Tuesday 6 November 2012

മുത്തശ്ശന്‍ മരം



ഒരു കവിയുണ്ടായിരുന്നു. കവിയുടെ തോട്ടത്തില്‍ നിറയെ മരങ്ങളുമുണ്ടായിരുന്നു. നല്ല കവിതകള്‍ കായ്ക്കുന്ന മരങ്ങള്‍... ഒരിക്കല്‍ കവി തന്‍റെ മരത്തിലെ കവിതകള്‍ ലോകത്തിനു പാടിക്കൊടുത്തു. അവര്‍ പറഞ്ഞു “ ഇതില്‍ പ്രണയമില്ല”. കവി യാത്ര തിരിച്ചു. പ്രണയം കായ്ക്കുന്ന മരവും തേടി........

    കാതങ്ങള്‍ താണ്ടി, കാണാത്ത നാടുകള്‍ കണ്ടു, ചക്രവാളങ്ങള്‍ അകലെയല്ലാതായി...പക്ഷെ, കവി തേടി നടന്ന പ്രണയത്തിന്‍റെ മരം മാത്രം കണ്ടില്ല. കവി ഇതുവരെ എഴുതിയ കൈകളെക്കാള്‍, കാലുകള്‍ സഞ്ചരിച്ചു, ഹൃദയം മിടിച്ചു...എന്നിട്ടും, പ്രണയത്തിന്‍റെ മരം മാത്രം കണ്ടില്ല.

    അങ്ങിനെ കവി വിജനമായ ഒരിടത്തെത്തി. അവിടെ ഒരു മുത്തശ്ശന്‍ മരം മാത്രം. അകലെയൊന്നും മറ്റൊന്നും കാണാനില്ല. തന്‍റെ മനസ്സിലെ ചിത്രത്തിലുള്ള പച്ചിലകള്‍ നിറഞ്ഞ, നിറയെ പൂക്കളുള്ള ആ പ്രണയത്തിന്‍റെ മരം മാത്രം കണ്ടില്ല. ഇനി ലോകത്ത് നോക്കാന്‍ കവിതയുടെ മരങ്ങള്‍ ബാക്കിയുമില്ല.
    പകച്ചു നില്‍ക്കുന്ന കവിയോട് മുത്തശ്ശന്‍ മരം ചോദിച്ചു: “എന്താണ് നീ തിരയുന്നത്..?”.
കവി പറഞ്ഞു: “പ്രണയത്തിന്‍റെ കവിതകള്‍ കായ്ക്കുന്ന മരം തേടുകയാണ് ഞാന്‍”.
“ഓ... പ്രണയത്തെ നിന്റെ വരികളിലും നിന്റെ ഹൃദയത്തിലും നിറച്ച കവീ, നിനക്കെന്നെ മനസ്സിലാകുന്നില്ലേ? ഞാന്‍ തന്നെയാണ് നീ തേടുന്ന പ്രണയത്തിന്‍റെ മരം.”
കവി പറഞ്ഞു: “ അല്ല, അങ്ങിനെയല്ല അവര്‍ പറഞ്ഞത്... ഇത് ഇലകളൊക്കെ പൊഴിഞ്ഞ, പൂക്കളില്ലാത്ത ശോഷിച്ച മരമല്ലേ.. അവര്‍ പറഞ്ഞ പ്രണയത്തിന്‍റെ മരം നിറയെ പൂക്കളാണ്, പച്ചിലകള്‍ കൊണ്ട് നിറഞ്ഞതാണ്...”
മുത്തശ്ശന്‍ മരം ചോദിച്ചു: “ലോകത്തോട് ചോദിച്ചാണോ നീ പ്രണയത്തെ മനസ്സിലാക്കുന്നത്? നീ പ്രണയിച്ചവനല്ലേ, നീ പ്രണയത്തിന്‍റെ കവിയല്ലേ? നിന്റെ പ്രണയം നിനക്ക് സമ്മാനിച്ചത് പൂക്കളാണോ?..... കുഞ്ഞേ, പ്രണയിക്കാത്തവരുടെ പ്രണയത്തിനേ മധുരമുള്ളൂ, വര്‍ണങ്ങളുള്ളൂ.... പ്രണയിച്ചവരുടെ പ്രണയത്തിനെന്നും ഉള്ളു പൊള്ളുന്ന വേദനയാണ്....”
കവി ചിന്തിച്ചു, ശരിയാണ്... തന്‍റെ സ്വപ്നങ്ങളെയാണ് താന്‍ ഇത്ര നാള്‍ പ്രണയമെന്ന പേര് വിളിച്ചത്. താന്‍ തന്നെത്തന്നെ വിശ്വസിപ്പിക്കുകയായിരുന്നു പ്രണയം സുഖകരമാണെന്ന്. അതിന്‍റെ വേദന അറിഞ്ഞുകൊണ്ട് തന്നെ.....
കവി മുത്തശ്ശന്‍ മരത്തോട് ചോദിച്ചു: “ ഇനി ഞാന്‍ എങ്ങോട്ടാണ് പോകേണ്ടത്?”
മുത്തശ്ശന്‍ മരം പറഞ്ഞു: “ നീ പ്രണയത്തിന്‍റെ കവിയല്ലേ, നീ പ്രണയിച്ചവനല്ലേ? ഇപ്പോള്‍ പ്രണയം എന്തെന്ന് അറിഞ്ഞവനല്ലേ...? ഹൃദയം കൊണ്ട് പ്രണയിച്ചവര്‍ എങ്ങോട്ടാണ് പോകേണ്ടതെന്ന് ഞാന്‍ പറഞ്ഞു തരേണ്ട ആവശ്യം ഇല്ല...”

കവി ഒന്ന് പുഞ്ചിരിച്ചു. പ്രണയത്തിന്‍റെ മുത്തശ്ശന്മരച്ചുവട്ടില്‍ ഒരു അപ്പൂപ്പന്‍താടിയെപ്പോലെ കവി വീണു. മുത്തശ്ശന്‍ മരത്തിലെ അവശേഷിച്ച ഉണങ്ങിയ ഇലകള്‍ വന്നു കവിയുടെ ചേതനയറ്റ ശരീരം മറച്ചു. അതില്‍ ഒരിലയില്‍ ഇങ്ങനെ എഴുതിയിട്ടുണ്ടായിരുന്നു: “ കറയറ്റ പ്രണയം മരിച്ചിരിക്കുന്നു....”

1 comments:

ajith said...

ഇത്തിരി ബുദ്ധിമുട്ടിയാണെങ്കിലും വായിച്ചു
കറുപ്പില്‍ പലവര്‍ണ്ണ എഴുത്തുകള്‍

വായിക്കാനേറ്റവും സുഖം വെള്ളയില്‍ കറുപ്പ് തന്നെ, സംശ്യല്ല

മുത്തച്ഛന്‍ മരമായില്ലേ? അതോണ്ടാ..!!

Post a Comment