Showing posts with label തട്ടിക്കൂട്ട്. Show all posts
Showing posts with label തട്ടിക്കൂട്ട്. Show all posts

Tuesday, 2 February 2016

തീര്‍ഥയാത്ര



ഇന്നിലെ ഞാനെന്ന സ്വത്വത്തെ ഈ നിമിഷം വലിച്ചെറിഞ്ഞു ,
എനിക്കിന്നൊരു തീര്‍ഥയാത്ര പോകണം...
കാടും മേടും താണ്ടി ദിക്കുകള്‍ക്കുമപ്പുറം ചെന്ന്,
നിന്റെ ഓര്‍മ്മകള്‍ കൂട്ടിയിട്ട് അതിനു മേല്‍ തപസ്സിരിക്കണം....
ഒടുവില്‍ താടിയും ജടയും നിന്റെ ഓര്‍മകള്‍ക്ക് മേല്‍ മറ തീര്‍ക്കുമ്പോള്‍,
ഞാന്‍ മടങ്ങിപ്പോകും.....
ഞാന്‍ വിട്ടെറിഞ്ഞ പൂര്‍വസ്വത്വത്തിന്റെ മുന്നില്‍ ചെന്ന് നില്‍ക്കും ഞാന്‍,
പകുത്തു കൊടുത്ത, പണയം വെച്ച സ്വത്വത്തിനു മുന്നില്‍....
ചൂണ്ടുവിരല്‍ ചൂണ്ടി അന്ന് ഞാന്‍ ചോദിക്കും,
എന്തിനു സ്നേഹിച്ചു നീ അവളെ ഇത്ര മേലെന്ന്...”

                                                                          -മനു

Tuesday, 6 November 2012

മുത്തശ്ശന്‍ മരം



ഒരു കവിയുണ്ടായിരുന്നു. കവിയുടെ തോട്ടത്തില്‍ നിറയെ മരങ്ങളുമുണ്ടായിരുന്നു. നല്ല കവിതകള്‍ കായ്ക്കുന്ന മരങ്ങള്‍... ഒരിക്കല്‍ കവി തന്‍റെ മരത്തിലെ കവിതകള്‍ ലോകത്തിനു പാടിക്കൊടുത്തു. അവര്‍ പറഞ്ഞു “ ഇതില്‍ പ്രണയമില്ല”. കവി യാത്ര തിരിച്ചു. പ്രണയം കായ്ക്കുന്ന മരവും തേടി........

    കാതങ്ങള്‍ താണ്ടി, കാണാത്ത നാടുകള്‍ കണ്ടു, ചക്രവാളങ്ങള്‍ അകലെയല്ലാതായി...പക്ഷെ, കവി തേടി നടന്ന പ്രണയത്തിന്‍റെ മരം മാത്രം കണ്ടില്ല. കവി ഇതുവരെ എഴുതിയ കൈകളെക്കാള്‍, കാലുകള്‍ സഞ്ചരിച്ചു, ഹൃദയം മിടിച്ചു...എന്നിട്ടും, പ്രണയത്തിന്‍റെ മരം മാത്രം കണ്ടില്ല.

    അങ്ങിനെ കവി വിജനമായ ഒരിടത്തെത്തി. അവിടെ ഒരു മുത്തശ്ശന്‍ മരം മാത്രം. അകലെയൊന്നും മറ്റൊന്നും കാണാനില്ല. തന്‍റെ മനസ്സിലെ ചിത്രത്തിലുള്ള പച്ചിലകള്‍ നിറഞ്ഞ, നിറയെ പൂക്കളുള്ള ആ പ്രണയത്തിന്‍റെ മരം മാത്രം കണ്ടില്ല. ഇനി ലോകത്ത് നോക്കാന്‍ കവിതയുടെ മരങ്ങള്‍ ബാക്കിയുമില്ല.
    പകച്ചു നില്‍ക്കുന്ന കവിയോട് മുത്തശ്ശന്‍ മരം ചോദിച്ചു: “എന്താണ് നീ തിരയുന്നത്..?”.
കവി പറഞ്ഞു: “പ്രണയത്തിന്‍റെ കവിതകള്‍ കായ്ക്കുന്ന മരം തേടുകയാണ് ഞാന്‍”.
“ഓ... പ്രണയത്തെ നിന്റെ വരികളിലും നിന്റെ ഹൃദയത്തിലും നിറച്ച കവീ, നിനക്കെന്നെ മനസ്സിലാകുന്നില്ലേ? ഞാന്‍ തന്നെയാണ് നീ തേടുന്ന പ്രണയത്തിന്‍റെ മരം.”
കവി പറഞ്ഞു: “ അല്ല, അങ്ങിനെയല്ല അവര്‍ പറഞ്ഞത്... ഇത് ഇലകളൊക്കെ പൊഴിഞ്ഞ, പൂക്കളില്ലാത്ത ശോഷിച്ച മരമല്ലേ.. അവര്‍ പറഞ്ഞ പ്രണയത്തിന്‍റെ മരം നിറയെ പൂക്കളാണ്, പച്ചിലകള്‍ കൊണ്ട് നിറഞ്ഞതാണ്...”
മുത്തശ്ശന്‍ മരം ചോദിച്ചു: “ലോകത്തോട് ചോദിച്ചാണോ നീ പ്രണയത്തെ മനസ്സിലാക്കുന്നത്? നീ പ്രണയിച്ചവനല്ലേ, നീ പ്രണയത്തിന്‍റെ കവിയല്ലേ? നിന്റെ പ്രണയം നിനക്ക് സമ്മാനിച്ചത് പൂക്കളാണോ?..... കുഞ്ഞേ, പ്രണയിക്കാത്തവരുടെ പ്രണയത്തിനേ മധുരമുള്ളൂ, വര്‍ണങ്ങളുള്ളൂ.... പ്രണയിച്ചവരുടെ പ്രണയത്തിനെന്നും ഉള്ളു പൊള്ളുന്ന വേദനയാണ്....”
കവി ചിന്തിച്ചു, ശരിയാണ്... തന്‍റെ സ്വപ്നങ്ങളെയാണ് താന്‍ ഇത്ര നാള്‍ പ്രണയമെന്ന പേര് വിളിച്ചത്. താന്‍ തന്നെത്തന്നെ വിശ്വസിപ്പിക്കുകയായിരുന്നു പ്രണയം സുഖകരമാണെന്ന്. അതിന്‍റെ വേദന അറിഞ്ഞുകൊണ്ട് തന്നെ.....
കവി മുത്തശ്ശന്‍ മരത്തോട് ചോദിച്ചു: “ ഇനി ഞാന്‍ എങ്ങോട്ടാണ് പോകേണ്ടത്?”
മുത്തശ്ശന്‍ മരം പറഞ്ഞു: “ നീ പ്രണയത്തിന്‍റെ കവിയല്ലേ, നീ പ്രണയിച്ചവനല്ലേ? ഇപ്പോള്‍ പ്രണയം എന്തെന്ന് അറിഞ്ഞവനല്ലേ...? ഹൃദയം കൊണ്ട് പ്രണയിച്ചവര്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് ഞാന്‍ പറഞ്ഞു തരേണ്ട ആവശ്യം ഇല്ല...”

കവി ഒന്ന് പുഞ്ചിരിച്ചു. പ്രണയത്തിന്‍റെ മുത്തശ്ശന്മരച്ചുവട്ടില്‍ ഒരു അപ്പൂപ്പന്‍താടിയെപ്പോലെ കവി വീണു. മുത്തശ്ശന്‍ മരത്തിലെ അവശേഷിച്ച ഉണങ്ങിയ ഇലകള്‍ വന്നു കവിയുടെ ചേതനയറ്റ ശരീരം മറച്ചു. അതില്‍ ഒരിലയില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: “ കറയറ്റ പ്രണയം മരിച്ചിരിക്കുന്നു....”

Sunday, 25 September 2011

കൊരച്ച് കൊരച്ച്

              
           നടന്നു പോകുമ്പോള്‍ ആരോ പിന്നില്‍ നിന്ന് തോണ്ടി. അയാള്‍ നിന്നിട്ട് തിരിഞ്ഞു നോക്കി. ഒരു പെണ്‍കുട്ടി. വസ്ത്രങ്ങള്‍ അല്പം മോഡേണ്‍ ആണെങ്കിലും നല്ല മലയാളിത്തമുള്ള കുട്ടി. അയാള്‍ ചോദിച്ചു "എന്തെ?". അവള്‍ ചിരിച്ചിട്ട് ചോദിച്ചു. "ചെത്താ, എനിച്ചു ഒരു ഹെല്പ് ചെയ്യാമോ.. ഇവടെ ഈ ബുക്സ് ഒക്കെ കിച്ചണ കട പരഞ്ഞ് തരാമോ..?" . അയാള്‍ക്ക്‌ തോന്നി ഇതെന്തു ഭാഷ എന്ന്. "കുട്ടി പുറത്തെവിടെങ്കിലും ആണോ പഠിച്ചത്..?" . "അല്ല ചെത്താ , ഞാന്‍ കേരലത്തില്‍ തന്നെ പാട്ച്ചത്ത..". "എവിടാ മോളുടെ വീട്...?" . കുട്ടി ഒരുപാട് അടയാളങ്ങള്‍ പറഞ്ഞു നോക്കി. അയാള്‍ക്ക്‌ സ്ഥലം മനസ്സിലാകാത്തതോ ആ പെണ്‍കുട്ടിയുടെ 'ഫാഷ' മനസ്സിലാകാത്തതോ, എന്തോ അയാള്‍ക്ക്‌ ഒരു പിടിയും കിട്ടിയില്ല... അവസാനം കുട്ടി പറഞ്ഞു "ചെത്തനു സ്റ്റാര്‍ സിങ്ങര്‍ അവചരിപ്പിക്കുന്ന രണ്ജ്നി മാമിനെ അരിയുഒ..അടിന്റെ ചൊട്ടടുത്ത എന്റെ വീട്..." . അയാള്‍ക്ക് കാര്യം മനസ്സിലായി. ഈ മലയാളം നമ്മുടേതല്ല. അയാള്‍ പതുക്കെ തിരിഞ്ഞു നടന്നു. നടത്തത്തിനു വേഗത കൂടിയപ്പോള്‍ അയാളുടെ ബാഗില്‍ നിന്നും ഒരു 'മലയാള വ്യാകരണ' പുസ്തകം താഴെ വീണു. കള്ളന്മാരുടെ ശല്യം ഇല്ലാതെ ഏതോ ഒരു പുരാവസ്തു ഗവേഷകന്റെ വരവും കത്ത് അതങ്ങനെ കിടന്നു.......