Sunday, 6 November 2011

പൂവ് പഠിപ്പിച്ച പാഠം          കഴിഞ്ഞ ആഴ്ചകളില്‍  ഒന്നില്‍ മുറ്റത്തെ പൂന്തോട്ടത്തില്‍ വിടര്‍ന്ന പനിനീര്‍ പുഷ്പം ആണ് ഇത്. പണ്ട് മുതലേ എനിക്ക് ചെടിയും പൂന്തോട്ടവുമൊന്നും വലിയ താല്‍പര്യം ഇല്ലാത്തതാണ്. പക്ഷെ എന്തോ ,പെട്ടെന്നൊരു ദിവസം അത് വരെ കാണാത്തൊരു ഭംഗി മുറ്റത്ത്‌ കണ്ടു. നല്ല ചുവന്നു തുടുത്ത ഒരു റോസാപ്പൂ. കുറെ നേരം അതിന്റെ ഭംഗി നോക്കി നിന്നു. ചെടിയില്‍ ആകെ ആ ഒരു പൂ മാത്രമേ ഉള്ളു. മണം തീരെ ഇല്ല ..അല്ലെങ്കിലും പനിനീര്‍ പുഷ്പ്പത്തിന്റെ പ്രത്യേകത അതാണല്ലോ. ബാക്കിയുള്ള പൂവുകള്‍ നിറവും മണവും എല്ലാം കൊണ്ടും നമ്മെ ആകര്‍ഷിക്കുമ്പോള്‍ ഭംഗി മാത്രം ആഭരണമാക്കുന്നവളാണല്ലോ ‘പ്രണയപുഷ്പം’. അതിന്റെ ഭംഗി കൊണ്ട് തന്നെ ഞാന്‍ അപ്പോള്‍ത്തന്നെ മൊബൈലിലെ കാമറയില്‍ ചിത്രം പകര്‍ത്തി. 

          പിന്നെ ഞാന്‍ ദിവസവും രാവിലെ അന്വേഷിക്കുന്ന കാര്യങ്ങളില്‍ ആ പൂവും ഉണ്ടായിരുന്നു.. വെയിലത്ത്‌ വാടുമെന്നു വിചാരിചെന്കിലും അതിന്റെ ചുവപ്പ് നിറം വെയിലിനെ നിഷ്പ്രഭാമാക്കിയെന്നു തോന്നി. മഴ പെയ്യുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. മഴത്തുള്ളികള്‍ പെയ്യുമ്പോള്‍ നമ്മള്‍ തണുത്തു വിറയ്ക്കുന്ന പോലെ അതും വിറക്കുന്നുണ്ടായിരുന്നു. തന്നില്‍ വിടര്‍ന്ന ഒരേ ഒരു പൂവ് അടര്‍ന്നു പോകുമോ എന്ന് ചെടി ഭയക്കുന്നുണ്ടാകും. അത് കൊണ്ടാകും വികൃതി പിള്ളാരെ ഒഴിവാക്കാന്‍ മുള്ളുകളും ദേഹത്ത് പതിച്ചു അത് നില്‍ക്കുന്നത്. മഴ പോയപ്പോള്‍ പിറകെ കാറ്റ് വന്നു. രണ്ടു പേരും കൂട്ടുകാരാണല്ലോ. കാറ്റ് സര്‍വശക്തിയും എടുത്തു പൂവിന്റെ അടുത്ത് ചെന്നു. പേടിച്ചരണ്ട പേടമാനെപ്പോലെ ആ പൂവ് അകന്നകന്നു പോയി. പൂവ് പതുക്കെ മതിലിന്റെ ഒരരികില്‍ ചേര്‍ന്ന് നിന്നു.അങ്ങനെ പൂവ് അതിന്റെ സൗന്ദര്യവും വിടര്‍ത്തി നിന്നു കുറച്ചു നാള്‍. ഒരു റോസാപ്പൂ ഇത്രയും നാളൊക്കെ  നില്‍ക്കുമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.

          പക്ഷെ കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. പൂവിന്റെ നിറം കടുത്ത് കടുത്ത് അല്പം കരിനിറം ആയിട്ടുണ്ട്‌. പതുക്കെ പതുക്കെ എല്ലാ ഇതളുകളും വാടിക്കരിഞ്ഞു. പക്ഷെ എന്നിട്ടും ഇതളുകള്‍ ഒന്നും വേര്‍പെട്ടില്ല. അന്നത്തെ രാത്രിമഴ പെയ്തപ്പോള്‍ ചെടി ഒരുപാട് പേടിച്ചിട്ടുണ്ടാകും. മതിലിന്റെ അരികു ചേര്‍ന്നിട്ടും ഫലമുണ്ടായിക്കാണില്ല. രാവിലെ എഴുന്നേറ്റു നോക്കിയപ്പോള്‍ ചെടി വിഷാദം കൊണ്ടാണോ എന്നറിയില്ല. തല താഴ്ത്തി അനങ്ങാതെ ഇരിക്കുന്നു. പൂവില്ല...നോക്കിയപ്പോള്‍ ഇതളുകള്‍ അവിടവിടെയായി കിടക്കുന്നുണ്ട്.... താഴെ നനവ്‌ പടര്‍ത്തിയത് മഴയോ അതോ ചെടിയുടെ കണ്ണുനീരോ എന്നറിയില്ല....

          പനിനീര്‍പ്പൂവിനെ ആലോചിക്കുമ്പോള്‍ ഇപ്പൊ എന്റെ മനസ്സില്‍ മിന്നി മായുന്നത് എന്‍റെ ജീവിതമാണ്. കാറ്റും വെയിലും ഉലക്കാതെ ആരൊക്കെയോ എന്നെ കാത്തു സൂക്ഷിച്ചു. ഇനി വാടിക്കൊഴിഞ്ഞു വീഴുന്നതെന്നാണ് എന്ന് അറിയില്ല. മാതൃത്വം എന്തെന്ന് എനിക്ക് ദൈവം കാണിച്ചു തന്നതാണോ ആ ചെടിയിലൂടെ? ആര്‍ക്കെങ്കിലുമൊക്കെ സന്തോഷം നല്‍കാന്‍ കഴിഞ്ഞെങ്കില്‍ ആ പനിനീര്‍പ്പൂവോളം എങ്കിലും എത്താന്‍ പറ്റിയെങ്കില്‍. ഇന്ന് ആ ചെടിയില്‍ പുതിയൊരു മൊട്ട് ഇട്ടിട്ടുണ്ട്. വിരഹവേദനകള്‍ നല്‍കാനാണ് വിരിയുന്നത് എന്നറിഞ്ഞിട്ടും ചെടി ഇപ്പോഴും പൂവിനെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തുന്നു. ഒരു വെയിലും, ഒരു കാറ്റും പൂവിനെ സ്പര്ഷിക്കാതിരിക്കാന്‍. സ്വന്തം ദേഹത്ത് മുള്ളുകള്‍ നിറച്ചു പൂവിനെ സംരക്ഷിച്ചു കൊണ്ട് ഇപ്പോഴും ആ ചെടി അവിടെത്തന്നെയുണ്ട്... അതെ, ഒരു പൂവ് എനിക്ക് പഠിപ്പിച്ചു തന്ന പാഠം ആണിത്...
 “ഒരു പനിനീര്‍പ്പൂവാണ്  എന്‍റെ ഈ ജന്മം.....”   

27 comments:

ഇ.എ.സജിം തട്ടത്തുമല said...

ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു

K@nn(())raan*കണ്ണൂരാന്‍! said...

അവതരണത്തിന് ഭംഗിയുണ്ട്. രണ്ടാം പാരഗ്രാഫിലെ മനുഷ്യതമുള്ള വരികള്‍ ഒരുപാടിഷ്ട്ടായി.
ബ്ലോഗ്‌ഡിസൈന്‍ കറുപ്പില്‍നിന്നും വെളുപ്പിലേക്ക് മാറ്റിയാല്‍ വായനാസുഖം എളുപ്പമാകും.
ഇനിയും ഇത്തരം നിരീക്ഷണങ്ങളുമായി വരൂ. ആശംസകള്‍

(പോയിട്ട് കുറച്ചാലുകളെയും കൂട്ടിവരാം)

Ashraf Ambalathu said...

എഴുതികൊണ്ടേ ഇരിക്കണം .
ആശംസകള്‍

Rakesh KN / Vandipranthan said...

great great., :P

കണ്ണന്‍ | Kannan said...

നല്ല രചന ഈ പനിനീർപ്പൂവിനെ നന്നായി പിടിച്ചു.. മനു എല്ലാ ഭാവുകങ്ങളും

Fousia R said...

നന്നയിട്ടുണ്ട് മനൂ.
മനു എഴുതിയ വാചകങ്ങള്‍ക്ക് നീളം കുറവാണ്‌. ശ്രദ്ധിച്ചോ. അതായിരിക്കണം മനുവിന്റെ പ്രത്യേകത.
ഇനി എഴുതുമ്പോഴും ഇത് കളയരുത് ട്ടോ. കുഞ്ഞു കുഞ്ഞു വാചകങ്ങളില്‍ എഴുതുക അത്ര എളുപ്പമല്ല.
പൂവുപോലെ സ്വാഭാവികമായി എനിയും വരട്ടെ എഴുത്ത്.
ആശംസകള്‍
ഇങ്ങോട്ട് ഉന്തി വിട്ടത് കണ്ണൂരാനാണ്‌. എന്തായാലും ഉന്ത് വെറുതെ ആയില്ല.

Sabu M H said...

എഴുതി കൊണ്ടിരിക്കൂ. എല്ലാ ഭാവുകങ്ങളും.
(Thanks to Kanooran for sending me the url)

ചന്തു നായർ said...

എഴുത്തിലെ...ഉള്ളറകൾ കണ്ടു...മനസ്സിലായി..പക്ഷേ അക്ഷരത്തെറ്റും,വാക്കുകളുടേയും,വാചങ്ങളുടേയും ആവർത്തനം ഒഴിവാക്കുക...

രമേശ്‌ അരൂര്‍ said...

കൊള്ളാം ഇഷ്ടപ്പെട്ടു ...

Akbar said...

നല്ല ചിന്തകളുടെ നല്ല ആഖ്യാനം.

"കഴിഞ്ഞ ആഴ്ചകളില്‍ ഏതിലോ മുറ്റത്തെ..." ഇവിടെ ഏതിലോ എന്ന് കഴിഞ്ഞു ഒരു കോമ (,) അല്ലെങ്കില്‍ കഴിഞ്ഞ
ഏതോ ആഴ്ചകളില്‍ ഒന്നില്‍ എന്നോ മറ്റോ തിരുത്തിയാല്‍ തുടക്കത്തിലെ കല്ല്‌ കടി ഒഴിവാകും. ബാക്കി എല്ലാം സൂപര്‍.

ദേവന്‍ said...

ആശംസകള്‍.......

khaadu.. said...

ഇനിയും എഴുതുക , ആശംസകള്‍...

Abdul Manaf N.M said...

@സജീം :വന്നതില്‍ ഒരുപാട് സന്തോഷം. ഇനിയും വരിക..

@കണ്ണൂരാന്‍ : ഒരുപാട് ഒരുപാട് നന്ദി...ഇവിടെ വന്നതിനും അഭിപ്രായം പറഞ്ഞതിനും നിര്‍ദേശങ്ങള്‍ തന്നതിനും..ഒപ്പം കുറെ പേരെ ഈ 'ലോകം' കാണിച്ചതിനും... :-)

@കണ്ണന്‍ : നന്ദി...ഇനിയും വരിക..

@അഷ്‌റഫ്‌,രാകേഷ്‌,സാബു,രമേശ്‌,ദേവന്‍ : ഇവിടെ വന്നതിനും അഭിപ്രായങ്ങള്‍ക്കും ഒരുപാട് നന്ദി... :-)

@ഫൗസിയ: നന്ദി... വരികള്‍ നീളുന്നു എന്ന കൂട്ടുകാരുടെ വിമര്‍ശനം കൊണ്ടാണ് ചെറിയ വരികള്‍ക്കായി ശ്രമിച്ചത്‌.. നന്നായി എന്നറിഞ്ഞതില്‍ വളരെ സന്തോഷം... ഇനിയും ഈ വഴി വരും എന്ന് പ്രതീക്ഷിക്കുന്നു...

@ചന്തു : നിര്‍ദേശത്തിനു നന്ദി...ഇനി മുതല്‍ ശ്രദ്ധിക്കാം...:-)വീണ്ടും വരിക..

@അക്ബര്‍ : പറഞ്ഞത് ശരിയാണ്... അത് കൊണ്ട് അത് തിരുത്തിയിട്ടുണ്ട്...നന്ദി ഇക്കാ.. വീണ്ടും വരും എന്ന് പ്രതീക്ഷിക്കുന്നു....

@ഖാദു: ഒരുപാടൊരുപാട് നന്ദി എന്‍റെ ബ്ലോഗ്ഗിന്‍റെ തുടക്കം മുതല്‍ ഉള്ള സുഹൃത്തിനു.... :-)

തൃശൂര്‍കാരന്‍ ..... said...

ഇഷ്ടപ്പെട്ടു ...

സ്വന്തം സുഹൃത്ത് said...

അങ്ങനെ ഒരു പൂവും വലിയ പാഠങ്ങള്‍ പഠിപ്പിച്ച ഗുരുവായ് അല്ലേ..?
പോസ്റ്റ് നന്നായി!

Jefu Jailaf said...

കാമ്പുള്ള കഥ. ലളിതമായ അവതരണം.. അഭിനന്ദനങ്ങള്‍...

Ismail Chemmad said...

കന്നൂരാനാണ് ഇവിടേയ്ക്ക് വഴി കാണിച്ചു തന്നത്..
നന്നായിട്ടുണ്ട്. ഇനിയും തുടരൂ.. എല്ലാ ആശംസകളും

Satheesan .Op said...

ഇഷ്ടായി...

jayanEvoor said...

നന്നായിട്ടുണ്ട്.
അഭിനന്ദനങ്ങള്‍ !

nandhus said...

പനിനീര്‍ പൂവ് കാണാന്‍ നല്ല ഭംഗിയ കൂടിയാല്‍ മൂന്ന് ദിവസം മാത്രം ആയൂസ് അത് പോലെ ആണോ തന്റെ ജീവിതം ..? നന്നായിട്ടുണ്ട്

Abdul Manaf N.M said...

@തൃശുര്‍കാരന്‍ , @സതീശന്‍ ,@ജയന്‍ : സന്ദര്‍ശനത്തിനു നന്ദി... വീണ്ടും വരിക ഈ 'കൊച്ചു ലോകം' കാണാന്‍ ...

Abdul Manaf N.M said...

@സ്വന്തം സുഹൃത്ത്‌: എവിടെ നോക്കിയാലും ഗുരുക്കന്മാര്‍ മാത്രമേ ഉള്ളു... എങ്ങനെ ആവണമെന്നും, എങ്ങനെ ആകരുത് എന്നും പഠിപ്പിക്കുന്ന ഗുരൂസ്‌.... എന്റെ 'സ്വന്തം സുഹൃത്തിനു' നന്ദി.. വീണ്ടും വരില്ലേ?? :-)

@jefu: നന്ദി... കരിയിലകള്‍ വഴി മൂടിയ ഈ പാത ഇനിയും തിരഞ്ഞെടുക്കുക...

@Ismail: കണ്ണൂരാന്‍ ആണ് ആരും കാണാത്ത ഈ വഴിക്ക് കുറച്ചു ആളുകളെ നടത്തിയത്... വന്നതിനും കണ്ടതിനും അഭിപ്രായം പറഞ്ഞതിനും പെരുത്ത്‌ നന്ദി..

@nandhus: പനിനീര്‍ പൂവ് കാണാന്‍ ഭംഗിയുണ്ട്..പക്ഷെ എന്റെ കാര്യം അറിയില്ല.. ആയുസ്സിന്റെ കാര്യം മൂന്നായാലും മുന്നൂറായാലും ആര്‍ക്കെങ്കിലുമൊക്കെ വേണ്ടി എന്തെങ്കിലുമൊക്കെ ചെയ്താലേ അര്‍ത്ഥമുള്ളൂ... എന്റെ ജീവിതം, അതും എനിക്കറിയില്ല..സത്യം പറഞ്ഞാല്‍ ഒന്നും അറിയില്ല... ഏതായാലും ഈ പാവപ്പെട്ടവനെ പനിനീര്‍പ്പൂവും ആയി താരതമ്യം ചെയ്യാന്‍ ശ്രമിച്ചല്ലോ,പെരുത്ത്‌ നന്ദി... ഇനിയും വരിക...

@all : ഒരു പൂ കൊഴിഞ്ഞ ആ ചെടിയില്‍ ഇപ്പോള്‍ മൂന്നു ചുവ ചുവന്ന പനിനീര്‍ പൂക്കള്‍ വിരിഞ്ഞിരിക്കുന്നു എന്ന് എല്ലാവരെയും അറിയിക്കട്ടെ......
ഹൃദയപൂര്‍വം മനു :-)

Vp Ahmed said...

നല്ല ചിന്തകള്‍. എല്ലാവിധ പിന്തുണയും പ്രതീക്ഷിക്കാം. ആശംസകള്‍

ഷാജു അത്താണിക്കല്‍ said...

നല്ല വിവരണം
ആശംസകള്‍

Arunlal Mathew || ലുട്ടുമോന്‍ said...

വീണ പൂവ് മനോഹരമായ ഗദ്യ രൂപത്തില്‍....

നന്നായി എഴുതി... ആശംസകള്‍.... :)

Abdul Manaf N.M said...

@അഹ്മദ് ,@ഷാജു , @അരുണ്‍ലാല്‍ : നന്ദി.... ഇനിയും വരിക.... , ഹൃദയപൂര്‍വം മനു.

പൊട്ടന്‍ said...

കാണാന്‍ അല്പം ലേറ്റായി.
എങ്കിലും വളരെ നന്നയതിനാല്‍ പറയാതെ പോകുവാന്‍ തോന്നുന്നില്ല.

Post a Comment