Tuesday 2 February 2016

തീര്‍ഥയാത്ര



ഇന്നിലെ ഞാനെന്ന സ്വത്വത്തെ ഈ നിമിഷം വലിച്ചെറിഞ്ഞു ,
എനിക്കിന്നൊരു തീര്‍ഥയാത്ര പോകണം...
കാടും മേടും താണ്ടി ദിക്കുകള്‍ക്കുമപ്പുറം ചെന്ന്,
നിന്റെ ഓര്‍മ്മകള്‍ കൂട്ടിയിട്ട് അതിനു മേല്‍ തപസ്സിരിക്കണം....
ഒടുവില്‍ താടിയും ജടയും നിന്റെ ഓര്‍മകള്‍ക്ക് മേല്‍ മറ തീര്‍ക്കുമ്പോള്‍,
ഞാന്‍ മടങ്ങിപ്പോകും.....
ഞാന്‍ വിട്ടെറിഞ്ഞ പൂര്‍വസ്വത്വത്തിന്റെ മുന്നില്‍ ചെന്ന് നില്‍ക്കും ഞാന്‍,
പകുത്തു കൊടുത്ത, പണയം വെച്ച സ്വത്വത്തിനു മുന്നില്‍....
ചൂണ്ടുവിരല്‍ ചൂണ്ടി അന്ന് ഞാന്‍ ചോദിക്കും,
എന്തിനു സ്നേഹിച്ചു നീ അവളെ ഇത്ര മേലെന്ന്...”

                                                                          -മനു

Thursday 24 April 2014

നീ അറിയാനായ്‌


"ആര്‍ക്കോ വേണ്ടിയുള്ള നിദ്രയില്‍ നിന്ന് നീ ഉണരുമ്പോള്‍ 
ഓര്‍ക്കുക ഞാന്‍ ആരായിരുന്നെന്ന്.....

നിന്നെ മാത്രം കണ്ടിരുന്ന എന്റെ കണ്ണുകളില്‍ നോക്കി നീ പറയുക,

എന്നെ മാത്രം കാണാതിരുന്ന നിന്റെ കണ്ണുകള്‍ക്കാണോ തെളിച്ചം കൂടുതലെന്ന്....

കഴിയുമെങ്കില്‍ പറഞ്ഞു തരിക, ഒന്ന് മാത്രം.....

ഓര്‍മ്മകള്‍ക്ക് മരണമില്ലെന്നു പറഞ്ഞ ഈ ലോകത്ത്,
എന്റെ ഓര്‍മ്മകളെ മാത്രം തിരഞ്ഞുപിടിച്ച് കൊന്നു കുഴിച്ചു മൂടിയൊരാ കൌശലം...
അത് മാത്രം... "

- അബ്ദുല്‍ മനാഫ്‌

Sunday 21 April 2013

സ്നേഹിച്ചവര്‍ക്കായി...


"എടുക്കുന്നോരോ ശ്വാസകണത്തിനും കടക്കാരനാകേണ്ടിനി,
വീഴ്ചയില്‍ ചിരിക്കുന്നൊരാ കോമരങ്ങളെ വെറുക്കേണ്ടതില്ലിനി,
ചിരിച്ചൊരാ മുഖങ്ങളെ ഓര്‍ക്കേണ്ടതില്ലിനി,
കണ്ണീര്‍ വാര്‍ത്തിടും മനസ്സുകളെ ഗൌനിക്കെണ്ടതില്ലിനി.

പിന്നില്‍ നിന്ന് കുത്തിയതിനും, മുന്നില്‍ നിന്ന് തടഞ്ഞതിനും,
സ്നേഹത്തിനാല്‍ പൊതിഞ്ഞതിനും, കണ്ണില്‍ നിന്നൊഴുകിയ സ്നേഹനീരിനും...
നന്ദി ചൊല്ലിയാല്‍ തീരാത്ത ലോകത്തിനും, നന്ദി നന്ദി...
തിടുക്കമേറേയില്ലെങ്കിലും ചൊല്ലിടട്ടെ ഞാന്‍, വിട... വിട...."

Tuesday 6 November 2012

മുത്തശ്ശന്‍ മരം



ഒരു കവിയുണ്ടായിരുന്നു. കവിയുടെ തോട്ടത്തില്‍ നിറയെ മരങ്ങളുമുണ്ടായിരുന്നു. നല്ല കവിതകള്‍ കായ്ക്കുന്ന മരങ്ങള്‍... ഒരിക്കല്‍ കവി തന്‍റെ മരത്തിലെ കവിതകള്‍ ലോകത്തിനു പാടിക്കൊടുത്തു. അവര്‍ പറഞ്ഞു “ ഇതില്‍ പ്രണയമില്ല”. കവി യാത്ര തിരിച്ചു. പ്രണയം കായ്ക്കുന്ന മരവും തേടി........

    കാതങ്ങള്‍ താണ്ടി, കാണാത്ത നാടുകള്‍ കണ്ടു, ചക്രവാളങ്ങള്‍ അകലെയല്ലാതായി...പക്ഷെ, കവി തേടി നടന്ന പ്രണയത്തിന്‍റെ മരം മാത്രം കണ്ടില്ല. കവി ഇതുവരെ എഴുതിയ കൈകളെക്കാള്‍, കാലുകള്‍ സഞ്ചരിച്ചു, ഹൃദയം മിടിച്ചു...എന്നിട്ടും, പ്രണയത്തിന്‍റെ മരം മാത്രം കണ്ടില്ല.

    അങ്ങിനെ കവി വിജനമായ ഒരിടത്തെത്തി. അവിടെ ഒരു മുത്തശ്ശന്‍ മരം മാത്രം. അകലെയൊന്നും മറ്റൊന്നും കാണാനില്ല. തന്‍റെ മനസ്സിലെ ചിത്രത്തിലുള്ള പച്ചിലകള്‍ നിറഞ്ഞ, നിറയെ പൂക്കളുള്ള ആ പ്രണയത്തിന്‍റെ മരം മാത്രം കണ്ടില്ല. ഇനി ലോകത്ത് നോക്കാന്‍ കവിതയുടെ മരങ്ങള്‍ ബാക്കിയുമില്ല.
    പകച്ചു നില്‍ക്കുന്ന കവിയോട് മുത്തശ്ശന്‍ മരം ചോദിച്ചു: “എന്താണ് നീ തിരയുന്നത്..?”.
കവി പറഞ്ഞു: “പ്രണയത്തിന്‍റെ കവിതകള്‍ കായ്ക്കുന്ന മരം തേടുകയാണ് ഞാന്‍”.
“ഓ... പ്രണയത്തെ നിന്റെ വരികളിലും നിന്റെ ഹൃദയത്തിലും നിറച്ച കവീ, നിനക്കെന്നെ മനസ്സിലാകുന്നില്ലേ? ഞാന്‍ തന്നെയാണ് നീ തേടുന്ന പ്രണയത്തിന്‍റെ മരം.”
കവി പറഞ്ഞു: “ അല്ല, അങ്ങിനെയല്ല അവര്‍ പറഞ്ഞത്... ഇത് ഇലകളൊക്കെ പൊഴിഞ്ഞ, പൂക്കളില്ലാത്ത ശോഷിച്ച മരമല്ലേ.. അവര്‍ പറഞ്ഞ പ്രണയത്തിന്‍റെ മരം നിറയെ പൂക്കളാണ്, പച്ചിലകള്‍ കൊണ്ട് നിറഞ്ഞതാണ്...”
മുത്തശ്ശന്‍ മരം ചോദിച്ചു: “ലോകത്തോട് ചോദിച്ചാണോ നീ പ്രണയത്തെ മനസ്സിലാക്കുന്നത്? നീ പ്രണയിച്ചവനല്ലേ, നീ പ്രണയത്തിന്‍റെ കവിയല്ലേ? നിന്റെ പ്രണയം നിനക്ക് സമ്മാനിച്ചത് പൂക്കളാണോ?..... കുഞ്ഞേ, പ്രണയിക്കാത്തവരുടെ പ്രണയത്തിനേ മധുരമുള്ളൂ, വര്‍ണങ്ങളുള്ളൂ.... പ്രണയിച്ചവരുടെ പ്രണയത്തിനെന്നും ഉള്ളു പൊള്ളുന്ന വേദനയാണ്....”
കവി ചിന്തിച്ചു, ശരിയാണ്... തന്‍റെ സ്വപ്നങ്ങളെയാണ് താന്‍ ഇത്ര നാള്‍ പ്രണയമെന്ന പേര് വിളിച്ചത്. താന്‍ തന്നെത്തന്നെ വിശ്വസിപ്പിക്കുകയായിരുന്നു പ്രണയം സുഖകരമാണെന്ന്. അതിന്‍റെ വേദന അറിഞ്ഞുകൊണ്ട് തന്നെ.....
കവി മുത്തശ്ശന്‍ മരത്തോട് ചോദിച്ചു: “ ഇനി ഞാന്‍ എങ്ങോട്ടാണ് പോകേണ്ടത്?”
മുത്തശ്ശന്‍ മരം പറഞ്ഞു: “ നീ പ്രണയത്തിന്‍റെ കവിയല്ലേ, നീ പ്രണയിച്ചവനല്ലേ? ഇപ്പോള്‍ പ്രണയം എന്തെന്ന് അറിഞ്ഞവനല്ലേ...? ഹൃദയം കൊണ്ട് പ്രണയിച്ചവര്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് ഞാന്‍ പറഞ്ഞു തരേണ്ട ആവശ്യം ഇല്ല...”

കവി ഒന്ന് പുഞ്ചിരിച്ചു. പ്രണയത്തിന്‍റെ മുത്തശ്ശന്മരച്ചുവട്ടില്‍ ഒരു അപ്പൂപ്പന്‍താടിയെപ്പോലെ കവി വീണു. മുത്തശ്ശന്‍ മരത്തിലെ അവശേഷിച്ച ഉണങ്ങിയ ഇലകള്‍ വന്നു കവിയുടെ ചേതനയറ്റ ശരീരം മറച്ചു. അതില്‍ ഒരിലയില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: “ കറയറ്റ പ്രണയം മരിച്ചിരിക്കുന്നു....”

Sunday 28 October 2012

അങ്ങനെ ഒരു നോമ്പുകാലത്ത്


       
    വലിയ സംഭവം ഒന്നും അല്ലെങ്കിലും ഇത് സംഭവിച്ചതാണ് കേട്ടോ.. ഇവിടെ പക്ഷെ നായകനും നായികയും ഒന്നും ഇല്ല. ഒരു വില്ലനും കുറച്ചു പാവം വില്ലന്മാരും ഉണ്ട്. ഒരു ടൈപ്പ് villain Vs Villains കളി. നമുക്ക് നമ്മുടെ ശരിക്കുള്ള വില്ലനെ Yahoo.T എന്ന് വിളിക്കാം. പേര് നിങ്ങള്‍ ഊഹിച്ചോ..ഞാന്‍ പറഞ്ഞു തരില്ല. പറഞ്ഞാല്‍ ‘സുരക്ഷാപ്രശ്നം’ ഉണ്ട്. ഇനി കഥയിലേക്ക്...

         പശ്ചാത്തലം മലപ്പുറത്തെ കുറ്റിപ്പുറത്തുള്ള ഒരു വാടക വീട്. സത്യം പറഞ്ഞാല്‍ ഒരുപാട് സ്വപ്നങ്ങളോടെയും അവസാനം അങ്ങേയറ്റത്തെ നിരാശയോടെയും എന്ജിനീയറിംഗ് എന്നാ കുരുക്കില്‍ പെട്ട ഞങ്ങള്‍ ഏഴു പേരുടെ ‘ഹോസ്റ്റല്‍’. അതിന്‍റെ ‘മുതലാളി’ ആണ് Yahoo.T .  പഠിച്ചത് IT ആയത് കൊണ്ടായിരിക്കും YAHOO.T യെത്തന്നെ ഞങ്ങടെ ‘മൊയലാളി’ ആയി കിട്ടിയത്. ഇനി ബാക്കി കഥാപാത്രങ്ങള്‍. അത് ഞങ്ങളാ.. പക്ഷെ പേര് പുറത്തു പറയില്ല.. വേണമെങ്കില്‍ എല്ലാരുടേം ഇരട്ടപ്പേര് പറയാം. മറ്റൊന്നും കൊണ്ടല്ല, Yahoo.T നാട്ടിലെ പ്രമാണി ആണ്(ആര്‍ക്കും കണ്ണെടുത്താ കണ്ടൂട എങ്കിലും). നേരെ പേര് പറഞ്ഞു തൊടങ്ങിയാ ഒരു ‘ഇത്’ കിട്ടൂല.. അതോണ്ട് ഇതാ, ഞങ്ങള്‍ ഏഴു പേര്‍ : തുമ്പി, ഡുണ്ടു, ഡിങ്കന്‍, ഉസ്താദ്‌, പെടലി, ആര്‍ ഡി എക്സ്, മൂപ്പന്‍. (ഈ ഇരട്ടപ്പേ രുകള്‍ പുറത്തു വിട്ടതിനാല്‍ പിന്നെയും സുരക്ഷാ പ്രശ്നം ഉണ്ടാകാന്‍ ചാന്‍സ്‌ ഉണ്ട്).

          Yahoo.T നാട്ടിലെ സമ്പന്നന്‍ ആണെങ്കിലും സ്പോഞ്ച് വെള്ളം വലിച്ചെടുക്കുന്നത് പോലെയാണ് പണത്തോടുള്ള അങ്ങേരുടെ ആര്‍ത്തി. ഹോസ്റ്റല്‍ വിട്ടു വാടകക്ക് വീടും തേടി അയാളുടെ മുന്നില്‍ നിന്നപ്പോള്‍ അയാള്‍ ചിരിച്ച ആ 900 വാള്‍ട്ട് ചിരി..ഹോ.. ഞങ്ങള്‍ അങ്ങ് എടുത്തു ആ വീട്. പോരാത്തതിന് അങ്ങേരു ഹാജി കൂടിയാണെന്ന് കേട്ടപ്പോ ഒന്നും ആലോചിച്ചില്ല.. ഇത്രേം നല്ല മൊതലാളിയെ വേറെ  എവിടെക്കിട്ടും..? ഞങ്ങള്‍ താമസിച്ചതിന്റെ പിറ്റേ ദിവസം മുതല്‍, ഞങ്ങള്‍ എഴുന്നെല്‍ക്കുന്നതിന് മുന്‍പേ ഞങ്ങളുടെ റൂമില്‍ കയറി എല്ലാം നിരീക്ഷിച്ചു, ‘ഒരാവശ്യവും ഇല്ലാതെ’ തെങ്ങിന് തടമെടുത്തും വാഴയുടെ ഇല പറിച്ചും അവിടെ തന്നെ ഉണ്ടാകും. അയാളുടെ ജാഗ്രത കണ്ടാല്‍ ഞങ്ങള്‍ രാത്രിയെങ്ങാന്‍ ആ വീടും എടുത്തു വണ്ടി കേറുമോ എന്ന് തോന്നും. ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങള്‍ ഏഴു പേര്‍ക്കും സ്വര്‍ഗ്ഗം ആയിരുന്നു അവിടം. അങ്ങനെയങ്ങനെ റംസാന്‍ നോമ്പുകാലം വന്നെത്തി. റംസാന്‍ കാലത്ത് കോളേജ് കുറച്ചു നേരത്തെ വിടും. ക്ലാസ്സ്‌ കഴിഞ്ഞു വന്നാല്‍ ഞങ്ങള്‍ നേരെ ഞങ്ങളുടെ ഹോസ്റ്റലിന്റെ പിന്നിലുള്ള ഗ്രൌണ്ടില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ പോകും. ആദ്യമൊക്കെ കനമില്ലാത്ത, എന്നാല്‍ വിലയുള്ള ടെന്നീസ് പന്ത് ഉപയോഗിച്ചാണ് കളിച്ചിരുന്നത്. അതുകൊണ്ട് ബോള്‍ വാങ്ങാനേ സമയവും പൈസയും ഉണ്ടായിരുന്നുള്ളൂ.. അത് കൊണ്ടു പെട്ടെന്ന് പൊട്ടാത്ത ‘ചെരുപ്പ് പന്ത്’(എന്റെ നാട്ടില്‍ അങ്ങനെയാ പറയുന്നത്) വാങ്ങി. നല്ല കനമാണെ, ഉള്ളു മുഴുവന്‍ റബ്ബര്‍ തന്നെ...

          അങ്ങനെ ഒരു ദിവസം ഞങ്ങള്‍ ക്രിക്കറ്റ്‌ കളിക്കുന്നു. കളിക്കാന്‍ വേറെ ക്ലാസ്സിലെ ഒരു കൂട്ടുകാരന്‍ കൂടി ഉണ്ട്. Yahoo.T  വെറുതെ ‘അനാവശ്യ’ ജോലികളും ചെയ്തു അവിടെയൊക്കെ തന്നെ ഉണ്ട്. ഒരു പണിയും ഇല്ലാത്തവര്‍ക്ക് ചെയ്യാന്‍ പറ്റിയ കൊറേ ഒലക്ക പണികളുണ്ട്. അതാണ്‌ അയാളുടെ പണി. നമ്മുടെ ഒരു ചെറിയ ഗ്രൗണ്ട് ആയത് കൊണ്ടു നാടന്‍ നിയമങ്ങളായ “മതിലിനു മീതെ പോങ്ങിപ്പോയാല്‍ ഔട്ട്‌, ചുമരില്‍ കൊണ്ടാല്‍ ഔട്ട്‌”, അങ്ങനെയുള്ളതൊക്കെയുണ്ട്. അങ്ങനെ കളി തുടങ്ങി കുറച്ചായി. ബാറ്റു ചെയ്യുന്നത് ആ കൂട്ടുകാരന്‍, ബോള്‍ ചെയ്യുന്നത് ഞാന്‍. ഞാന്‍ ബോള്‍ എറിഞ്ഞു, അവന്‍ ബാറ്റു ചെയ്തു. ബോള്‍ ഏകദേശം ‘ബുര്‍ജ്‌ ഖലീഫയുടെ’ ഹൈറ്റ് എത്തിയോ എന്ന് ഞങ്ങള്‍ സംശയിച്ചു. എന്തായാലും അവന്‍ ഔട്ട്‌ അല്ലെ.. പക്ഷെ അവിടം കൊണ്ടു തീര്‍ന്നില്ല. ബോള്‍ പോകുന്നത് നിരോധിത റൂട്ടിലൂടെ ആണെന്ന സത്യം ഞങ്ങള്‍ ഞെട്ടലോടെ മനസ്സിലാക്കി. ആരൊക്കെയോ ‘തലാ...’ എന്ന് കാറുന്നത് പോലെ തോന്നി. ഇത് പക്ഷെ  ‘ചോട്ടാ മുംബൈയില്‍’ മോഹന്‍ലാലിന്‍റെ ആ “തലാ.....തലാ....” പാട്ട് ആയിരുന്നില്ല... ബോള്‍ ലാന്‍റ് ചെയ്യാന്‍ പോകുന്നത് വേറൊരു തലയിലായിരുന്നു..  ബോളിന്‍റെ ലക്‌ഷ്യം വീക്ഷിച്ചിരുന്ന ഞങ്ങളുടെ കണ്ണുകള്‍ സഡന്‍ ബ്രേക്ക് ഇട്ടതു Yahoo.T യുടെ തലയിലായിരുന്നു. അതെ, ആകാശം വരെ പോയ, ഇരുമ്പുണ്ട പോലെ കനമുള്ള ആ ബോള്‍ ചെന്ന് വീണത്‌ ‘ഒരാവശ്യവും ഇല്ലാത്ത’ പണി ചെയ്തോണ്ടിരുന്ന നല്ല കണ്ണാടി പോലെ തിളങ്ങുന്ന അയാളുടെ കഷണ്ടിത്തലയുടെ (0,0) പോയിന്‍റില്‍ ആയിരുന്നു. പിന്നെ എന്ത് പറയാന്‍, ഒരുമാതിരി സന്തോഷ്‌ പണ്ഡിറ്റിന്‍റെ പടം ബ്ലാക്കിനെടുത്തു കണ്ടവരുടെ അവസ്ഥയില്‍ ആയിപ്പോയി ഞങ്ങള്‍. എന്ത് ചെയ്യണമെന്നോ, ഇനി എന്തെന്നോ അറിയാത്ത അവസ്ഥ.. Yahoo.T അവിടെ ഇരുന്നു. ആരൊക്കെയോ പോയി വെള്ളം എടുത്തു കൊണ്ട് വന്നു കൊടുത്തു. അയാള്‍ ആ വെള്ളം കുടിച്ചു തലയും തിരുമ്മി കുറച്ചു കഴിഞ്ഞപ്പോ അങ്ങ് പോയി. ഒരു ‘മഹായുദ്ധം’ പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് ആശ്വാസമായി... വെറും ആശ്വാസം അല്ല..ഒരു വല്ലാത്ത ആശ്വാസം. പിന്നീട് ആ ബോള്‍ അത്രയ്ക്ക് കൃത്യമായി അടിച്ച കൂട്ടുകാരന്‍ ‘ജിന്ന്‍’ ആയിരുന്നോ എന്ന് തോന്നിയിട്ടുണ്ട്. കാരണം അന്ന് ആ സ്പോട്ടില്‍ സ്കൂട്ട് ആയ അവനെ പിന്നെ എത്ര നാള്‍ കഴിഞ്ഞാണെന്നോ അവിടെ കണ്ടത്...

          അന്നത്തെ ആ സംഭവത്തില്‍ ഞങ്ങള്‍ക്ക് ലേശം സങ്കടം ഉണ്ടായിരുന്നെങ്കിലും പിന്നെ അത് മാറിക്കിട്ടി. ഇല്ലാത്ത കാരണത്തിന് ഞങ്ങളെ ആ വീട്ടില്‍ നിന്നും പുറത്താക്കുകയും, കള്ളക്കണക്ക് പറയുകയും, പിന്നെ ഒരുപാട് ഗുലുമാല്‍ ഉണ്ടാക്കുകയും ചെയ്തപ്പോള്‍ ഞങ്ങളുടെ ഇടയില്‍ നിന്നും ആ ഡയലോഗ് വന്നു: ” അളിയാ, അന്ന് അറിയാതെയാണ് പറ്റിയതെങ്കിലും ഇപ്പൊ അത് നന്നായി എന്ന് തോന്നുന്നു. കണക്ക് ശരിയായല്ലോ..”

Monday 16 July 2012

സമദൂരം,ബഹുകേമം


കുറെ നാളായി മനുലോകം പൂരം കഴിഞ്ഞ അമ്പലപ്പറമ്പ് പോലെ ആയിട്ട്. എന്തെങ്കിലും എഴുതാന്‍ തോന്നുന്നുമില്ല, തോന്നിയാല്‍ തന്നെ സമയവും ഇല്ല. അങ്ങനെ ഇരിക്കുമ്പോഴാണ് പിറവം തിരഞ്ഞെടുപ്പും കോലാഹലങ്ങളും ഒക്കെ വന്നത്. ആ ശെല്‍വണ്ണന്‍ ഒരു കണക്കിന് ജയിച്ചു കേരിയപ്പോ കൊറേ പേര് അതിന്റെ ക്രെഡിറ്റ്‌ എടുക്കാന്‍ വന്നെക്കുന്നു. അല്ല ചങ്ങായീ, സഭയും നാടാരും വെള്ലാപ്പള്ളീം ഒക്കെ പറയുന്നു ഞങ്ങള്‍ കാരണമാണ് ലങ്ങേരു ജയിച്ചതെന്ന്. പിന്നെ ആ ‘സമദൂരം’, അത് നമുക്കങ്ങോട്ടു ശ്ശീ പിടിച്ചിരിക്കുന്നു. എന്താ കളി... നടുവിലങ്ങോട്ടു നിന്ന് കൊടുത്താ മതി, ജയിക്കുന്ന പാര്‍ട്ടിയെ മാമാന്നും വിളിച്ചു ഒക്കത്ത് കേറിയിരുന്നു മുള്ലാം. കുറുപ്പ് ആളൊരു പഹയന്‍ തന്നെ. ഈ ഇക്വേഷന്‍ കണ്ടു പിടിച്ചതിനു തീര്‍ച്ചയായും ഒരു അവാര്‍ഡ്‌ കൊടുക്കണം. അല്ല, ഈ കുറുപ്പ് ആര്‍ക്കാ വോട്ട് ചെയ്തെന്നു അയാള്‍ക്കരിയോ ആവോ.? അയാളുടെ കൂടെയുള്ള ബാക്കിയുല്ലോരും മിക്കവാറും ഇടതന്റെയും വലതന്റെയും പടത്തിന്റെ നടുക്കാകും വോട്ട് കുത്തിയിട്ടുണ്ടാകുക. അപ്പൊ, മിക്കവാറും ‘അസാധു’ എന്നാ സാധനം ആയിട്ടുണ്ടാകും. അപ്പോപ്പിന്നെ ഈ വോട്ടൊക്കെ ആരാ ചെയ്തെ..? പോ സൈമാ , ആര് ചെയ്താലെന്താ, നമുക്ക്  ഈ ‘സമദൂരം’ പിടിച്ചു കളിച്ചാ പോരെ.
എന്തായാലും ‘ആചാര്യന്മാര്‍’ വിവാദം ഉണ്ടാക്കാന്‍ മുടുക്കന്മാരാ. ഈ വിവാദം ഉണ്ടാക്കീട്ട് ഇടയില്‍ക്കൂടി പാലം പണിയണ ടീമാ.. നമ്മട അഞ്ചാം മന്ത്രി പ്രശ്നം തന്നെ കാരണം. ന്യായമായി നോക്കുവാനെങ്കില്‍, ഇത്ര തോനെ എം എല്‍ എ മാര്‍ ഉള്ള പാര്‍ട്ടിക്ക് അവകാശപ്പെട്ടത് തന്നെ ആ ഒരു അഞ്ചാം മന്ത്രി. (പക്ഷെ പച്ച ലഡ്ഡു മാത്രം തിന്നുന്ന പഹയന്മാര്‍ അഞ്ചാം മന്ത്രിക്കു വേണ്ടിയല്ല, മറിച്ചു മഞ്ഞളാംകുഴി അലി എന്നാ വ്യക്തിക്കുവേണ്ടി വാദിച്ചു എന്നതാണ് ശരി. എന്നിട്ടെന്തായി, പഷ്ട്ട് സ്ഥാനോം കിട്ടി, ഒള്ള സീറ്റ്‌ പോകേം ചെയ്തു.) അപ്പോളേക്കും, കുറുപ്പ് സട കുടഞ്ഞെഴുന്നേറ്റു. എന്റ പൊന്നോ, എന്തോകെയായിരുന്നു. ഇപ്പൊ ചുളുവിന് ‘സംഘ’ത്തിനു കൊറേ സ്ഥലോം പട്ടയവും കിട്ടിയപ്പോ ഒര്ടെ പ്രഷര്‍ പോയി. ചുരുക്കുപ്പറഞ്ഞാ, പച്ച കാര്‍ഡ്‌ കാണിച്ചു ആളെ പുരതാക്കീട്ടു, ‘മഞ്ഞ’ കാര്‍ഡ്‌ വെച്ചൊരു ഒന്നൊന്നര കളി.
വെള്ളാപ്പള്ളി സാര്‍, അതിനിടക്ക് രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കാന്‍ പോകുന്നു എന്നൊക്കെ കേട്ടു. സിമന്റിന് വില കൂടിയത് കൊണ്ടാകും അത് ഉണ്ടാക്കന്ടെന്നു വെച്ചെന്ന് കേട്ടു. അതിനിടയില്‍ വേറൊരു വാര്തെം കേട്ട്, പാര്‍ട്ടി ഉണ്ടാക്കിയാലും ‘സമദൂരം’ തന്നെ കൊണ്ട് നടക്കും ന്ന്. പൊന്നു പൊന്നു പൊന്നു ചങ്ങായെ, പിന്നെന്തിനാടോ ഒരു പാര്‍ട്ടി? ഹാ, നമ്മക്കും കൊത്തിപ്പറിക്കാന്‍ കിട്ടിയ ചാന്‍സ്‌ കളയണോ, അല്ലെ?
എന്തായാലും യു ഡി എഫ മാമന്റെ ഒക്കത്തിരുന്ന് കുറുപ്പും പള്ളിയും കൂടി മുള്ളി നാറ്റിക്കും. മാമന് മിണ്ടാന്‍ പറ്റാത്ത അവസ്ഥയും. പിള്ളാര് ഹൈ-ടെക് ആണേ, പണി പാലുംവെള്ളതില്‍ കിട്ടും. മാമാ, എല്ലാം ഓലപ്പാമ്പ് ആണെന്നേ .മാമന് അത് മനസ്സിലാക്കാനുള്ള ‘പുത്തി’ ഇല്ലാണ്ട് പോയി. എന്ത് ചെയ്യാന്‍... അവര് മുള്ളട്ടെ....
അടിക്കുറിപ്പ്: വെള്ളാപ്പള്ളി സാര്‍ പേര് മാറ്റി വെള്ളയമ്പലം എന്നാക്കാന്‍ പോകുന്നു എന്നും കേള്‍ക്കുന്നു.     


Saturday 16 June 2012

നിഴല്‍

          
          ഈ നിഴല്‍ എന്റെതാണോ എന്നെനിക്കറിയില്ല. ഞാന്‍ പോകുന്നിടത്തെല്ലാം എന്നെ വെറുതെ പിന്‍തുടരുന്നു. ഒരു പക്ഷെ എന്നോടെന്തോ പറയാനുണ്ടോ? അതോ എന്തോ എന്നില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നോ? പലപ്പോഴും തോന്നിയിട്ടുണ്ട്, എന്നെ ഇത്ര മേല്‍ മനസ്സിലാക്കാന്‍ നിനക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ എന്ന്. നീയല്ലെന്കില്‍ പിന്നെ ആര്‍ക്കാണ് എന്നെ മനസ്സിലാക്കാന്‍ സാധിക്കുക? പലപ്പോഴും ആരവങ്ങളുടെയും വെളിച്ചത്തിന്റെയും ഇടയില്‍ ഞാന്‍ നിന്നെ  മറക്കാറുണ്ട്‌. പക്ഷെ എന്റെ ചുറ്റില്‍ എവിടെയൊക്കെയോ സ്വയം വെളിവാകാതെ നീ ഉണ്ട് എന്നെനിക്കറിയാം. ഇവിടെ ഞാന്‍ തന്നെയാണ് തെറ്റുകാരന്‍. ഒറ്റക്കാകുമ്പോള്‍, ഇരുട്ടിന്റെ മറവില്‍, ഒരുചെറു വിളക്കിന്റെ വെളിച്ചത്തില്‍ നീ എന്റെ ചാരത്തു വന്നിരിക്കും. നീ മാത്രം.. പക്ഷെ പ്രകാശം പറന്നു കണ്ണ് മഞ്ഞളിക്കുമ്പോള്‍ ഞാന്‍ നിന്നെ മറന്നു പോകുന്നു. ഇല്ല, അങ്ങിനെ പറയരുത്. നിന്നെ മറക്കുന്നതല്ലാ.. അതെനിക്ക് കഴിയില്ല. “ഞാന്‍ ഇവിടെയുണ്ട്, നീ എന്നെ ഒന്ന് നോക്കുമോ” എന്ന് ഒരു വാക്ക് ആ രാത്രികളിലെതെങ്കിലും ഒന്നില്‍ നീ പറഞ്ഞിരുന്നെങ്കില്‍, ആ നനുത്ത സുഖമുള്ള, ചെറുവെളിച്ചം കൊണ്ട് അലങ്കരിച്ച ഇടത്തേക് ഞാന്‍ വരുമായിരുന്നു, നിനക്കായ് മാത്രം. ഇരുട്ട് കൂടുമ്പോഴും നീ പോകുന്നില്ല എന്നെനിക്കറിയാം, നീ എന്നിലേക്ക് ചുരുണ്ട് കൂടുന്നതാണ്. അങ്ങിനെ വേറാരുമില്ലാത്ത ലോകത്ത് നാം ഒന്നാകുന്നതാണ്. ഇല്ല.. കൂടുതല്‍ പറയുന്നില്ല... ഇവിടെ, നീ പറഞ്ഞില്ല, ഞാന്‍ അറിഞ്ഞില്ല, അത്ര മാത്രം. ഇപ്പോഴും നിഴല്‍ എന്റെ കൂടെ ഉണ്ട്, ഞാന്‍ നിഴലിന്റെ കൂടെയും. എങ്കിലും ഈ നിഴല്‍ ആരുടെതാണ്..? വിട ചൊല്ലാതെ, ഒന്നും പറയാതെ, എന്റെ ഒപ്പം ഉള്ള, അല്ല എന്റെ ഉള്ളില്‍ ഉള്ള ആ നിഴല്‍ നീയാണോ എന്നേ അറിയേണ്ടൂ...???