Sunday 30 October 2011

അതെന്താ സാധനം??



          വെറുതെ ഇരുന്നു മടുത്തപ്പോ ഒന്ന് ടീവി വെച്ച് നോക്കിയതാ . അപ്പൊ വാര്‍ത്താ ചാനലുകളിലെല്ലാം വാര്‍ത്ത‍ F1 റേസിനെ കുറിച്ചാണ്. അല്ലെങ്കിലും ഭാരതത്തില്‍ ആദ്യമായല്ലേ ഈ കായിക മാമാങ്കം നടക്കുന്നത്..ആഘോഷിക്കാതെ പറ്റില്ലല്ലോ. കുറെ നേരം നോക്കിയിരുന്നു. ‘ബ്രൂം....ബ്രൂം....’ ശബ്ദം വണ്ടിയുടെതാണ് എന്നല്ലാതെ ഒരു കുന്തവും എനിക്ക് മനസ്സിലായില്ല. ഓട്ടമത്സരം ആണെന്നറിയാം. അപ്പൊ ആദ്യം എത്തുന്ന ആള്‍ ജയിക്കും. അതുമറിയാം. പക്ഷെ എത്ര നോക്കിയിരുന്നിട്ടും ഈ കളിയുടെ ‘ലത്’ അങ്ങോട്ട്‌ മനസ്സിലാകുന്നില്ല. സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ല. കളിക്കാരെ അറിയില്ല, കളി എങ്ങനെയെന്നറിയില്ല, എന്താ സമ്മാനം എന്നറിയില്ല, പോട്ടെ ഈ വണ്ടിയൊക്കെ ഓടിക്കാന്‍ പെട്രോളോ ഡീസലോ അതോ ഇനി വേറെ എന്തെങ്കിലും സാധനമാണോ ഒഴിക്കുന്നത് എന്ന് പോലും എനിക്കറിയില്ല. പക്ഷെ ഒന്നറിയാം. “ഇതൊക്കെ വെറുതെയാണ്....”

          ഇത് പട്ടിണിപ്പാവങ്ങളുടെ ഇന്ത്യയില്‍ കളിക്കാന്‍ പറ്റിയ കളിയാണോ എന്ന് ചിന്തിക്കണം. ഏറ്റവും ചുരുങ്ങിയ ടിക്കറ്റ്‌ നിരക്ക് 2500 രൂപയിലാണ്. പിന്നെ ‘ഐസ് പെട്ടി’യുടെ ഉള്ളിരുന്നു കാണാന്‍ ലക്ഷങ്ങളും കോടികളും ഒക്കെ കൊടുക്കാം. ഇപ്പൊ മനസ്സിലായില്ലേ ഇതിന്‍റെ ഏഴയലത്ത് പോലും എത്താന്‍ നമ്മളെ പോലുള്ള സാധാരണക്കാര്‍ക്ക് പറ്റില്ലെന്ന്. പണമുള്ളവര്‍ എന്ത് വേണമെങ്കിലും കാണിച്ചോട്ടെ എന്ന് വേണമെങ്കില്‍ വിചാരിക്കാം. പക്ഷെ അപ്പോഴും പ്രശ്നം ഉണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ബുദ്ധ സര്‍ക്യുട്ട് നോയിഡയില്‍ ആണ്. ഈ വണ്ടികള്‍ക്കൊക്കെ കുതിച്ചു പായാന്‍ ‘ഇച്ചിരി’ സ്ഥലം ഒന്നും പോരല്ലോ. ഇക്കണ്ട സ്ഥലം ഒക്കെ ഏറ്റെടുത്തത് അവിടുത്തെ പാവപ്പെട്ട കര്‍ഷകരില്‍ നിന്നാണ്. വെട്ടിപ്പിടിച്ചതോന്നുമല്ലല്ലോ ,ഏറ്റെടുത്തതല്ലേ എന്ന് ചോദിക്കാന്‍ വരട്ടെ. വിപണിയിലെ ന്യായ വിലയില്‍ നിന്നും എത്രയോ താഴെ വിലക്കാണ് ഈ ഏറ്റെടുക്കല്‍. ചുരുക്കിപ്പറഞ്ഞാല്‍ “ജയ്‌ ജവാന്‍, ജയ് കിസാന്‍” എന്നാ മുദ്രാവാക്യത്തിലെ കിസാന്മാരെ അങ്ങോട്ട്‌ ass ആക്കിക്കളഞ്ഞു
 
          32 രൂപയെങ്ങാന്‍ സമ്പാദിച്ചു പോയാല്‍ ദാരിദ്ര്യ രേഖക്ക് മുകളിലാവുന്ന നാടാണ് നമ്മുടെ. 33 രൂപയുണ്ടെങ്കില്‍ ബിര്‍ള ആകാമല്ലോ!! തങ്ങള്‍ക്കു ന്യായ വില കിട്ടിയില്ലെങ്കില്‍ ട്രാക്ക്‌ കുത്തി പൊളിക്കും എന്നാണ് കര്‍ഷകര്‍ പറഞ്ഞിരിക്കുന്നത്. കൊള്ളാം..വിപ്ലവം ജയിക്കട്ടെ. കാര്യം ഇതൊക്കെയാണെങ്കിലും കളി കാണാന്‍ വരുന്നവര്‍ ചില്ലറക്കാരല്ല. ബോളിവുഡും ഇന്ത്യന്‍ ക്രിക്കറ്റും അടക്കി ഭരിക്കുന്നവര്‍ വരുന്നുണ്ട് കളി കാണാന്‍. സച്ചിനാണ് കൊടി വീശി വണ്ടിയൊക്കെ നിറുത്താന്‍ പോകുന്നത്. എന്തായാലും കായിക മന്ത്രി വെട്ടിത്തുറന്നു പറഞ്ഞു കഴിഞ്ഞു ഇതുകൊണ്ട് രാജ്യത്തിന് ഗുണമൊന്നും ഇല്ലെന്ന്. പണം ഒരുപാടുള്ള രാജ്യങ്ങള്‍ കാട്ടിക്കൂട്ടുന്നത് കണ്ടു പട്ടിണിയും പരവട്ടവും ഉള്ളവരുള്ള നമ്മുടെ രാജ്യം ഇതെങ്ങോട്ടാ? ആന വാ പൊളിക്കുന്നത് കണ്ടു അണ്ണാന്‍ വാ പൊളിക്കാമോ...!!! 
 
            ആഹ് ,എന്തെങ്കിലും ആകട്ടെ. എന്നാലും പിന്നേം ഒരു സംശയം. ഇത്രേം കിടിലന്‍ വണ്ടികള്‍ പതിയെ ഒന്നുമല്ലല്ലോ പോകുന്നത്. ‘ഫ്രൂം...’ എന്നും പറഞ്ഞു പോകൂലെ... മുകേഷ്‌ ഏതോ പടത്തില് പറഞ്ഞ പോലെ ‘ഒരു മിന്നായം പോ....ലെ” കാണാന്‍ വേണ്ടിയാണോ ഇവന്മാര് ഈ പൈസയൊക്കെ മുടക്കുന്നത്... പിരാന്ത്.. അല്ലാതെന്താ... മത്സരിക്കുന്ന ഇന്ത്യക്കാരുടെ കാര്യം ഞാന്‍ പറയുന്നില്ല... എന്തിനാ ഞാനായിട്ട് വെറുതെ, ഞാന്‍ രാജ്യസ്നേഹിയാണ്.

(
ഇത് വായിക്കുന്നവരില്‍ ചിലരും എന്നെപ്പോലെ തന്നെയാണെന്ന് വിശ്വസിക്കുന്നു. ഒന്നും അറിയില്ലല്ലോ അല്ലെ..??)

Saturday 22 October 2011

സൂപ്പര്‍സ്റ്റാര്‍ സന്തോഷ്‌


          സന്തോഷിന്‍റെ ടൈം ആണ് ബെസ്റ്റ്‌ ടൈം. പറഞ്ഞു വരുന്നത് സന്തോഷ്‌ പണ്ഡിറ്റിന്റെ കാര്യമാണ്. സില്‍സില ആല്‍ബം ഇറങ്ങിയപ്പോ നമ്മളാരെങ്കിലും വിചാരിച്ചോ ഇതിയാന്‍ ഒരു ഫുള്‍ പടവും കൊണ്ട് അവതരിക്കുമെന്ന്... ഇദ്ദേഹത്തിന്‍റെ ജനപ്രീതി അറിയണമെങ്കില്‍ യൂടൂബിലെ ‘സില്‍സില’ ക്ക് വന്നിരിക്കുന്ന കമന്റുകള്‍ നോക്കിയാല്‍ മതി. എന്തൊക്കെ തരം തെറിയാണ് അനര്‍ഗ നിര്‍ഗളം ആയി പ്രവഹിക്കുന്നത്. ഇതില്‍ പലതും നമ്മള്‍ മുന്‍പ് കേട്ടിട്ടേ ഉണ്ടാകില്ല. എന്തായാലും ഇപ്പൊ കൈരളിയുടെ ചര്‍ച്ചാവിഷയം ‘കൃഷ്ണനും രാധയും’ ആണ്....

          ചില സൂപ്പര്‍സ്റ്റാര്‍ പടങ്ങളുടെത് പോലെ ട്രെയിലര്‍ ഒക്കെ കുറേക്കാലം മുമ്പേ ഇറങ്ങി. പടം ഇപ്പൊ ഇറങ്ങും എന്ന് വിചാരിച്ചിരുന്നവരെ കുറെ കാത്തിരുപ്പിച്ചു ‘സന്തോഷി’. അവസാനം പടം ഇറങ്ങിയപ്പോ ‘ഹൗസ്ഫുള്‍ ‘ പോലും!!! മനോരമ ന്യൂസില്‍ പടത്തിന്റെ റിപ്പോര്‍ട്ട്‌ കണ്ടപ്പോ സത്യം പറയാലോ, ആകെ വണ്ടറടിച്ചു പോയി . എന്താ ജനക്കൂട്ടം...അവന്‍റെ പടം എന്റെ പട്ടി കാണും എന്ന് പറഞ്ഞവരൊക്കെ പടം കാണണം എന്നു പറഞ്ഞു നടക്കുന്നു. ഡയലോഗ് എല്ലാം ഹിറ്റ്‌ ആയി.. കിറുങ്ങി പോകുന്ന ഡയലോഗുകള്‍. ആകെ വിരലിലെണ്ണാവുന്ന തിയേറ്റര്‍കളില്‍ മാത്രമേ പടം വന്നുള്ളൂ എങ്കിലും അവിടെയൊക്കെ ഫുള്‍ ആണെങ്കില്‍ അതില്‍ പരം സന്തോഷം വേറെയുണ്ടോ സന്തോഷ്‌ അണ്ണന് ??
അതിനിടയില്‍ കൈരളി വി ചാനലില്‍ ഒരു അഭിമുഖം വന്നു ആശാന്‍റെ . ‘being honest’ ഞാന്‍ പറയട്ടെ,സഹതാപം ആണ് തോന്നിയത്.. അണ്ണന് മൂന്നു വീടുണ്ട് പോലും. അതില്‍ ഒന്ന് വിറ്റിട്ടാണ് ഈ ‘സാഹസത്തിനു’ മുതിര്‍ന്നത്. ആദ്യത്തെ ‘സില്‍സില’യും പിന്നെ പടത്തിന്റെ ഒരു മാതിരി ട്രെയിലറും കണ്ടപ്പോ അതിയാനെ എന്തൊക്കെ വിളിച്ചതാ.. പക്ഷെ ആ അഭിമുഖം കണ്ടപ്പോ സത്യം മനസ്സിലായി... എന്ത്?? പടം എടുക്കുമ്പോഴത്തെ മാത്രം പ്രശ്നം അല്ല, മറിച്ച് അയാള്‍ ഫുള്‍ അങ്ങനെ തന്നെ ആണെന്ന്. നമ്മുടെ നാട്ടുമ്പുറങ്ങളില്‍ പറയും “അവന്‍ ഒരു കഥയില്ലാത്ത ചെക്കനാ” എന്ന്. അത് തന്നെയാ ഇവിടുത്തെ പോയന്‍റ് . അഭിമുഖം നടത്തിയവന്‍ എന്തൊക്കെ തരത്തില്‍ കളിയാക്കിയിട്ടും അയാള്‍ക്ക്‌ അതൊന്നും കളിയാക്കുന്നത് ആണെന്ന് വരെ മനസ്സിലായില്ല...

          ഇങ്ങേരുടെ വീഡിയോ കാണുമ്പോഴെല്ലാം ചൊറിഞ്ഞു വരുന്നുണ്ടെങ്കിലും തല്‍കാലം സഹിക്കുക തന്നെ. വീട് വിറ്റ് ഇങ്ങനെ കലയെ സ്നേഹിക്കുന്ന ഒരാളെ കണ്ടില്ലെന്നു നടിക്കാമോ... എന്നാലും ഇത് വല്ലാത്ത ‘കല’ച്ചതി ആയിപ്പോയി. പടം റിലീസ്‌ ആയിക്കഴിഞ്ഞാല്‍ കല്യാണം കഴിക്കുമെന്നും ആശാന്‍ പറഞ്ഞിട്ടുണ്ട്. പാവം കഴിച്ചോട്ടെ... പടം കണ്ട വല്ല പെണ്‍കുട്ടിയോ അതോ കാണാത്ത ഏതെന്കിലും ഒരുത്തിയാകുമോ ‘ഇര’ എന്നത് മാത്രമാണ് ചോദ്യം... അതായത്‌ കുരുവീ, മരണം suicide ആണോ അതോ വഴിയിലൂടെ പോകുമ്പോള്‍ തേങ്ങ തലയില്‍ വീണാണോ എന്ന്....യേത്????

നാള്‍വഴികള്‍...



ആദ്യമേ പറഞ്ഞു കൊള്ളട്ടെ, ഇത് ഗദ്യം ആണോ അതോ പദ്യം ആണോ എന്നെനിക്കറിയില്ല . എന്ത് തന്നെ ആയാലും ഇത് എന്റെ മനസ്സില്‍ തോന്നിയ ചില ‘വിജിലംബിച്ച ‘ ചിന്തകള്‍ മാത്രം...
 
എവിടെയോ വായിച്ചതാണോ അതോ ആരോ പറഞ്ഞതാണോ...ഓര്‍മയില്ല ,
ഹൃദയം പറയുന്നത് കേള്‍ക്കൂ, എങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്നത് നേടും എന്ന്...
വാക്കുകള്‍ക്കു മധുരം ഉണ്ട്, ജീവന്‍ ഉണ്ട്...
പക്ഷെ സത്യം മാത്രം ഇല്ല.....
ഞാന്‍ ഒരുപാട് കാതോര്‍ത്തു, എന്റെ ഹൃദയം പറയുന്നത് കേള്‍ക്കാന്‍....
ഹൃദയം പറഞ്ഞു കൊണ്ടേയിരുന്നു...
ഞാന്‍ അതെല്ലാം കേട്ടു, കാരണം ‘നീ ആഗ്രഹിക്കുന്നത് നേടും’ എന്നാ വാക്കുകള്‍ എന്നെ വല്ലാതെ കീഴ്പ്പെടുത്തി കളഞ്ഞു...
ഞാന്‍ കണ്ട മനോഹരമായ കാഴ്ചകള്‍ സ്വപ്നങ്ങളില്‍ മാത്രം ഒതുങ്ങുമെന്ന് എന്നോട് ഹൃദയം സ്വകാര്യം പറഞ്ഞോ?
ശരിയാണ്, ഞാന്‍ കണ്ടതെല്ലാം അതിമനോഹരങ്ങള്‍ ആയിരുന്നു...
രാത്രിമഴയില്‍ ആകാശത്ത് തിളങ്ങുന്ന അമ്പിളി,
ഹൃദയം പറഞ്ഞു ‘നിനക്ക് ഭ്രാന്താണ്...’
ശരിയാണ്... എനിക്ക് ഭ്രാന്താണ്... എന്തിനോ വേണ്ടിയുള്ള ഭ്രാന്ത്...
എന്തിനു വേണ്ടിയെന്ന് ഹൃദയത്തിനും അറിയാം...
പക്ഷെ ഇരുമ്പ് ചങ്ങലകള്‍ കൊണ്ട് എന്റെ ഹൃദയം ബന്ധിക്കപ്പെട്ടിരിക്കുകയായിരുന്നു...

എന്നിട്ടും ഞാന്‍ ഹൃദയത്തെ പിന്തുടര്‍ന്നു...
കവി വാക്കുകളും ചിന്തകളും കടലാസ്സില്‍ മാത്രമേ അലങ്കാരമാകൂ എന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു....
സത്യത്തില്‍ വേദനകളല്ലേ അത് നല്‍കിയുള്ളൂ..??
ഒരുപാട് ദൂരം പോയി...
സ്വപ്നങ്ങളെ പിന്തുടര്‍ന്നു...
അവസാനം ‘അത് നിനക്കുള്ളതല്ല’ എന്ന് വിധിയെഴുത്തും വന്നു...
നിങ്ങള്‍ ഞാനാകുന്ന ചെടിക്ക് വെള്ളം ഒഴിച്ചു ...
ഞാന്‍ ,അറിയാതെ നിങ്ങളെ വിശ്വസിച്ചു...
അത് എന്നിലെ ആശകളെ കരിച്ചു കളയാനുള്ള ചൂടുവെള്ളം ആണെന്ന് അറിയാന്‍ വൈകി...

ഇനി തിരിച്ചു നടക്കാന്‍ വയ്യ...
കളിയാക്കാന്‍ ഇരിക്കുന്ന ലോകത്തോട് ചിരിക്കാനും വയ്യ...
വേണ്ടായിരുന്നു ഈ നടത്തം...
സ്വപ്നത്തിലേക്കുള്ള നടത്തം...
പാദ മുദ്രകളെല്ലാം ഏതോ തിരമാലകള്‍ മായ്ച്ചു കളഞ്ഞു...
ഉതിര്‍ന്നു വീണ വിയര്‍പ്പ് തുള്ളികള്‍ വീണ പാടെ നീരാവിയായി മാഞ്ഞുപോയി ...
വഴി പറഞ്ഞു തന്നവരെല്ലാം ‘സ്വന്തം’ വഴി തേടിപ്പോയി...
ഏകനായത്തില്‍ ഞാന്‍ സങ്കടപ്പെടുന്നില്ല...
പക്ഷെ ഞാന്‍ പിന്തുടര്‍ന്നു വന്ന എന്റെ ഹൃദയം....അതെവിടെ..???
എനിക്ക് വേണം....
ഇനി വേണം ഈ തീയില്‍ വെന്തുരുകാന്‍...
ഹൃദയവും അതില്‍ വെണ്ണീറാകട്ടെ ...

വെന്തുരുകും നേരം പറയാന്‍ ഒന്നേയുള്ളൂ...
വേണ്ട, ഹൃദയത്തിനു ചെവി കൊടുക്കണ്ടാ...
മരിക്കണ്ടാ, ഒരുപാട് വട്ടം....
ഓര്‍മകള്‍ക്ക്‌ ഒപ്പം ഒരേ ഒരു മരണം... അതേ വേണ്ടൂ.....
അതേ വേണ്ടൂ...........................................

Sunday 2 October 2011

ഹൃദയത്തിന്‍റെ ഹൃദയമേ....



ഇരുളിന്‍ പുതപ്പണിഞ്ഞ രാത്രികളൊന്നും എന്നോട് പറഞ്ഞില്ല ,
ഇത്തിരിവെട്ടത്തില്‍ തിളങ്ങുന്ന നക്ഷത്രക്കുഞ്ഞുങ്ങളും എന്നോട് പറഞ്ഞില്ല,
എന്നിട്ടും ഞാന്‍ തേടി നടന്നു,
എന്നിലെ ജീവന്‍റെ കണികയെ തേടി....

പകലുകളില്‍ നിന്നിലെ പ്രകാശ സൗന്ദര്യത്തെ ഞാന്‍ കണ്ടു,
രാവുകളില്‍ നിന്നിലെ ഹൃദയ മൂകത ഞാന്‍ കണ്ടു,
എന്നിട്ടുമെന്തേ നിന്നിലേക്കുള്ള വഴികള്‍ അതിരുകള്‍ കാണിക്കുന്നില്ല,
എന്നിട്ടുമെന്തേ എന്നോടിത്തിരി പോലും അലിവു കാണിക്കുന്നില്ല.....

വഴികളിലെവിടെയോ ഞാന്‍ ദാഹജലം കണ്ടു,
എങ്കിലുമെന്‍ ജീവനേ, നിന്നോടുള്ള ദാഹമായിരുന്നെനിക്കേറെ...
കല്ലുകളും മുള്ളുകളും എന്നെ നോവിച്ചില്ല,
കാരണമെന്‍ ഹൃദയമേ, നിന്നോടുള്ള ദാഹമായിരുന്നെനിക്കേറെ...

എന്നിട്ടുമെന്തേ എന്‍ പനിനീര്‍ പുഷ്പമേ,
ഞാനെത്തും മുന്‍പേ വിരിഞ്ഞു നീ...?
ഏതോ പൂങ്കാവനത്തില്‍ സൗരഭം പൊഴിച്ചു നീ വിരിയുമ്പോള്‍ ‍,
വരണ്ട ഭൂവില്‍ ഏകാന്തനായി നില്‍ക്കയാണീ പഥികന്‍ ...

പിന്‍തിരിഞ്ഞു നടന്ന വഴികളിലെവിടെയും കണ്ടില്ല ഞാന്‍ ഒരിറ്റു ദാഹജലം,
കണ്ടതെല്ലാം ഓര്‍മ്മകള്‍ വെന്തുരുകിയ ശ്മശാനങ്ങള്‍ മാത്രം...
കല്ലുകളിലേതിലോ തട്ടി ഹൃദയം മുറിഞ്ഞു,
നടന്നു ഞാന്‍ ആരും കാണാതെ, നിലാവൊഴിഞ്ഞ ആകാശത്തേക്ക്...

നിന്‍ സൗരഭ്യമില്ലാത്ത പൂങ്കാവനം,
ഇന്നെനിക്കത്‌ വെറും വൈക്കോല്‍ കൂനകള്‍ മാത്രം....
നിന്നിലലിയാത്ത ഞാന്‍ ‍, ഇന്നെന്നെ തന്നെ അറിയാത്ത ഞാന്‍ ...
കാലത്തിന്‍റെ കനിവും കാത്ത് അലയുന്ന ഞാന്‍ ...

എങ്കിലുമെന്‍റെ സ്വര്‍ണ പുഷ്പമേ, നീ പടര്‍ത്തിയ നറുമണം,
അതിന്‍റെ ചിറകിലെ കാറ്റിലാണ് ഞാന്‍ നിദ്രയെ തേടുന്നത്...
എങ്കിലുമെന്‍റെ ഹൃദയത്തിന്‍റെ ഹൃദയമേ, ഇന്നു ഞാന്‍ തിരിച്ചറിയുന്നു,
നീ ആയിരുന്നെന്‍റെ ജീവന്‍റെ ജീവനെന്ന്....
നീ ആയിരുന്നു എന്നിലെ ഞാനെന്ന്...........