Sunday, 28 October 2012

അങ്ങനെ ഒരു നോമ്പുകാലത്ത്


       
    വലിയ സംഭവം ഒന്നും അല്ലെങ്കിലും ഇത് സംഭവിച്ചതാണ് കേട്ടോ.. ഇവിടെ പക്ഷെ നായകനും നായികയും ഒന്നും ഇല്ല. ഒരു വില്ലനും കുറച്ചു പാവം വില്ലന്മാരും ഉണ്ട്. ഒരു ടൈപ്പ് villain Vs Villains കളി. നമുക്ക് നമ്മുടെ ശരിക്കുള്ള വില്ലനെ Yahoo.T എന്ന് വിളിക്കാം. പേര് നിങ്ങള്‍ ഊഹിച്ചോ..ഞാന്‍ പറഞ്ഞു തരില്ല. പറഞ്ഞാല്‍ ‘സുരക്ഷാപ്രശ്നം’ ഉണ്ട്. ഇനി കഥയിലേക്ക്...

         പശ്ചാത്തലം മലപ്പുറത്തെ കുറ്റിപ്പുറത്തുള്ള ഒരു വാടക വീട്. സത്യം പറഞ്ഞാല്‍ ഒരുപാട് സ്വപ്നങ്ങളോടെയും അവസാനം അങ്ങേയറ്റത്തെ നിരാശയോടെയും എന്ജിനീയറിംഗ് എന്നാ കുരുക്കില്‍ പെട്ട ഞങ്ങള്‍ ഏഴു പേരുടെ ‘ഹോസ്റ്റല്‍’. അതിന്‍റെ ‘മുതലാളി’ ആണ് Yahoo.T .  പഠിച്ചത് IT ആയത് കൊണ്ടായിരിക്കും YAHOO.T യെത്തന്നെ ഞങ്ങടെ ‘മൊയലാളി’ ആയി കിട്ടിയത്. ഇനി ബാക്കി കഥാപാത്രങ്ങള്‍. അത് ഞങ്ങളാ.. പക്ഷെ പേര് പുറത്തു പറയില്ല.. വേണമെങ്കില്‍ എല്ലാരുടേം ഇരട്ടപ്പേര് പറയാം. മറ്റൊന്നും കൊണ്ടല്ല, Yahoo.T നാട്ടിലെ പ്രമാണി ആണ്(ആര്‍ക്കും കണ്ണെടുത്താ കണ്ടൂട എങ്കിലും). നേരെ പേര് പറഞ്ഞു തൊടങ്ങിയാ ഒരു ‘ഇത്’ കിട്ടൂല.. അതോണ്ട് ഇതാ, ഞങ്ങള്‍ ഏഴു പേര്‍ : തുമ്പി, ഡുണ്ടു, ഡിങ്കന്‍, ഉസ്താദ്‌, പെടലി, ആര്‍ ഡി എക്സ്, മൂപ്പന്‍. (ഈ ഇരട്ടപ്പേ രുകള്‍ പുറത്തു വിട്ടതിനാല്‍ പിന്നെയും സുരക്ഷാ പ്രശ്നം ഉണ്ടാകാന്‍ ചാന്‍സ്‌ ഉണ്ട്).

          Yahoo.T നാട്ടിലെ സമ്പന്നന്‍ ആണെങ്കിലും സ്പോഞ്ച് വെള്ളം വലിച്ചെടുക്കുന്നത് പോലെയാണ് പണത്തോടുള്ള അങ്ങേരുടെ ആര്‍ത്തി. ഹോസ്റ്റല്‍ വിട്ടു വാടകക്ക് വീടും തേടി അയാളുടെ മുന്നില്‍ നിന്നപ്പോള്‍ അയാള്‍ ചിരിച്ച ആ 900 വാള്‍ട്ട് ചിരി..ഹോ.. ഞങ്ങള്‍ അങ്ങ് എടുത്തു ആ വീട്. പോരാത്തതിന് അങ്ങേരു ഹാജി കൂടിയാണെന്ന് കേട്ടപ്പോ ഒന്നും ആലോചിച്ചില്ല.. ഇത്രേം നല്ല മൊതലാളിയെ വേറെ  എവിടെക്കിട്ടും..? ഞങ്ങള്‍ താമസിച്ചതിന്റെ പിറ്റേ ദിവസം മുതല്‍, ഞങ്ങള്‍ എഴുന്നെല്‍ക്കുന്നതിന് മുന്‍പേ ഞങ്ങളുടെ റൂമില്‍ കയറി എല്ലാം നിരീക്ഷിച്ചു, ‘ഒരാവശ്യവും ഇല്ലാതെ’ തെങ്ങിന് തടമെടുത്തും വാഴയുടെ ഇല പറിച്ചും അവിടെ തന്നെ ഉണ്ടാകും. അയാളുടെ ജാഗ്രത കണ്ടാല്‍ ഞങ്ങള്‍ രാത്രിയെങ്ങാന്‍ ആ വീടും എടുത്തു വണ്ടി കേറുമോ എന്ന് തോന്നും. ഇങ്ങനെയൊക്കെ ആണെങ്കിലും ഞങ്ങള്‍ ഏഴു പേര്‍ക്കും സ്വര്‍ഗ്ഗം ആയിരുന്നു അവിടം. അങ്ങനെയങ്ങനെ റംസാന്‍ നോമ്പുകാലം വന്നെത്തി. റംസാന്‍ കാലത്ത് കോളേജ് കുറച്ചു നേരത്തെ വിടും. ക്ലാസ്സ്‌ കഴിഞ്ഞു വന്നാല്‍ ഞങ്ങള്‍ നേരെ ഞങ്ങളുടെ ഹോസ്റ്റലിന്റെ പിന്നിലുള്ള ഗ്രൌണ്ടില്‍ ക്രിക്കറ്റ്‌ കളിക്കാന്‍ പോകും. ആദ്യമൊക്കെ കനമില്ലാത്ത, എന്നാല്‍ വിലയുള്ള ടെന്നീസ് പന്ത് ഉപയോഗിച്ചാണ് കളിച്ചിരുന്നത്. അതുകൊണ്ട് ബോള്‍ വാങ്ങാനേ സമയവും പൈസയും ഉണ്ടായിരുന്നുള്ളൂ.. അത് കൊണ്ടു പെട്ടെന്ന് പൊട്ടാത്ത ‘ചെരുപ്പ് പന്ത്’(എന്റെ നാട്ടില്‍ അങ്ങനെയാ പറയുന്നത്) വാങ്ങി. നല്ല കനമാണെ, ഉള്ളു മുഴുവന്‍ റബ്ബര്‍ തന്നെ...

          അങ്ങനെ ഒരു ദിവസം ഞങ്ങള്‍ ക്രിക്കറ്റ്‌ കളിക്കുന്നു. കളിക്കാന്‍ വേറെ ക്ലാസ്സിലെ ഒരു കൂട്ടുകാരന്‍ കൂടി ഉണ്ട്. Yahoo.T  വെറുതെ ‘അനാവശ്യ’ ജോലികളും ചെയ്തു അവിടെയൊക്കെ തന്നെ ഉണ്ട്. ഒരു പണിയും ഇല്ലാത്തവര്‍ക്ക് ചെയ്യാന്‍ പറ്റിയ കൊറേ ഒലക്ക പണികളുണ്ട്. അതാണ്‌ അയാളുടെ പണി. നമ്മുടെ ഒരു ചെറിയ ഗ്രൗണ്ട് ആയത് കൊണ്ടു നാടന്‍ നിയമങ്ങളായ “മതിലിനു മീതെ പോങ്ങിപ്പോയാല്‍ ഔട്ട്‌, ചുമരില്‍ കൊണ്ടാല്‍ ഔട്ട്‌”, അങ്ങനെയുള്ളതൊക്കെയുണ്ട്. അങ്ങനെ കളി തുടങ്ങി കുറച്ചായി. ബാറ്റു ചെയ്യുന്നത് ആ കൂട്ടുകാരന്‍, ബോള്‍ ചെയ്യുന്നത് ഞാന്‍. ഞാന്‍ ബോള്‍ എറിഞ്ഞു, അവന്‍ ബാറ്റു ചെയ്തു. ബോള്‍ ഏകദേശം ‘ബുര്‍ജ്‌ ഖലീഫയുടെ’ ഹൈറ്റ് എത്തിയോ എന്ന് ഞങ്ങള്‍ സംശയിച്ചു. എന്തായാലും അവന്‍ ഔട്ട്‌ അല്ലെ.. പക്ഷെ അവിടം കൊണ്ടു തീര്‍ന്നില്ല. ബോള്‍ പോകുന്നത് നിരോധിത റൂട്ടിലൂടെ ആണെന്ന സത്യം ഞങ്ങള്‍ ഞെട്ടലോടെ മനസ്സിലാക്കി. ആരൊക്കെയോ ‘തലാ...’ എന്ന് കാറുന്നത് പോലെ തോന്നി. ഇത് പക്ഷെ  ‘ചോട്ടാ മുംബൈയില്‍’ മോഹന്‍ലാലിന്‍റെ ആ “തലാ.....തലാ....” പാട്ട് ആയിരുന്നില്ല... ബോള്‍ ലാന്‍റ് ചെയ്യാന്‍ പോകുന്നത് വേറൊരു തലയിലായിരുന്നു..  ബോളിന്‍റെ ലക്‌ഷ്യം വീക്ഷിച്ചിരുന്ന ഞങ്ങളുടെ കണ്ണുകള്‍ സഡന്‍ ബ്രേക്ക് ഇട്ടതു Yahoo.T യുടെ തലയിലായിരുന്നു. അതെ, ആകാശം വരെ പോയ, ഇരുമ്പുണ്ട പോലെ കനമുള്ള ആ ബോള്‍ ചെന്ന് വീണത്‌ ‘ഒരാവശ്യവും ഇല്ലാത്ത’ പണി ചെയ്തോണ്ടിരുന്ന നല്ല കണ്ണാടി പോലെ തിളങ്ങുന്ന അയാളുടെ കഷണ്ടിത്തലയുടെ (0,0) പോയിന്‍റില്‍ ആയിരുന്നു. പിന്നെ എന്ത് പറയാന്‍, ഒരുമാതിരി സന്തോഷ്‌ പണ്ഡിറ്റിന്‍റെ പടം ബ്ലാക്കിനെടുത്തു കണ്ടവരുടെ അവസ്ഥയില്‍ ആയിപ്പോയി ഞങ്ങള്‍. എന്ത് ചെയ്യണമെന്നോ, ഇനി എന്തെന്നോ അറിയാത്ത അവസ്ഥ.. Yahoo.T അവിടെ ഇരുന്നു. ആരൊക്കെയോ പോയി വെള്ളം എടുത്തു കൊണ്ട് വന്നു കൊടുത്തു. അയാള്‍ ആ വെള്ളം കുടിച്ചു തലയും തിരുമ്മി കുറച്ചു കഴിഞ്ഞപ്പോ അങ്ങ് പോയി. ഒരു ‘മഹായുദ്ധം’ പ്രതീക്ഷിച്ച ഞങ്ങള്‍ക്ക് ആശ്വാസമായി... വെറും ആശ്വാസം അല്ല..ഒരു വല്ലാത്ത ആശ്വാസം. പിന്നീട് ആ ബോള്‍ അത്രയ്ക്ക് കൃത്യമായി അടിച്ച കൂട്ടുകാരന്‍ ‘ജിന്ന്‍’ ആയിരുന്നോ എന്ന് തോന്നിയിട്ടുണ്ട്. കാരണം അന്ന് ആ സ്പോട്ടില്‍ സ്കൂട്ട് ആയ അവനെ പിന്നെ എത്ര നാള്‍ കഴിഞ്ഞാണെന്നോ അവിടെ കണ്ടത്...

          അന്നത്തെ ആ സംഭവത്തില്‍ ഞങ്ങള്‍ക്ക് ലേശം സങ്കടം ഉണ്ടായിരുന്നെങ്കിലും പിന്നെ അത് മാറിക്കിട്ടി. ഇല്ലാത്ത കാരണത്തിന് ഞങ്ങളെ ആ വീട്ടില്‍ നിന്നും പുറത്താക്കുകയും, കള്ളക്കണക്ക് പറയുകയും, പിന്നെ ഒരുപാട് ഗുലുമാല്‍ ഉണ്ടാക്കുകയും ചെയ്തപ്പോള്‍ ഞങ്ങളുടെ ഇടയില്‍ നിന്നും ആ ഡയലോഗ് വന്നു: ” അളിയാ, അന്ന് അറിയാതെയാണ് പറ്റിയതെങ്കിലും ഇപ്പൊ അത് നന്നായി എന്ന് തോന്നുന്നു. കണക്ക് ശരിയായല്ലോ..”