Sunday, 6 November 2011

പൂവ് പഠിപ്പിച്ച പാഠം          കഴിഞ്ഞ ആഴ്ചകളില്‍  ഒന്നില്‍ മുറ്റത്തെ പൂന്തോട്ടത്തില്‍ വിടര്‍ന്ന പനിനീര്‍ പുഷ്പം ആണ് ഇത്. പണ്ട് മുതലേ എനിക്ക് ചെടിയും പൂന്തോട്ടവുമൊന്നും വലിയ താല്‍പര്യം ഇല്ലാത്തതാണ്. പക്ഷെ എന്തോ ,പെട്ടെന്നൊരു ദിവസം അത് വരെ കാണാത്തൊരു ഭംഗി മുറ്റത്ത്‌ കണ്ടു. നല്ല ചുവന്നു തുടുത്ത ഒരു റോസാപ്പൂ. കുറെ നേരം അതിന്റെ ഭംഗി നോക്കി നിന്നു. ചെടിയില്‍ ആകെ ആ ഒരു പൂ മാത്രമേ ഉള്ളു. മണം തീരെ ഇല്ല ..അല്ലെങ്കിലും പനിനീര്‍ പുഷ്പ്പത്തിന്റെ പ്രത്യേകത അതാണല്ലോ. ബാക്കിയുള്ള പൂവുകള്‍ നിറവും മണവും എല്ലാം കൊണ്ടും നമ്മെ ആകര്‍ഷിക്കുമ്പോള്‍ ഭംഗി മാത്രം ആഭരണമാക്കുന്നവളാണല്ലോ ‘പ്രണയപുഷ്പം’. അതിന്റെ ഭംഗി കൊണ്ട് തന്നെ ഞാന്‍ അപ്പോള്‍ത്തന്നെ മൊബൈലിലെ കാമറയില്‍ ചിത്രം പകര്‍ത്തി. 

          പിന്നെ ഞാന്‍ ദിവസവും രാവിലെ അന്വേഷിക്കുന്ന കാര്യങ്ങളില്‍ ആ പൂവും ഉണ്ടായിരുന്നു.. വെയിലത്ത്‌ വാടുമെന്നു വിചാരിചെന്കിലും അതിന്റെ ചുവപ്പ് നിറം വെയിലിനെ നിഷ്പ്രഭാമാക്കിയെന്നു തോന്നി. മഴ പെയ്യുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. മഴത്തുള്ളികള്‍ പെയ്യുമ്പോള്‍ നമ്മള്‍ തണുത്തു വിറയ്ക്കുന്ന പോലെ അതും വിറക്കുന്നുണ്ടായിരുന്നു. തന്നില്‍ വിടര്‍ന്ന ഒരേ ഒരു പൂവ് അടര്‍ന്നു പോകുമോ എന്ന് ചെടി ഭയക്കുന്നുണ്ടാകും. അത് കൊണ്ടാകും വികൃതി പിള്ളാരെ ഒഴിവാക്കാന്‍ മുള്ളുകളും ദേഹത്ത് പതിച്ചു അത് നില്‍ക്കുന്നത്. മഴ പോയപ്പോള്‍ പിറകെ കാറ്റ് വന്നു. രണ്ടു പേരും കൂട്ടുകാരാണല്ലോ. കാറ്റ് സര്‍വശക്തിയും എടുത്തു പൂവിന്റെ അടുത്ത് ചെന്നു. പേടിച്ചരണ്ട പേടമാനെപ്പോലെ ആ പൂവ് അകന്നകന്നു പോയി. പൂവ് പതുക്കെ മതിലിന്റെ ഒരരികില്‍ ചേര്‍ന്ന് നിന്നു.അങ്ങനെ പൂവ് അതിന്റെ സൗന്ദര്യവും വിടര്‍ത്തി നിന്നു കുറച്ചു നാള്‍. ഒരു റോസാപ്പൂ ഇത്രയും നാളൊക്കെ  നില്‍ക്കുമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.

          പക്ഷെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. പൂവിന്റെ നിറം കടുത്ത് കടുത്ത് അല്പം കരിനിറം ആയിട്ടുണ്ട്‌. പതുക്കെ പതുക്കെ എല്ലാ ഇതളുകളും വാടിക്കരിഞ്ഞു. പക്ഷെ എന്നിട്ടും ഇതളുകള്‍ ഒന്നും വേര്‍പെട്ടില്ല. അന്നത്തെ രാത്രിമഴ പെയ്തപ്പോള്‍ ചെടി ഒരുപാട് പേടിച്ചിട്ടുണ്ടാകും. മതിലിന്റെ അരികു ചേര്‍ന്നിട്ടും ഫലമുണ്ടായിക്കാണില്ല. രാവിലെ എഴുന്നേറ്റു നോക്കിയപ്പോള്‍ ചെടി വിഷാദം കൊണ്ടാണോ എന്നറിയില്ല. തല താഴ്ത്തി അനങ്ങാതെ ഇരിക്കുന്നു. പൂവില്ല...നോക്കിയപ്പോള്‍ ഇതളുകള്‍ അവിടവിടെയായി കിടക്കുന്നുണ്ട്.... താഴെ നനവ്‌ പടര്‍ത്തിയത് മഴയോ അതോ ചെടിയുടെ കണ്ണുനീരോ എന്നറിയില്ല....

          പനിനീര്‍പ്പൂവിനെ ആലോചിക്കുമ്പോള്‍ ഇപ്പൊ എന്റെ മനസ്സില്‍ മിന്നി മായുന്നത് എന്‍റെ ജീവിതമാണ്. കാറ്റും വെയിലും ഉലക്കാതെ ആരൊക്കെയോ എന്നെ കാത്തു സൂക്ഷിച്ചു. ഇനി വാടിക്കൊഴിഞ്ഞു വീഴുന്നതെന്നാണ് എന്ന് അറിയില്ല. മാതൃത്വം എന്തെന്ന് എനിക്ക് ദൈവം കാണിച്ചു തന്നതാണോ ആ ചെടിയിലൂടെ? ആര്‍ക്കെങ്കിലുമൊക്കെ സന്തോഷം നല്‍കാന്‍ കഴിഞ്ഞെങ്കില്‍ ആ പനിനീര്‍പ്പൂവോളം എങ്കിലും എത്താന്‍ പറ്റിയെങ്കില്‍. ഇന്ന് ആ ചെടിയില്‍ പുതിയൊരു മൊട്ട് ഇട്ടിട്ടുണ്ട്. വിരഹവേദനകള്‍ നല്‍കാനാണ് വിരിയുന്നത് എന്നറിഞ്ഞിട്ടും ചെടി ഇപ്പോഴും പൂവിനെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തുന്നു. ഒരു വെയിലും, ഒരു കാറ്റും പൂവിനെ സ്പര്ഷിക്കാതിരിക്കാന്‍. സ്വന്തം ദേഹത്ത് മുള്ളുകള്‍ നിറച്ചു പൂവിനെ സംരക്ഷിച്ചു കൊണ്ട് ഇപ്പോഴും ആ ചെടി അവിടെത്തന്നെയുണ്ട്... അതെ, ഒരു പൂവ് എനിക്ക് പഠിപ്പിച്ചു തന്ന പാഠം ആണിത്...
 “ഒരു പനിനീര്‍പ്പൂവാണ്  എന്‍റെ ഈ ജന്മം.....”