന്‍പേ ഞങ്ങളുടെ റൂമില്‍ കയറി എല്ലാം നിരീക്ഷിച്ചു, ‘ഒരാവശ്യവും ഇല്ലാതെ’ തെങ്ങിന് തടമെടുത്തും വാഴയുടെ ഇല പറിച്ചും അവിടെ തന്നെ ഉണ്ടാകും. അയാളുടെ ജാഗ്രത കണ്ടാല്‍ ഞങ്ങള്‍ രാത്രിയെങ്ങാന്‍ ആ വീടും എടുത്തു വണ്ടി കേറുമോ എന്ന് തോന്നും. ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങള്‍ ഏഴു പേര്‍ക്കും സ്വര്‍ഗ്ഗം ആയിരുന്നു അവിടം. അങ്ങനെയങ്ങനെ റംസാന്‍ നോമ്പുകാലം വന്നെത്തി. റംസാന്‍ കാലത്ത് കോളേജ് കുറച്ചു നേരത്തെ വിടും. ക്ലാസ്സ്‌ കഴിഞ്ഞു വന്നാല്‍ ഞങ്ങള്‍ നേരെ ഞങ്ങളുടെ ഹോസ്റ്റലിന്റെ പിന്നിലുള്ള ഗ്രൌണ്ടില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ പോകും. ആദ്യമൊക്കെ കനമില്ലാത്ത, എന്നാല്‍ വിലയുള്ള ടെന്നീസ് പന്ത് ഉപയോഗിച്ചാണ് കളിച്ചിരുന്നത്. അതുകൊണ്ട് ബോള്‍ വാങ്ങാനേ സമയവും പൈസയും ഉണ്ടായിരുന്നുള്ളൂ.. അത് കൊണ്ടു പെട്ടെന്ന് പൊട്ടാത്ത ‘ചെരുപ്പ് പന്ത്’(എന്റെ നാട്ടില്‍ അങ്ങനെയാ പറയുന്നത്) വാങ്ങി. നല്ല കനമാണെ, ഉള്ളു മുഴുവന്‍ റബ്ബര്‍ തന്നെ...

          അങ്ങനെ ഒരു ദിവസം ഞങ്ങള്‍ ക്രിക്കറ്റ്‌ കളിക്കുന്നു. കളിക്കാന്‍ വേറെ ക്ലാസ്സിലെ ഒരു കൂട്ടുകാരന്‍ കൂടി ഉണ്ട്. Yahoo.T  വെറുതെ ‘അനാവശ്യ’ ജോലികളും ചെയ്തു അവിടെയൊക്കെ തന്നെ ഉണ്ട്. ഒരു പണിയും ഇല്ലാത്തവര്‍ക്ക് ചെയ്യാന്‍ പറ്റിയ കൊറേ ഒലക്ക പണികളുണ്ട്. അതാണ്‌ അയാളുടെ പണി. നമ്മുടെ ഒരു ചെറിയ ഗ്രൗണ്ട് ആയത് കൊണ്ടു നാടന്‍ നിയമങ്ങളായ “മതിലിനു മീതെ പോങ്ങിപ്പോയാല്‍ ഔട്ട്‌, ചുമരില്‍ കൊണ്ടാല്‍ ഔട്ട്‌”, അങ്ങനെയുള്ളതൊക്കെയുണ്ട്. അങ്ങനെ കളി തുടങ്ങി കുറച്ചായി. ബാറ്റു ചെയ്യുന്നത് ആ കൂട്ടുകാരന്‍, ബോള്‍ ചെയ്യുന്നത് ഞാന്‍. ഞാന്‍ ബോള്‍ എറിഞ്ഞു, അവന്‍ ബാറ്റു ചെയ്തു. ബോള്‍ ഏകദേശം ‘ബുര്‍ജ്‌ ഖലീഫയുടെ’ ഹൈറ്റ് എത്തിയോ എന്ന് ഞങ്ങള്‍ സംശയിച്ചു. എന്തായാലും അവന്‍ ഔട്ട്‌ അല്ലെ.. പക്ഷെ അവിടം കൊണ്ടു തീര്‍ന്നില്ല. ബോള്‍ പോകുന്നത് നിരോധിത റൂട്ടിലൂടെ ആണെന്ന സത്യം ഞങ്ങള്‍ ഞെട്ടലോടെ മനസ്സിലാക്കി. ആരൊക്കെയോ ‘തലാ...’ എന്ന് കാറുന്നത് പോലെ തോന്നി. ഇത് പക്ഷെ  ‘ചോട്ടാ മുംബൈയില്‍’ മോഹന്‍ലാലിന്‍റെ ആ “തലാ.....തലാ....” പാട്ട് ആയിരുന്നില്ല... ബോള്‍ ലാന്‍റ് ചെയ്യാന്‍ പോകുന്നത് വേറൊരു തലയിലായിരുന്നു..  ബോളിന്‍റെ ലക്‌ഷ്യം വീക്ഷിച്ചിരുന്ന ഞങ്ങളുടെ കണ്ണുകള്‍ സഡന്‍ ബ്രേക്ക് ഇട്ടതു Yahoo.T യുടെ തലയിലായിരുന്നു. അതെ, ആകാശം വരെ പോയ, ഇരുമ്പുണ്ട പോലെ കനമുള്ള ആ ബോള്‍ ചെന്ന് വീണത്‌ ‘ഒരാവശ്യവും ഇല്ലാത്ത’ പണി ചെയ്തോണ്ടിരുന്ന നല്ല കണ്ണാടി പോലെ തിളങ്ങുന്ന അയാളുടെ കഷണ്ടിത്തലയുടെ (0,0) പോയിന്‍റില്‍ ആയിരുന്നു. പിന്നെ എന്ത് പറയാന്‍, ഒരുമാതിരി സന്തോഷ്‌ പണ്ഡിറ്റിന്‍റെ പടം ബ്ലാക്കിനെടുത്തു കണ്ടവരുടെ അവസ്ഥയില്‍ ആയിപ്പോയി ഞങ്ങള്‍. എന്ത് ചെയ്യണമെന്നോ, ഇനി എന്തെന്നോ അറിയാത്ത അവസ്ഥ.. Yahoo.T അവിടെ ഇരുന്നു. ആരൊക്കെയോ പോയി വെള്ളം എടുത്തു കൊണ്ട് വന്നു കൊടുത്തു. അയാള്‍ ആ വെള്ളം കുടിച്ചു തലയും തിരുമ്മി കുറച്ചു കഴിഞ്ഞപ്പോ അങ്ങ് പോയി. ഒരു ‘മഹായുദ്ധം’ പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് ആശ്വാസമായി... വെറും ആശ്വാസം അല്ല..ഒരു വല്ലാത്ത ആശ്വാസം. പിന്നീട് ആ ബോള്‍ അത്രയ്ക്ക് കൃത്യമായി അടിച്ച കൂട്ടുകാരന്‍ ‘ജിന്ന്‍’ ആയിരുന്നോ എന്ന് തോന്നിയിട്ടുണ്ട്. കാരണം അന്ന് ആ സ്പോട്ടില്‍ സ്കൂട്ട് ആയ അവനെ പിന്നെ എത്ര നാള്‍ കഴിഞ്ഞാണെന്നോ അവിടെ കണ്ടത്...

          അന്നത്തെ ആ സംഭവത്തില്‍ ഞങ്ങള്‍ക്ക് ലേശം സങ്കടം ഉണ്ടായിരുന്നെങ്കിലും പിന്നെ അത് മാറിക്കിട്ടി. ഇല്ലാത്ത കാരണത്തിന് ഞങ്ങളെ ആ വീട്ടില്‍ നിന്നും പുറത്താക്കുകയും, കള്ളക്കണക്ക് പറയുകയും, പിന്നെ ഒരുപാട് ഗുലുമാല്‍ ഉണ്ടാക്കുകയും ചെയ്തപ്പോള്‍ ഞങ്ങളുടെ ഇടയില്‍ നിന്നും ആ ഡയലോഗ് വന്നു: ” അളിയാ, അന്ന് അറിയാതെയാണ് പറ്റിയതെങ്കിലും ഇപ്പൊ അത് നന്നായി എന്ന് തോന്നുന്നു. കണക്ക് ശരിയായല്ലോ..”

Monday, 16 July 2012

സമദൂരം,ബഹുകേമം


കുറെ നാളായി മനുലോകം പൂരം കഴിഞ്ഞ അമ്പലപ്പറമ്പ് പോലെ ആയിട്ട്. എന്തെങ്കിലും എഴുതാന്‍ തോന്നുന്നുമില്ല, തോന്നിയാല്‍ തന്നെ സമയവും ഇല്ല. അങ്ങനെ ഇരിക്കുമ്പോഴാണ് പിറവം തിരഞ്ഞെടുപ്പും കോലാഹലങ്ങളും ഒക്കെ വന്നത്. ആ ശെല്‍വണ്ണന്‍ ഒരു കണക്കിന് ജയിച്ചു കേരിയപ്പോ കൊറേ പേര് അതിന്റെ ക്രെഡിറ്റ്‌ എടുക്കാന്‍ വന്നെക്കുന്നു. അല്ല ചങ്ങായീ, സഭയും നാടാരും വെള്ലാപ്പള്ളീം ഒക്കെ പറയുന്നു ഞങ്ങള്‍ കാരണമാണ് ലങ്ങേരു ജയിച്ചതെന്ന്. പിന്നെ ആ ‘സമദൂരം’, അത് നമുക്കങ്ങോട്ടു ശ്ശീ പിടിച്ചിരിക്കുന്നു. എന്താ കളി... നടുവിലങ്ങോട്ടു നിന്ന് കൊടുത്താ മതി, ജയിക്കുന്ന പാര്‍ട്ടിയെ മാമാന്നും വിളിച്ചു ഒക്കത്ത് കേറിയിരുന്നു മുള്ലാം. കുറുപ്പ് ആളൊരു പഹയന്‍ തന്നെ. ഈ ഇക്വേഷന്‍ കണ്ടു പിടിച്ചതിനു തീര്‍ച്ചയായും ഒരു അവാര്‍ഡ്‌ കൊടുക്കണം. അല്ല, ഈ കുറുപ്പ് ആര്‍ക്കാ വോട്ട് ചെയ്തെന്നു അയാള്‍ക്കരിയോ ആവോ.? അയാളുടെ കൂടെയുള്ള ബാക്കിയുല്ലോരും മിക്കവാറും ഇടതന്റെയും വലതന്റെയും പടത്തിന്റെ നടുക്കാകും വോട്ട് കുത്തിയിട്ടുണ്ടാകുക. അപ്പൊ, മിക്കവാറും ‘അസാധു’ എന്നാ സാധനം ആയിട്ടുണ്ടാകും. അപ്പോപ്പിന്നെ ഈ വോട്ടൊക്കെ ആരാ ചെയ്തെ..? പോ സൈമാ , ആര് ചെയ്താലെന്താ, നമുക്ക്  ഈ ‘സമദൂരം’ പിടിച്ചു കളിച്ചാ പോരെ.
എന്തായാലും ‘ആചാര്യന്മാര്‍’ വിവാദം ഉണ്ടാക്കാന്‍ മുടുക്കന്മാരാ. ഈ വിവാദം ഉണ്ടാക്കീട്ട് ഇടയില്‍ക്കൂടി പാലം പണിയണ ടീമാ.. നമ്മട അഞ്ചാം മന്ത്രി പ്രശ്നം തന്നെ കാരണം. ന്യായമായി നോക്കുവാനെങ്കില്‍, ഇത്ര തോനെ എം എല്‍ എ മാര്‍ ഉള്ള പാര്‍ട്ടിക്ക് അവകാശപ്പെട്ടത് തന്നെ ആ ഒരു അഞ്ചാം മന്ത്രി. (പക്ഷെ പച്ച ലഡ്ഡു മാത്രം തിന്നുന്ന പഹയന്മാര്‍ അഞ്ചാം മന്ത്രിക്കു വേണ്ടിയല്ല, മറിച്ചു മഞ്ഞളാംകുഴി അലി എന്നാ വ്യക്തിക്കുവേണ്ടി വാദിച്ചു എന്നതാണ് ശരി. എന്നിട്ടെന്തായി, പഷ്ട്ട് സ്ഥാനോം കിട്ടി, ഒള്ള സീറ്റ്‌ പോകേം ചെയ്തു.) അപ്പോളേക്കും, കുറുപ്പ് സട കുടഞ്ഞെഴുന്നേറ്റു. എന്റ പൊന്നോ, എന്തോകെയായിരുന്നു. ഇപ്പൊ ചുളുവിന് ‘സംഘ’ത്തിനു കൊറേ സ്ഥലോം പട്ടയവും കിട്ടിയപ്പോ ഒര്ടെ പ്രഷര്‍ പോയി. ചുരുക്കുപ്പറഞ്ഞാ, പച്ച കാര്‍ഡ്‌ കാണിച്ചു ആളെ പുരതാക്കീട്ടു, ‘മഞ്ഞ’ കാര്‍ഡ്‌ വെച്ചൊരു ഒന്നൊന്നര കളി.
വെള്ളാപ്പള്ളി സാര്‍, അതിനിടക്ക് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്നു എന്നൊക്കെ കേട്ടു. സിമന്റിന് വില കൂടിയത് കൊണ്ടാകും അത് ഉണ്ടാക്കന്ടെന്നു വെച്ചെന്ന് കേട്ടു. അതിനിടയില്‍ വേറൊരു വാര്തെം കേട്ട്, പാര്‍ട്ടി ഉണ്ടാക്കിയാലും ‘സമദൂരം’ തന്നെ കൊണ്ട് നടക്കും ന്ന്. പൊന്നു പൊന്നു പൊന്നു ചങ്ങായെ, പിന്നെന്തിനാടോ ഒരു പാര്‍ട്ടി? ഹാ, നമ്മക്കും കൊത്തിപ്പറിക്കാന്‍ കിട്ടിയ ചാന്‍സ്‌ കളയണോ, അല്ലെ?
എന്തായാലും യു ഡി എഫ മാമന്റെ ഒക്കത്തിരുന്ന് കുറുപ്പും പള്ളിയും കൂടി മുള്ളി നാറ്റിക്കും. മാമന് മിണ്ടാന്‍ പറ്റാത്ത അവസ്ഥയും. പിള്ളാര് ഹൈ-ടെക് ആണേ, പണി പാലുംവെള്ളതില്‍ കിട്ടും. മാമാ, എല്ലാം ഓലപ്പാമ്പ് ആണെന്നേ .മാമന് അത് മനസ്സിലാക്കാനുള്ള ‘പുത്തി’ ഇല്ലാണ്ട് പോയി. എന്ത് ചെയ്യാന്‍... അവര് മുള്ളട്ടെ....
അടിക്കുറിപ്പ്: വെള്ളാപ്പള്ളി സാര്‍ പേര് മാറ്റി വെള്ളയമ്പലം എന്നാക്കാന്‍ പോകുന്നു എന്നും കേള്‍ക്കുന്നു.     


Saturday, 16 June 2012

നിഴല്‍

          
          ഈ നിഴല്‍ എന്റെതാണോ എന്നെനിക്കറിയില്ല. ഞാന്‍ പോകുന്നിടത്തെല്ലാം എന്നെ വെറുതെ പിന്‍തുടരുന്നു. ഒരു പക്ഷെ എന്നോടെന്തോ പറയാനുണ്ടോ? അതോ എന്തോ എന്നില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നോ? പലപ്പോഴും തോന്നിയിട്ടുണ്ട്, എന്നെ ഇത്ര മേല്‍ മനസ്സിലാക്കാന്‍ നിനക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ എന്ന്. നീയല്ലെന്കില്‍ പിന്നെ ആര്‍ക്കാണ് എന്നെ മനസ്സിലാക്കാന്‍ സാധിക്കുക? പലപ്പോഴും ആരവങ്ങളുടെയും വെളിച്ചത്തിന്റെയും ഇടയില്‍ ഞാന്‍ നിന്നെ  മറക്കാറുണ്ട്‌. പക്ഷെ എന്റെ ചുറ്റില്‍ എവിടെയൊക്കെയോ സ്വയം വെളിവാകാതെ നീ ഉണ്ട് എന്നെനിക്കറിയാം. ഇവിടെ ഞാന്‍ തന്നെയാണ് തെറ്റുകാരന്‍. ഒറ്റക്കാകുമ്പോള്‍, ഇരുട്ടിന്റെ മറവില്‍, ഒരുചെറു വിളക്കിന്റെ വെളിച്ചത്തില്‍ നീ എന്റെ ചാരത്തു വന്നിരിക്കും. നീ മാത്രം.. പക്ഷെ പ്രകാശം പറന്നു കണ്ണ് മഞ്ഞളിക്കുമ്പോള്‍ ഞാന്‍ നിന്നെ മറന്നു പോകുന്നു. ഇല്ല, അങ്ങിനെ പറയരുത്. നിന്നെ മറക്കുന്നതല്ലാ.. അതെനിക്ക് കഴിയില്ല. “ഞാന്‍ ഇവിടെയുണ്ട്, നീ എന്നെ ഒന്ന് നോക്കുമോ” എന്ന് ഒരു വാക്ക് ആ രാത്രികളിലെതെങ്കിലും ഒന്നില്‍ നീ പറഞ്ഞിരുന്നെങ്കില്‍, ആ നനുത്ത സുഖമുള്ള, ചെറുവെളിച്ചം കൊണ്ട് അലങ്കരിച്ച ഇടത്തേക് ഞാന്‍ വരുമായിരുന്നു, നിനക്കായ് മാത്രം. ഇരുട്ട് കൂടുമ്പോഴും നീ പോകുന്നില്ല എന്നെനിക്കറിയാം, നീ എന്നിലേക്ക് ചുരുണ്ട് കൂടുന്നതാണ്. അങ്ങിനെ വേറാരുമില്ലാത്ത ലോകത്ത് നാം ഒന്നാകുന്നതാണ്. ഇല്ല.. കൂടുതല്‍ പറയുന്നില്ല... ഇവിടെ, നീ പറഞ്ഞില്ല, ഞാന്‍ അറിഞ്ഞില്ല, അത്ര മാത്രം. ഇപ്പോഴും നിഴല്‍ എന്റെ കൂടെ ഉണ്ട്, ഞാന്‍ നിഴലിന്റെ കൂടെയും. എങ്കിലും ഈ നിഴല്‍ ആരുടെതാണ്..? വിട ചൊല്ലാതെ, ഒന്നും പറയാതെ, എന്റെ ഒപ്പം ഉള്ള, അല്ല എന്റെ ഉള്ളില്‍ ഉള്ള ആ നിഴല്‍ നീയാണോ എന്നേ അറിയേണ്ടൂ...???

Thursday, 22 March 2012

കൂട്ടുകാര്‍ക്ക്....



 ഏതോ വഴികളില്‍ എപ്പൊഴോ കണ്ടവര്‍
ഇന്നെന്‍റെ യാത്രയില്‍ കൂട്ടായവര്‍.
ഈ യാത്ര തീരവേ വഴികള്‍ പിരിയവേ
തിരികെ നടക്കുവാന്‍ ആശിച്ചവര്‍.

അകലുവാനാകില്ലയൊരുനാളുമെങ്കിലും
വാക്കുകള്‍ മുറിയുന്നുവെന്‍ ജീവ വഴിയില്‍.
ചില്ലയിലാടുന്ന പൂക്കളെപ്പോലെ നാം
ഒന്നിച്ചു സ്വപ്‌നങ്ങള്‍ നെയ്തതല്ലേ.

കഴിയില്ലയൊരു മഴക്കാറിനും നമ്മളെ
ഇതളറ്റു വീഴ്ത്തിചിരിച്ചു നില്‍ക്കാന്‍.
ആകില്ല ഞങ്ങള്‍ക്ക് പുഴ പോലെയൊഴുകുന്ന
കണ്ണുനീര്‍ത്തുള്ളിയെ അണ കെട്ടുവാന്‍.

നിളയോടു പറയാതെ നാം നെയ്ത കനവുകള്‍
നെയ്തിട്ടൊരുനാള്‍ നാം വന്നിടേണം.
ഒഴുകാത്ത നിളയുടെ മടിയില്‍ തലവെച്ചു
വീണ്ടുമൊരുവട്ടം മയങ്ങിടേണം.

എന്നെന്നറിയില്ല എങ്കിലുമോര്‍ക്കുക
വെറുതെ കളയുവാനല്ലയീ വാക്കുകള്‍.
ഒന്നിച്ചു നില്‍ക്കുന്ന നമ്മളെ കണ്ടു വന്‍-
ചങ്ങലക്കണ്ണികള്‍ തലതാഴ്ത്തിടേണം.

കൈകള്‍ അകലവേ, കാതങ്ങള്‍ താണ്ടവേ
ഒരുമിച്ചു ഹൃദയം മിടിച്ചിടേണം.
ഇനിയുമൊരു ചെമ്പകം പൂക്കുന്നുവെന്നാലോ
നമ്മളെ കണ്ടുകൊണ്ടായിടേണം.

സമയമായ്‌ പിരിയുവാന്‍, വഴികള്‍ തിരയുവാന്‍
സ്നേഹകലാലയം ഓര്‍മയാകാന്‍.
ആരോ പറയുന്നു വാനങ്ങള്‍ക്കപ്പുറം
കൂട്ടുകാര്‍ നിങ്ങള്‍ പിരിയുകില്ല....”

Tuesday, 10 January 2012

പ്രണയലേഖനം



 ഞാന്‍ അറിയാതെ എന്നെ സ്നേഹിക്കുന്ന നിനക്കായ്, 
          പ്രണയലേഖനങ്ങളുടെ ഭാഷ എനിക്കറിയില്ല. പക്ഷെ, എഴുതാതിരിക്കാന്‍ കഴിയുന്നില്ല. എന്‍റെ ഹൃദയമിടിപ്പ് കൂടുന്നത് നീ എന്നെ കുറിച്ച് ആലോചിക്കുമ്പോള്‍ ആയിരിക്കാം. ഈ ഹൃദയമിടിപ്പ് തുടങ്ങിയിട്ട് നാളുകളായി. അത് നിലയ്ക്കുന്ന കാലത്തോളം കാത്തിരിക്കരുത് നീ. മഞ്ഞു മൂടിയ സ്ഫടികക്കല്ലിലൂടെ നോക്കുന്ന അവ്യക്ത രൂപമാണ് നീ ഇന്നെനിക്ക്. ആ അവ്യക്ത രൂപത്തെ ഞാന്‍ ഇത്രമേല്‍ സ്നേഹിച്ചെങ്കില്‍, നിന്നിലെ പൂര്‍ണ പ്രഭാവത്തെ കാണുന്ന നിമിഷം ലോകമൊക്കെയും എന്‍റെ കണ്ണുകളില്‍ നിറയും.


           നിന്‍റെ പാദസ്വരത്തിന്‍റെ കിലുക്കം കേട്ട് തിരിഞ്ഞു നോക്കിയിട്ടുണ്ട് പലപ്പോഴും. മഴത്തുള്ളിയും പൊയ്കയും കളി പറയുന്നതാണെന്ന് കണ്ടു ചിരിച്ചു. സുറുമയിട്ട നിന്‍റെ മിഴികളില്‍ നോക്കിയിരുന്നിട്ടുണ്ട് പുലരുവോളം, അത് ആകാശത്തെ മിന്നല്‍പ്പിണരുകള്‍ ആണെന്നറിയാതെ. നിന്നോടൊപ്പം കളിച്ചു ചിരിച്ച ദിനരാത്രങ്ങള്‍ക്ക് എണ്ണമില്ല, അതെല്ലാം സ്വയം ജല്‍പ്പനങ്ങള്‍ ആയിരുന്നെങ്കിലും. നിന്‍റെ കാര്‍കൂന്തലുകള്‍ എന്‍റെ മുഖം തലോടിയിരുന്നു, മരത്തിലെ ഉണങ്ങിയ ഇലകള്‍ പൊഴിഞ്ഞു തീരും വരെ.


          ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എങ്കിലും ഉറങ്ങാന്‍ നേരം മനസ്സില്‍ വിരിയുന്ന മുഖം നിന്‍റെ മാത്രമാണ്. നിന്നെക്കുറിച്ചുള്ള ചിന്തകള്‍ ഇല്ലാതെ ഒരു ദിനവും എന്നെ കടന്നു പോയിട്ടില്ല. കാണുന്ന ഭംഗിയുള്ള കാഴ്ചകളും, കേള്‍ക്കുന്ന കുളിരുള്ള വാക്കുകളും നീയാണ്. നിന്നോടുള്ള എന്‍റെ സ്നേഹം എത്രയെന്നു പറയാന്‍ എനിക്കറിയില്ലെങ്കിലും ഒരു കാര്യം ഞാന്‍ പറയാം, മറ്റാരെക്കാളും സ്നേഹിക്കാം നിന്നെ ഞാന്‍. സൗഭാഗ്യങ്ങള്‍ ഒക്കെയും നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും, ദുരിതങ്ങളില്‍ നീ ഒറ്റക്കാകില്ല.


           എന്‍റെ സ്നേഹം എഴുതിത്തീര്‍ക്കാന്‍ കടലാസ്സുകളും മഷിയും മതിയാകില്ല. എന്‍റെ വാക്കുകളും നോക്കുകളും ഞാന്‍ നിനക്ക് വേണ്ടിയാണ് കാത്തു സൂക്ഷിക്കുന്നത്. അതെന്നെ മൗനിയാക്കി. നിനക്ക് വേണ്ടിയുള്ള എന്‍റെ മൗനത്തെ ചിലര്‍ അഹങ്കാരം എന്ന് പറഞ്ഞു. എനിക്ക് അഹങ്കരിക്കാന്‍ കാലം കരുതി വെച്ചത് നീ മാത്രമാണ്. മറകള്‍ ഒക്കെയും നീക്കി എന്‍റെ തുച്ഛജീവിതത്തെ പൂര്‍ത്തിയാക്കാന്‍ വരുന്ന നിന്നെയും കാത്തു ഞാന്‍ ഇരിക്കുന്നു..........


                                                            എന്ന്, 
                                                  നീയറിയാത്ത, നിനക്കറിയാത്ത ഞാന്‍.

Friday, 6 January 2012

മാറാത്ത ഞാന്‍


           
          ബുദ്ധി ഉറക്കാത്ത പ്രായത്തില്‍ ഞാന്‍ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടിരുന്നു. ഈ ലോകം തന്നെ മാറ്റി മറിക്കാം എന്നൊക്കെ. പിന്നെ കുറച്ചു ബുദ്ധി വെച്ചപ്പോള്‍ എനിക്ക് മനസ്സിലായി. ലോകം മാറ്റിമറിക്കാനൊന്നും എന്നെക്കൊണ്ടാകില്ല. പിന്നെ ഞാന്‍ ചിന്തിച്ചു, എങ്കിലും എന്‍റെ രാജ്യത്ത് എന്തെങ്കിലുമൊക്കെ മാറ്റം കൊണ്ട് വരാന്‍ ആകുമല്ലോ എന്ന്. കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ മനസ്സിലായി, എന്‍റെ രാജ്യം നന്നാക്കാനും എന്നെക്കൊണ്ട് കഴിയില്ലെന്ന്. പിന്നെ ചിന്തിച്ചത് എന്‍റെ കുടുംബം ആണ്. അവിടെയും ഞാന്‍ വിചാരിച്ചത് നടന്നില്ല. ഇന്ന് ഞാന്‍ കല്ലറയിലാണ്. ഇപ്പോള്‍ എനിക്ക് ചിന്തിക്കാം..... ഞാന്‍ മറന്നുപോയി, എന്നില്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍,സ്വയം മാറാന്‍..... ഞാന്‍ മാറിയിരുന്നെങ്കില്‍ എന്‍റെ കുടുംബം അത് കണ്ടു മാറിയേനെ. എന്‍റെ കുടുംബം കണ്ടു എന്‍റെ ചുറ്റുമുള്ള ആളുകള്‍ മാറിയേനെ. അങ്ങനെ എന്‍റെ രാജ്യം നന്നായേനെ.... അങ്ങനെ രാജ്യങ്ങള്‍ നന്നായേനെ.... അതോടെ ഈ ലോകം തന്നെ മാറിമറിഞ്ഞേനെ. പക്ഷെ ഇന്ന് ഞാന്‍ ഇല്ല... എല്ലാത്തിനും മൂകസാക്ഷിയായി എവിടെയെന്നറിയാതെ, ഒരില പോലും അനക്കാന്‍ കഴിവില്ലാതെ........

(ഒരു വൈദികന്‍റെ കല്ലറയില്‍ രേഖപ്പെടുത്തിയത്... എവിടെയോ വായിച്ച ഓര്‍മയില്‍, എന്‍റെതായ ചില മാറ്റങ്ങളോടെ സമര്‍പ്പിക്കുന്നത്. ഇതു എന്‍റെ സൃഷ്ട്ടി അല്ല.... അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.)

Friday, 30 December 2011

പൊട്ടക്കിണര്‍



          നീ കാണിച്ചു തന്ന വഴിയെ ഞാന്‍ നടന്നപ്പോള്‍ കണ്ടത് ഒരു പൊട്ടക്കിണര്‍ ആണ്. അതില്‍ വീണ ഞാന്‍ ഒരുപാട് കുഴിച്ചു നോക്കി . അവസാനം അതില്‍ വെള്ളം നിറഞ്ഞു ഞാന്‍ മരിച്ചു. ഒരിറ്റു പോലും സ്നേഹിക്കാതിരുന്നത് നിന്‍റെ തെറ്റ്. ഒരുപാട് സ്നേഹിച്ചത് എന്‍റെ തെറ്റ്...... 

Sunday, 6 November 2011

പൂവ് പഠിപ്പിച്ച പാഠം



          കഴിഞ്ഞ ആഴ്ചകളില്‍  ഒന്നില്‍ മുറ്റത്തെ പൂന്തോട്ടത്തില്‍ വിടര്‍ന്ന പനിനീര്‍ പുഷ്പം ആണ് ഇത്. പണ്ട് മുതലേ എനിക്ക് ചെടിയും പൂന്തോട്ടവുമൊന്നും വലിയ താല്‍പര്യം ഇല്ലാത്തതാണ്. പക്ഷെ എന്തോ ,പെട്ടെന്നൊരു ദിവസം അത് വരെ കാണാത്തൊരു ഭംഗി മുറ്റത്ത്‌ കണ്ടു. നല്ല ചുവന്നു തുടുത്ത ഒരു റോസാപ്പൂ. കുറെ നേരം അതിന്റെ ഭംഗി നോക്കി നിന്നു. ചെടിയില്‍ ആകെ ആ ഒരു പൂ മാത്രമേ ഉള്ളു. മണം തീരെ ഇല്ല ..അല്ലെങ്കിലും പനിനീര്‍ പുഷ്പ്പത്തിന്റെ പ്രത്യേകത അതാണല്ലോ. ബാക്കിയുള്ള പൂവുകള്‍ നിറവും മണവും എല്ലാം കൊണ്ടും നമ്മെ ആകര്‍ഷിക്കുമ്പോള്‍ ഭംഗി മാത്രം ആഭരണമാക്കുന്നവളാണല്ലോ ‘പ്രണയപുഷ്പം’. അതിന്റെ ഭംഗി കൊണ്ട് തന്നെ ഞാന്‍ അപ്പോള്‍ത്തന്നെ മൊബൈലിലെ കാമറയില്‍ ചിത്രം പകര്‍ത്തി. 

          പിന്നെ ഞാന്‍ ദിവസവും രാവിലെ അന്വേഷിക്കുന്ന കാര്യങ്ങളില്‍ ആ പൂവും ഉണ്ടായിരുന്നു.. വെയിലത്ത്‌ വാടുമെന്നു വിചാരിചെന്കിലും അതിന്റെ ചുവപ്പ് നിറം വെയിലിനെ നിഷ്പ്രഭാമാക്കിയെന്നു തോന്നി. മഴ പെയ്യുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. മഴത്തുള്ളികള്‍ പെയ്യുമ്പോള്‍ നമ്മള്‍ തണുത്തു വിറയ്ക്കുന്ന പോലെ അതും വിറക്കുന്നുണ്ടായിരുന്നു. തന്നില്‍ വിടര്‍ന്ന ഒരേ ഒരു പൂവ് അടര്‍ന്നു പോകുമോ എന്ന് ചെടി ഭയക്കുന്നുണ്ടാകും. അത് കൊണ്ടാകും വികൃതി പിള്ളാരെ ഒഴിവാക്കാന്‍ മുള്ളുകളും ദേഹത്ത് പതിച്ചു അത് നില്‍ക്കുന്നത്. മഴ പോയപ്പോള്‍ പിറകെ കാറ്റ് വന്നു. രണ്ടു പേരും കൂട്ടുകാരാണല്ലോ. കാറ്റ് സര്‍വശക്തിയും എടുത്തു പൂവിന്റെ അടുത്ത് ചെന്നു. പേടിച്ചരണ്ട പേടമാനെപ്പോലെ ആ പൂവ് അകന്നകന്നു പോയി. പൂവ് പതുക്കെ മതിലിന്റെ ഒരരികില്‍ ചേര്‍ന്ന് നിന്നു.അങ്ങനെ പൂവ് അതിന്റെ സൗന്ദര്യവും വിടര്‍ത്തി നിന്നു കുറച്ചു നാള്‍. ഒരു റോസാപ്പൂ ഇത്രയും നാളൊക്കെ  നില്‍ക്കുമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.

          പക്ഷെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. പൂവിന്റെ നിറം കടുത്ത് കടുത്ത് അല്പം കരിനിറം ആയിട്ടുണ്ട്‌. പതുക്കെ പതുക്കെ എല്ലാ ഇതളുകളും വാടിക്കരിഞ്ഞു. പക്ഷെ എന്നിട്ടും ഇതളുകള്‍ ഒന്നും വേര്‍പെട്ടില്ല. അന്നത്തെ രാത്രിമഴ പെയ്തപ്പോള്‍ ചെടി ഒരുപാട് പേടിച്ചിട്ടുണ്ടാകും. മതിലിന്റെ അരികു ചേര്‍ന്നിട്ടും ഫലമുണ്ടായിക്കാണില്ല. രാവിലെ എഴുന്നേറ്റു നോക്കിയപ്പോള്‍ ചെടി വിഷാദം കൊണ്ടാണോ എന്നറിയില്ല. തല താഴ്ത്തി അനങ്ങാതെ ഇരിക്കുന്നു. പൂവില്ല...നോക്കിയപ്പോള്‍ ഇതളുകള്‍ അവിടവിടെയായി കിടക്കുന്നുണ്ട്.... താഴെ നനവ്‌ പടര്‍ത്തിയത് മഴയോ അതോ ചെടിയുടെ കണ്ണുനീരോ എന്നറിയില്ല....

          പനിനീര്‍പ്പൂവിനെ ആലോചിക്കുമ്പോള്‍ ഇപ്പൊ എന്റെ മനസ്സില്‍ മിന്നി മായുന്നത് എന്‍റെ ജീവിതമാണ്. കാറ്റും വെയിലും ഉലക്കാതെ ആരൊക്കെയോ എന്നെ കാത്തു സൂക്ഷിച്ചു. ഇനി വാടിക്കൊഴിഞ്ഞു വീഴുന്നതെന്നാണ് എന്ന് അറിയില്ല. മാതൃത്വം എന്തെന്ന് എനിക്ക് ദൈവം കാണിച്ചു തന്നതാണോ ആ ചെടിയിലൂടെ? ആര്‍ക്കെങ്കിലുമൊക്കെ സന്തോഷം നല്‍കാന്‍ കഴിഞ്ഞെങ്കില്‍ ആ പനിനീര്‍പ്പൂവോളം എങ്കിലും എത്താന്‍ പറ്റിയെങ്കില്‍. ഇന്ന് ആ ചെടിയില്‍ പുതിയൊരു മൊട്ട് ഇട്ടിട്ടുണ്ട്. വിരഹവേദനകള്‍ നല്‍കാനാണ് വിരിയുന്നത് എന്നറിഞ്ഞിട്ടും ചെടി ഇപ്പോഴും പൂവിനെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തുന്നു. ഒരു വെയിലും, ഒരു കാറ്റും പൂവിനെ സ്പര്ഷിക്കാതിരിക്കാന്‍. സ്വന്തം ദേഹത്ത് മുള്ളുകള്‍ നിറച്ചു പൂവിനെ സംരക്ഷിച്ചു കൊണ്ട് ഇപ്പോഴും ആ ചെടി അവിടെത്തന്നെയുണ്ട്... അതെ, ഒരു പൂവ് എനിക്ക് പഠിപ്പിച്ചു തന്ന പാഠം ആണിത്...
 “ഒരു പനിനീര്‍പ്പൂവാണ്  എന്‍റെ ഈ ജന്മം.....”   

Sunday, 30 October 2011

അതെന്താ സാധനം??



          വെറുതെ ഇരുന്നു മടുത്തപ്പോ ഒന്ന് ടീവി വെച്ച് നോക്കിയതാ . അപ്പൊ വാര്‍ത്താ ചാനലുകളിലെല്ലാം വാര്‍ത്ത‍ F1 റേസിനെ കുറിച്ചാണ്. അല്ലെങ്കിലും ഭാരതത്തില്‍ ആദ്യമായല്ലേ ഈ കായിക മാമാങ്കം നടക്കുന്നത്..ആഘോഷിക്കാതെ പറ്റില്ലല്ലോ. കുറെ നേരം നോക്കിയിരുന്നു. ‘ബ്രൂം....ബ്രൂം....’ ശബ്ദം വണ്ടിയുടെതാണ് എന്നല്ലാതെ ഒരു കുന്തവും എനിക്ക് മനസ്സിലായില്ല. ഓട്ടമത്സരം ആണെന്നറിയാം. അപ്പൊ ആദ്യം എത്തുന്ന ആള്‍ ജയിക്കും. അതുമറിയാം. പക്ഷെ എത്ര നോക്കിയിരുന്നിട്ടും ഈ കളിയുടെ ‘ലത്’ അങ്ങോട്ട്‌ മനസ്സിലാകുന്നില്ല. സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ല. കളിക്കാരെ അറിയില്ല, കളി എങ്ങനെയെന്നറിയില്ല, എന്താ സമ്മാനം എന്നറിയില്ല, പോട്ടെ ഈ വണ്ടിയൊക്കെ ഓടിക്കാന്‍ പെട്രോളോ ഡീസലോ അതോ ഇനി വേറെ എന്തെങ്കിലും സാധനമാണോ ഒഴിക്കുന്നത് എന്ന് പോലും എനിക്കറിയില്ല. പക്ഷെ ഒന്നറിയാം. “ഇതൊക്കെ വെറുതെയാണ്....”

          ഇത് പട്ടിണിപ്പാവങ്ങളുടെ ഇന്ത്യയില്‍ കളിക്കാന്‍ പറ്റിയ കളിയാണോ എന്ന് ചിന്തിക്കണം. ഏറ്റവും ചുരുങ്ങിയ ടിക്കറ്റ്‌ നിരക്ക് 2500 രൂപയിലാണ്. പിന്നെ ‘ഐസ് പെട്ടി’യുടെ ഉള്ളിരുന്നു കാണാന്‍ ലക്ഷങ്ങളും കോടികളും ഒക്കെ കൊടുക്കാം. ഇപ്പൊ മനസ്സിലായില്ലേ ഇതിന്‍റെ ഏഴയലത്ത് പോലും എത്താന്‍ നമ്മളെ പോലുള്ള സാധാരണക്കാര്‍ക്ക് പറ്റില്ലെന്ന്. പണമുള്ളവര്‍ എന്ത് വേണമെങ്കിലും കാണിച്ചോട്ടെ എന്ന് വേണമെങ്കില്‍ വിചാരിക്കാം. പക്ഷെ അപ്പോഴും പ്രശ്നം ഉണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ബുദ്ധ സര്‍ക്യുട്ട് നോയിഡയില്‍ ആണ്. ഈ വണ്ടികള്‍ക്കൊക്കെ കുതിച്ചു പായാന്‍ ‘ഇച്ചിരി’ സ്ഥലം ഒന്നും പോരല്ലോ. ഇക്കണ്ട സ്ഥലം ഒക്കെ ഏറ്റെടുത്തത് അവിടുത്തെ പാവപ്പെട്ട കര്‍ഷകരില്‍ നിന്നാണ്. വെട്ടിപ്പിടിച്ചതോന്നുമല്ലല്ലോ ,ഏറ്റെടുത്തതല്ലേ എന്ന് ചോദിക്കാന്‍ വരട്ടെ. വിപണിയിലെ ന്യായ വിലയില്‍ നിന്നും എത്രയോ താഴെ വിലക്കാണ് ഈ ഏറ്റെടുക്കല്‍. ചുരുക്കിപ്പറഞ്ഞാല്‍ “ജയ്‌ ജവാന്‍, ജയ് കിസാന്‍” എന്നാ മുദ്രാവാക്യത്തിലെ കിസാന്മാരെ അങ്ങോട്ട്‌ ass ആക്കിക്കളഞ്ഞു
 
          32 രൂപയെങ്ങാന്‍ സമ്പാദിച്ചു പോയാല്‍ ദാരിദ്ര്യ രേഖക്ക് മുകളിലാവുന്ന നാടാണ് നമ്മുടെ. 33 രൂപയുണ്ടെങ്കില്‍ ബിര്‍ള ആകാമല്ലോ!! തങ്ങള്‍ക്കു ന്യായ വില കിട്ടിയില്ലെങ്കില്‍ ട്രാക്ക്‌ കുത്തി പൊളിക്കും എന്നാണ് കര്‍ഷകര്‍ പറഞ്ഞിരിക്കുന്നത്. കൊള്ളാം..വിപ്ലവം ജയിക്കട്ടെ. കാര്യം ഇതൊക്കെയാണെങ്കിലും കളി കാണാന്‍ വരുന്നവര്‍ ചില്ലറക്കാരല്ല. ബോളിവുഡും ഇന്ത്യന്‍ ക്രിക്കറ്റും അടക്കി ഭരിക്കുന്നവര്‍ വരുന്നുണ്ട് കളി കാണാന്‍. സച്ചിനാണ് കൊടി വീശി വണ്ടിയൊക്കെ നിറുത്താന്‍ പോകുന്നത്. എന്തായാലും കായിക മന്ത്രി വെട്ടിത്തുറന്നു പറഞ്ഞു കഴിഞ്ഞു ഇതുകൊണ്ട് രാജ്യത്തിന് ഗുണമൊന്നും ഇല്ലെന്ന്. പണം ഒരുപാടുള്ള രാജ്യങ്ങള്‍ കാട്ടിക്കൂട്ടുന്നത് കണ്ടു പട്ടിണിയും പരവട്ടവും ഉള്ളവരുള്ള നമ്മുടെ രാജ്യം ഇതെങ്ങോട്ടാ? ആന വാ പൊളിക്കുന്നത് കണ്ടു അണ്ണാന്‍ വാ പൊളിക്കാമോ...!!! 
 
            ആഹ് ,എന്തെങ്കിലും ആകട്ടെ. എന്നാലും പിന്നേം ഒരു സംശയം. ഇത്രേം കിടിലന്‍ വണ്ടികള്‍ പതിയെ ഒന്നുമല്ലല്ലോ പോകുന്നത്. ‘ഫ്രൂം...’ എന്നും പറഞ്ഞു പോകൂലെ... മുകേഷ്‌ ഏതോ പടത്തില് പറഞ്ഞ പോലെ ‘ഒരു മിന്നായം പോ....ലെ” കാണാന്‍ വേണ്ടിയാണോ ഇവന്മാര് ഈ പൈസയൊക്കെ മുടക്കുന്നത്... പിരാന്ത്.. അല്ലാതെന്താ... മത്സരിക്കുന്ന ഇന്ത്യക്കാരുടെ കാര്യം ഞാന്‍ പറയുന്നില്ല... എന്തിനാ ഞാനായിട്ട് വെറുതെ, ഞാന്‍ രാജ്യസ്നേഹിയാണ്.

(
ഇത് വായിക്കുന്നവരില്‍ ചിലരും എന്നെപ്പോലെ തന്നെയാണെന്ന് വിശ്വസിക്കുന്നു. ഒന്നും അറിയില്ലല്ലോ അല്ലെ..??)

Saturday, 22 October 2011

സൂപ്പര്‍സ്റ്റാര്‍ സന്തോഷ്‌


          സന്തോഷിന്‍റെ ടൈം ആണ് ബെസ്റ്റ്‌ ടൈം. പറഞ്ഞു വരുന്നത് സന്തോഷ്‌ പണ്ഡിറ്റിന്റെ കാര്യമാണ്. സില്‍സില ആല്‍ബം ഇറങ്ങിയപ്പോ നമ്മളാരെങ്കിലും വിചാരിച്ചോ ഇതിയാന്‍ ഒരു ഫുള്‍ പടവും കൊണ്ട് അവതരിക്കുമെന്ന്... ഇദ്ദേഹത്തിന്‍റെ ജനപ്രീതി അറിയണമെങ്കില്‍ യൂടൂബിലെ ‘സില്‍സില’ ക്ക് വന്നിരിക്കുന്ന കമന്റുകള്‍ നോക്കിയാല്‍ മതി. എന്തൊക്കെ തരം തെറിയാണ് അനര്‍ഗ നിര്‍ഗളം ആയി പ്രവഹിക്കുന്നത്. ഇതില്‍ പലതും നമ്മള്‍ മുന്‍പ് കേട്ടിട്ടേ ഉണ്ടാകില്ല. എന്തായാലും ഇപ്പൊ കൈരളിയുടെ ചര്‍ച്ചാവിഷയം ‘കൃഷ്ണനും രാധയും’ ആണ്....

          ചില സൂപ്പര്‍സ്റ്റാര്‍ പടങ്ങളുടെത് പോലെ ട്രെയിലര്‍ ഒക്കെ കുറേക്കാലം മുമ്പേ ഇറങ്ങി. പടം ഇപ്പൊ ഇറങ്ങും എന്ന് വിചാരിച്ചിരുന്നവരെ കുറെ കാത്തിരുപ്പിച്ചു ‘സന്തോഷി’. അവസാനം പടം ഇറങ്ങിയപ്പോ ‘ഹൗസ്ഫുള്‍ ‘ പോലും!!! മനോരമ ന്യൂസില്‍ പടത്തിന്റെ റിപ്പോര്‍ട്ട്‌ കണ്ടപ്പോ സത്യം പറയാലോ, ആകെ വണ്ടറടിച്ചു പോയി . എന്താ ജനക്കൂട്ടം...അവന്‍റെ പടം എന്റെ പട്ടി കാണും എന്ന് പറഞ്ഞവരൊക്കെ പടം കാണണം എന്നു പറഞ്ഞു നടക്കുന്നു. ഡയലോഗ് എല്ലാം ഹിറ്റ്‌ ആയി.. കിറുങ്ങി പോകുന്ന ഡയലോഗുകള്‍. ആകെ വിരലിലെണ്ണാവുന്ന തിയേറ്റര്‍കളില്‍ മാത്രമേ പടം വന്നുള്ളൂ എങ്കിലും അവിടെയൊക്കെ ഫുള്‍ ആണെങ്കില്‍ അതില്‍ പരം സന്തോഷം വേറെയുണ്ടോ സന്തോഷ്‌ അണ്ണന് ??
അതിനിടയില്‍ കൈരളി വി ചാനലില്‍ ഒരു അഭിമുഖം വന്നു ആശാന്‍റെ . ‘being honest’ ഞാന്‍ പറയട്ടെ,സഹതാപം ആണ് തോന്നിയത്.. അണ്ണന് മൂന്നു വീടുണ്ട് പോലും. അതില്‍ ഒന്ന് വിറ്റിട്ടാണ് ഈ ‘സാഹസത്തിനു’ മുതിര്‍ന്നത്. ആദ്യത്തെ ‘സില്‍സില’യും പിന്നെ പടത്തിന്റെ ഒരു മാതിരി ട്രെയിലറും കണ്ടപ്പോ അതിയാനെ എന്തൊക്കെ വിളിച്ചതാ.. പക്ഷെ ആ അഭിമുഖം കണ്ടപ്പോ സത്യം മനസ്സിലായി... എന്ത്?? പടം എടുക്കുമ്പോഴത്തെ മാത്രം പ്രശ്നം അല്ല, മറിച്ച് അയാള്‍ ഫുള്‍ അങ്ങനെ തന്നെ ആണെന്ന്. നമ്മുടെ നാട്ടുമ്പുറങ്ങളില്‍ പറയും “അവന്‍ ഒരു കഥയില്ലാത്ത ചെക്കനാ” എന്ന്. അത് തന്നെയാ ഇവിടുത്തെ പോയന്‍റ് . അഭിമുഖം നടത്തിയവന്‍ എന്തൊക്കെ തരത്തില്‍ കളിയാക്കിയിട്ടും അയാള്‍ക്ക്‌ അതൊന്നും കളിയാക്കുന്നത് ആണെന്ന് വരെ മനസ്സിലായില്ല...

          ഇങ്ങേരുടെ വീഡിയോ കാണുമ്പോഴെല്ലാം ചൊറിഞ്ഞു വരുന്നുണ്ടെങ്കിലും തല്‍കാലം സഹിക്കുക തന്നെ. വീട് വിറ്റ് ഇങ്ങനെ കലയെ സ്നേഹിക്കുന്ന ഒരാളെ കണ്ടില്ലെന്നു നടിക്കാമോ... എന്നാലും ഇത് വല്ലാത്ത ‘കല’ച്ചതി ആയിപ്പോയി. പടം റിലീസ്‌ ആയിക്കഴിഞ്ഞാല്‍ കല്യാണം കഴിക്കുമെന്നും ആശാന്‍ പറഞ്ഞിട്ടുണ്ട്. പാവം കഴിച്ചോട്ടെ... പടം കണ്ട വല്ല പെണ്‍കുട്ടിയോ അതോ കാണാത്ത ഏതെന്കിലും ഒരുത്തിയാകുമോ ‘ഇര’ എന്നത് മാത്രമാണ് ചോദ്യം... അതായത്‌ കുരുവീ, മരണം suicide ആണോ അതോ വഴിയിലൂടെ പോകുമ്പോള്‍ തേങ്ങ തലയില്‍ വീണാണോ എന്ന്....യേത്????

നാള്‍വഴികള്‍...



ആദ്യമേ പറഞ്ഞു കൊള്ളട്ടെ, ഇത് ഗദ്യം ആണോ അതോ പദ്യം ആണോ എന്നെനിക്കറിയില്ല . എന്ത് തന്നെ ആയാലും ഇത് എന്റെ മനസ്സില്‍ തോന്നിയ ചില ‘വിജിലംബിച്ച ‘ ചിന്തകള്‍ മാത്രം...
 
എവിടെയോ വായിച്ചതാണോ അതോ ആരോ പറഞ്ഞതാണോ...ഓര്‍മയില്ല ,
ഹൃദയം പറയുന്നത് കേള്‍ക്കൂ, എങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് നേടും എന്ന്...
വാക്കുകള്‍ക്കു മധുരം ഉണ്ട്, ജീവന്‍ ഉണ്ട്...
പക്ഷെ സത്യം മാത്രം ഇല്ല.....
ഞാന്‍ ഒരുപാട് കാതോര്‍ത്തു, എന്റെ ഹൃദയം പറയുന്നത് കേള്‍ക്കാന്‍....
ഹൃദയം പറഞ്ഞു കൊണ്ടേയിരുന്നു...
ഞാന്‍ അതെല്ലാം കേട്ടു, കാരണം ‘നീ ആഗ്രഹിക്കുന്നത് നേടും’ എന്നാ വാക്കുകള്‍ എന്നെ വല്ലാതെ കീഴ്പ്പെടുത്തി കളഞ്ഞു...
ഞാന്‍ കണ്ട മനോഹരമായ കാഴ്ചകള്‍ സ്വപ്നങ്ങളില്‍ മാത്രം ഒതുങ്ങുമെന്ന് എന്നോട് ഹൃദയം സ്വകാര്യം പറഞ്ഞോ?
ശരിയാണ്, ഞാന്‍ കണ്ടതെല്ലാം അതിമനോഹരങ്ങള്‍ ആയിരുന്നു...
രാത്രിമഴയില്‍ ആകാശത്ത് തിളങ്ങുന്ന അമ്പിളി,
ഹൃദയം പറഞ്ഞു ‘നിനക്ക് ഭ്രാന്താണ്...’
ശരിയാണ്... എനിക്ക് ഭ്രാന്താണ്... എന്തിനോ വേണ്ടിയുള്ള ഭ്രാന്ത്...
എന്തിനു വേണ്ടിയെന്ന് ഹൃദയത്തിനും അറിയാം...
പക്ഷെ ഇരുമ്പ് ചങ്ങലകള്‍ കൊണ്ട് എന്റെ ഹൃദയം ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു...

എന്നിട്ടും ഞാന്‍ ഹൃദയത്തെ പിന്തുടര്‍ന്നു...
കവി വാക്കുകളും ചിന്തകളും കടലാസ്സില്‍ മാത്രമേ അലങ്കാരമാകൂ എന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു....
സത്യത്തില്‍ വേദനകളല്ലേ അത് നല്‍കിയുള്ളൂ..??
ഒരുപാട് ദൂരം പോയി...
സ്വപ്നങ്ങളെ പിന്തുടര്‍ന്നു...
അവസാനം ‘അത് നിനക്കുള്ളതല്ല’ എന്ന് വിധിയെഴുത്തും വന്നു...
നിങ്ങള്‍ ഞാനാകുന്ന ചെടിക്ക് വെള്ളം ഒഴിച്ചു ...
ഞാന്‍ ,അറിയാതെ നിങ്ങളെ വിശ്വസിച്ചു...
അത് എന്നിലെ ആശകളെ കരിച്ചു കളയാനുള്ള ചൂടുവെള്ളം ആണെന്ന് അറിയാന്‍ വൈകി...

ഇനി തിരിച്ചു നടക്കാന്‍ വയ്യ...
കളിയാക്കാന്‍ ഇരിക്കുന്ന ലോകത്തോട് ചിരിക്കാനും വയ്യ...
വേണ്ടായിരുന്നു ഈ നടത്തം...
സ്വപ്നത്തിലേക്കുള്ള നടത്തം...
പാദ മുദ്രകളെല്ലാം ഏതോ തിരമാലകള്‍ മായ്ച്ചു കളഞ്ഞു...
ഉതിര്‍ന്നു വീണ വിയര്‍പ്പ് തുള്ളികള്‍ വീണ പാടെ നീരാവിയായി മാഞ്ഞുപോയി ...
വഴി പറഞ്ഞു തന്നവരെല്ലാം ‘സ്വന്തം’ വഴി തേടിപ്പോയി...
ഏകനായത്തില്‍ ഞാന്‍ സങ്കടപ്പെടുന്നില്ല...
പക്ഷെ ഞാന്‍ പിന്തുടര്‍ന്നു വന്ന എന്റെ ഹൃദയം....അതെവിടെ..???
എനിക്ക് വേണം....
ഇനി വേണം ഈ തീയില്‍ വെന്തുരുകാന്‍...
ഹൃദയവും അതില്‍ വെണ്ണീറാകട്ടെ ...

വെന്തുരുകും നേരം പറയാന്‍ ഒന്നേയുള്ളൂ...
വേണ്ട, ഹൃദയത്തിനു ചെവി കൊടുക്കണ്ടാ...
മരിക്കണ്ടാ, ഒരുപാട് വട്ടം....
ഓര്‍മകള്‍ക്ക്‌ ഒപ്പം ഒരേ ഒരു മരണം... അതേ വേണ്ടൂ.....
അതേ വേണ്ടൂ...........................................

Sunday, 2 October 2011

ഹൃദയത്തിന്‍റെ ഹൃദയമേ....



ഇരുളിന്‍ പുതപ്പണിഞ്ഞ രാത്രികളൊന്നും എന്നോട് പറഞ്ഞില്ല ,
ഇത്തിരിവെട്ടത്തില്‍ തിളങ്ങുന്ന നക്ഷത്രക്കുഞ്ഞുങ്ങളും എന്നോട് പറഞ്ഞില്ല,
എന്നിട്ടും ഞാന്‍ തേടി നടന്നു,
എന്നിലെ ജീവന്‍റെ കണികയെ തേടി....

പകലുകളില്‍ നിന്നിലെ പ്രകാശ സൗന്ദര്യത്തെ ഞാന്‍ കണ്ടു,
രാവുകളില്‍ നിന്നിലെ ഹൃദയ മൂകത ഞാന്‍ കണ്ടു,
എന്നിട്ടുമെന്തേ നിന്നിലേക്കുള്ള വഴികള്‍ അതിരുകള്‍ കാണിക്കുന്നില്ല,
എന്നിട്ടുമെന്തേ എന്നോടിത്തിരി പോലും അലിവു കാണിക്കുന്നില്ല.....

വഴികളിലെവിടെയോ ഞാന്‍ ദാഹജലം കണ്ടു,
എങ്കിലുമെന്‍ ജീവനേ, നിന്നോടുള്ള ദാഹമായിരുന്നെനിക്കേറെ...
കല്ലുകളും മുള്ളുകളും എന്നെ നോവിച്ചില്ല,
കാരണമെന്‍ ഹൃദയമേ, നിന്നോടുള്ള ദാഹമായിരുന്നെനിക്കേറെ...

എന്നിട്ടുമെന്തേ എന്‍ പനിനീര്‍ പുഷ്പമേ,
ഞാനെത്തും മുന്‍പേ വിരിഞ്ഞു നീ...?
ഏതോ പൂങ്കാവനത്തില്‍ സൗരഭം പൊഴിച്ചു നീ വിരിയുമ്പോള്‍ ‍,
വരണ്ട ഭൂവില്‍ ഏകാന്തനായി നില്‍ക്കയാണീ പഥികന്‍ ...

പിന്‍തിരിഞ്ഞു നടന്ന വഴികളിലെവിടെയും കണ്ടില്ല ഞാന്‍ ഒരിറ്റു ദാഹജലം,
കണ്ടതെല്ലാം ഓര്‍മ്മകള്‍ വെന്തുരുകിയ ശ്മശാനങ്ങള്‍ മാത്രം...
കല്ലുകളിലേതിലോ തട്ടി ഹൃദയം മുറിഞ്ഞു,
നടന്നു ഞാന്‍ ആരും കാണാതെ, നിലാവൊഴിഞ്ഞ ആകാശത്തേക്ക്...

നിന്‍ സൗരഭ്യമില്ലാത്ത പൂങ്കാവനം,
ഇന്നെനിക്കത്‌ വെറും വൈക്കോല്‍ കൂനകള്‍ മാത്രം....
നിന്നിലലിയാത്ത ഞാന്‍ ‍, ഇന്നെന്നെ തന്നെ അറിയാത്ത ഞാന്‍ ...
കാലത്തിന്‍റെ കനിവും കാത്ത് അലയുന്ന ഞാന്‍ ...

എങ്കിലുമെന്‍റെ സ്വര്‍ണ പുഷ്പമേ, നീ പടര്‍ത്തിയ നറുമണം,
അതിന്‍റെ ചിറകിലെ കാറ്റിലാണ് ഞാന്‍ നിദ്രയെ തേടുന്നത്...
എങ്കിലുമെന്‍റെ ഹൃദയത്തിന്‍റെ ഹൃദയമേ, ഇന്നു ഞാന്‍ തിരിച്ചറിയുന്നു,
നീ ആയിരുന്നെന്‍റെ ജീവന്‍റെ ജീവനെന്ന്....
നീ ആയിരുന്നു എന്നിലെ ഞാനെന്ന്...........

Wednesday, 28 September 2011

എന്നാലും എന്റെ സര്‍ക്കാരെ....





           ജനങ്ങള്‍ക്ക്‌ നേരെയുള്ള സര്‍ക്കാരിന്റെ കുതിര കേറ്റം അല്പം അതിര് കടക്കുന്നില്ലേന്നൊരു സംശയം.. അല്ല ,സംശയം അല്ല..കടക്കുന്നുണ്ട്,കുറച്ചൊന്നുമല്ല.. ഇതൊരു മാതിരി മറ്റേടത്തെ നിയന്ത്രണം ആയിപ്പോയി. അല്ലെങ്കിലും കണ്ണീചോരയുള്ള ആരെങ്കിലും ചെയ്യുന്ന പണിയാണോ ഇത്..? നമ്മള്‍ യുവാക്കളുടെ കൂടെപ്പിറപ്പായ SMS നു പരിധി വെച്ചിരിക്കുന്നു. അല്ലാ, എന്താത്? വെള്ളരിക്കാ പട്ടണമോ ..?? ഒന്നുമില്ലെങ്കിലും ഇത് വരെ മൊബൈല്‍ കമ്പനിക്കാരെ അകമഴിച്ചു സഹായിച്ച കമിതാക്കളെ എങ്കിലും ഓര്‍ക്കണ്ടേ .. യൂത്തിനാകെ ഭ്രാന്തു പിടിച്ച മട്ടാണ്.  ഇങ്ങനെയൊരു ഇരുട്ടടി ആരും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. ആദ്യ വാര്‍ത്ത‍ കേട്ടപ്പോ പലര്‍ക്കും വിശ്വാസം ആയില്ല. കൂട്ടുകാരെ ഒക്കെ വിളിച്ചു നോക്കി ഉറപ്പിച്ചു. ഇനി മുതല്‍ മെസ്സേജ് ഓഫര്‍ ഒന്നും ഇല്ലെന്നു അറിഞ്ഞതോടെ എല്ലാം പൂര്‍ത്തിയായി.
        
          ബള്‍ക്ക് മെസ്സജിങ്ങും പിന്നെ മാര്‍ക്കറ്റിംഗ് മെസ്സജിങ്ങും ഒക്കെ തടയാനാനെന്നാണ് സര്‍ക്കാര്‍ പറയുന്നത്. പഷ്ട്.... എന്നാലും എന്റെ സര്‍ക്കാരെ , ഞങ്ങളോടിത് വേണ്ടായിരുന്നു. ഇതില്‍ ഏറ്റവും കൂടുതല്‍ വിഷമിക്കുന്നത് ആരായിരിക്കും. സംശയം വേണ്ടല്ലോ... പ്രണയത്തിന്റെ പനിനീര്‍ പുഷ്പങ്ങള്‍ മെസ്സജുകളിലൂടെ കൈമാറിയിരുന്നവര്‍ക്ക് ഇനി മുതല്‍ പാഴ്സല്‍ തന്നെ ആശ്രയം. പണ്ടത്തെ പോലെയല്ല ,കോള്‍ ചെയ്യാനൊക്കെ ഇപ്പൊ പൈസ കുറവാ. പക്ഷെ SMS നു ചില ഗുണങ്ങള്‍ ഉണ്ട്. രാത്രിയില്‍ ശബ്ദം ഉണ്ടാക്കാതെ , മാതാപിതാക്കള്‍ അറിയാതെ(അവരെ ശല്യപ്പെടുത്താതെ എന്ന് 'സ്നേഹമുള്ളവര്‍' പറയും) EYE ഉം LIVER ഉം കൈമാറുന്നതിന് വേറെ എന്താ വഴി. ഓ, അതിനിപ്പോ എന്താ? 100 എണ്ണം അയക്കാമല്ലോ എന്ന് ചിലര്‍ പറയും. പക്ഷെ ഒരു 'ശുഭരാത്രി' പറയാന്‍ തന്നെ 100 മെസ്സേജ് ആകും. അതാണ്‌ ഈ രോഗത്തിന്റെ പ്രശ്നം. പിന്നെ ചില കൂട്ടരുണ്ട്. 'GOOD MORNING ' ,'GOOD AFTERNOON ", 'GOOD EVENING ','GOOD NIGHT' എന്നിവ മുറ തെറ്റാതെ ആയിരവും രണ്ടായിരവും ആളുകള്‍ക്ക് അയക്കുന്ന 'ശല്യങ്ങള്‍'. SMS  നിയന്ത്രിച്ച വാര്‍ത്ത കേട്ട ഉടനെ "ആ ചെറ്റകള്‍ക്ക് അങ്ങനെ തന്നെ വേണം " എന്ന് ആഗ്രഹിച്ചവരെ കുറ്റം പറയാന്‍ ഒക്കില്ല. അങ്ങനെ നോക്കുമ്പോള്‍ അത് നല്ല കാര്യം. എന്നാലും എന്തോ ഒരു 'വൈക്ലബ്യം' അനുഭവപ്പെടുന്നുണ്ട് എല്ലാ യൂത്തിനും.          

          ഇനി മെസ്സജുകള്‍ 100 എണ്ണത്തില്‍ എങ്ങനെ ഒതുക്കാം എന്ന് ചിന്തിക്കേണ്ടി വരും.'TWITTER'ല്‍ 144 അക്ഷരങ്ങളില്‍ 'എല്ലാം ഒതുക്കാന്‍' ശീലിച്ചവര്‍ക്ക് വലിയ പ്രശ്നം ഉണ്ടാവില്ല. പക്ഷെ മെസ്സേജ് ഓഫര്‍ ഉണ്ടല്ലോ എന്നാ അഹംഭാവത്തില്‍ നീട്ടിപ്പരത്തി അയച്ചിരുന്നവര്‍ ഭഗീരഥ പ്രയത്നം തന്നെ നടത്തേണ്ടി വരും. എന്തായാലും ഇത് വരെ കാത്തു സൂക്ഷിച്ച SMS മാമ്പഴം TRAI  കാക്ക കൊത്തിപ്പോയി. ഒരു സിമ്മില്‍ നിന്നാണല്ലോ 100 എണ്ണം മാത്രം എന്നാ നിയന്ത്രണം. അത് കൊണ്ട് തന്നെ SMS ദേവന്മാര്‍ ഇപ്പൊ തന്നെ തുടങ്ങിയുട്ടുണ്ടാകും 'SIM സംഭരണം' . കാശ് കൊടുത്താലും 100 മെസ്സേജില്‍ കൂടുതല്‍ അയക്കാന്‍ പറ്റില്ല എന്ന് പറയുന്നത് ശുദ്ധ 'ബൂര്‍ശ്വാസിത്തം' അല്ലെ എന്ന് ചില ബുദ്ധിജീവികള്‍ നിരീക്ഷിച്ചു പറയുന്നു. എന്തായാലും പോവാനുള്ളത് പോയി.. ചത്ത കുഞ്ഞിന്റെ ജാതകം നോക്കിയിട്ടെന്തു കാര്യം... ഇനി EXPRESS YOURSELF പോലെയുള്ള ഡയലോഗും ആയി വന്നാല്‍ കമ്പനികളേ, ഞെക്കിക്കൊല്ലും നിങ്ങളെ. "ഞങ്ങക്ക് ഞങ്ങടെ EXPRESSIONS ഒക്കെ EXPRESS ചെയ്യാന്‍ 100 മെസ്സേജ് തെകയൂലാടാ തെണ്ടികളെ..." -ഇത് TRAI ക്ക് യൂത്തിന്റെ കൂട്ടായ DEDICATION  . ഇനി ചവച്ചു തിന്ന, കഴിഞ്ഞ കാല സ്മരണകള്‍ അയവിറക്കി ശിഷ്ട്ടകാലം കഴിച്ചു കൂട്ടാം.....
                                      
                                                                                                      എന്നാലും എന്റെ TRAI..........................