Sunday, 30 October 2011

അതെന്താ സാധനം??          വെറുതെ ഇരുന്നു മടുത്തപ്പോ ഒന്ന് ടീവി വെച്ച് നോക്കിയതാ . അപ്പൊ വാര്‍ത്താ ചാനലുകളിലെല്ലാം വാര്‍ത്ത‍ F1 റേസിനെ കുറിച്ചാണ്. അല്ലെങ്കിലും ഭാരതത്തില്‍ ആദ്യമായല്ലേ ഈ കായിക മാമാങ്കം നടക്കുന്നത്..ആഘോഷിക്കാതെ പറ്റില്ലല്ലോ. കുറെ നേരം നോക്കിയിരുന്നു. ‘ബ്രൂം....ബ്രൂം....’ ശബ്ദം വണ്ടിയുടെതാണ് എന്നല്ലാതെ ഒരു കുന്തവും എനിക്ക് മനസ്സിലായില്ല. ഓട്ടമത്സരം ആണെന്നറിയാം. അപ്പൊ ആദ്യം എത്തുന്ന ആള്‍ ജയിക്കും. അതുമറിയാം. പക്ഷെ എത്ര നോക്കിയിരുന്നിട്ടും ഈ കളിയുടെ ‘ലത്’ അങ്ങോട്ട്‌ മനസ്സിലാകുന്നില്ല. സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ല. കളിക്കാരെ അറിയില്ല, കളി എങ്ങനെയെന്നറിയില്ല, എന്താ സമ്മാനം എന്നറിയില്ല, പോട്ടെ ഈ വണ്ടിയൊക്കെ ഓടിക്കാന്‍ പെട്രോളോ ഡീസലോ അതോ ഇനി വേറെ എന്തെങ്കിലും സാധനമാണോ ഒഴിക്കുന്നത് എന്ന് പോലും എനിക്കറിയില്ല. പക്ഷെ ഒന്നറിയാം. “ഇതൊക്കെ വെറുതെയാണ്....”

          ഇത് പട്ടിണിപ്പാവങ്ങളുടെ ഇന്ത്യയില്‍ കളിക്കാന്‍ പറ്റിയ കളിയാണോ എന്ന് ചിന്തിക്കണം. ഏറ്റവും ചുരുങ്ങിയ ടിക്കറ്റ്‌ നിരക്ക് 2500 രൂപയിലാണ്. പിന്നെ ‘ഐസ് പെട്ടി’യുടെ ഉള്ളിരുന്നു കാണാന്‍ ലക്ഷങ്ങളും കോടികളും ഒക്കെ കൊടുക്കാം. ഇപ്പൊ മനസ്സിലായില്ലേ ഇതിന്‍റെ ഏഴയലത്ത് പോലും എത്താന്‍ നമ്മളെ പോലുള്ള സാധാരണക്കാര്‍ക്ക് പറ്റില്ലെന്ന്. പണമുള്ളവര്‍ എന്ത് വേണമെങ്കിലും കാണിച്ചോട്ടെ എന്ന് വേണമെങ്കില്‍ വിചാരിക്കാം. പക്ഷെ അപ്പോഴും പ്രശ്നം ഉണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ബുദ്ധ സര്‍ക്യുട്ട് നോയിഡയില്‍ ആണ്. ഈ വണ്ടികള്‍ക്കൊക്കെ കുതിച്ചു പായാന്‍ ‘ഇച്ചിരി’ സ്ഥലം ഒന്നും പോരല്ലോ. ഇക്കണ്ട സ്ഥലം ഒക്കെ ഏറ്റെടുത്തത് അവിടുത്തെ പാവപ്പെട്ട കര്‍ഷകരില്‍ നിന്നാണ്. വെട്ടിപ്പിടിച്ചതോന്നുമല്ലല്ലോ ,ഏറ്റെടുത്തതല്ലേ എന്ന് ചോദിക്കാന്‍ വരട്ടെ. വിപണിയിലെ ന്യായ വിലയില്‍ നിന്നും എത്രയോ താഴെ വിലക്കാണ് ഈ ഏറ്റെടുക്കല്‍. ചുരുക്കിപ്പറഞ്ഞാല്‍ “ജയ്‌ ജവാന്‍, ജയ് കിസാന്‍” എന്നാ മുദ്രാവാക്യത്തിലെ കിസാന്മാരെ അങ്ങോട്ട്‌ ass ആക്കിക്കളഞ്ഞു
 
          32 രൂപയെങ്ങാന്‍ സമ്പാദിച്ചു പോയാല്‍ ദാരിദ്ര്യ രേഖക്ക് മുകളിലാവുന്ന നാടാണ് നമ്മുടെ. 33 രൂപയുണ്ടെങ്കില്‍ ബിര്‍ള ആകാമല്ലോ!! തങ്ങള്‍ക്കു ന്യായ വില കിട്ടിയില്ലെങ്കില്‍ ട്രാക്ക്‌ കുത്തി പൊളിക്കും എന്നാണ് കര്‍ഷകര്‍ പറഞ്ഞിരിക്കുന്നത്. കൊള്ളാം..വിപ്ലവം ജയിക്കട്ടെ. കാര്യം ഇതൊക്കെയാണെങ്കിലും കളി കാണാന്‍ വരുന്നവര്‍ ചില്ലറക്കാരല്ല. ബോളിവുഡും ഇന്ത്യന്‍ ക്രിക്കറ്റും അടക്കി ഭരിക്കുന്നവര്‍ വരുന്നുണ്ട് കളി കാണാന്‍. സച്ചിനാണ് കൊടി വീശി വണ്ടിയൊക്കെ നിറുത്താന്‍ പോകുന്നത്. എന്തായാലും കായിക മന്ത്രി വെട്ടിത്തുറന്നു പറഞ്ഞു കഴിഞ്ഞു ഇതുകൊണ്ട് രാജ്യത്തിന് ഗുണമൊന്നും ഇല്ലെന്ന്. പണം ഒരുപാടുള്ള രാജ്യങ്ങള്‍ കാട്ടിക്കൂട്ടുന്നത് കണ്ടു പട്ടിണിയും പരവട്ടവും ഉള്ളവരുള്ള നമ്മുടെ രാജ്യം ഇതെങ്ങോട്ടാ? ആന വാ പൊളിക്കുന്നത് കണ്ടു അണ്ണാന്‍ വാ പൊളിക്കാമോ...!!! 
 
            ആഹ് ,എന്തെങ്കിലും ആകട്ടെ. എന്നാലും പിന്നേം ഒരു സംശയം. ഇത്രേം കിടിലന്‍ വണ്ടികള്‍ പതിയെ ഒന്നുമല്ലല്ലോ പോകുന്നത്. ‘ഫ്രൂം...’ എന്നും പറഞ്ഞു പോകൂലെ... മുകേഷ്‌ ഏതോ പടത്തില് പറഞ്ഞ പോലെ ‘ഒരു മിന്നായം പോ....ലെ” കാണാന്‍ വേണ്ടിയാണോ ഇവന്മാര് ഈ പൈസയൊക്കെ മുടക്കുന്നത്... പിരാന്ത്.. അല്ലാതെന്താ... മത്സരിക്കുന്ന ഇന്ത്യക്കാരുടെ കാര്യം ഞാന്‍ പറയുന്നില്ല... എന്തിനാ ഞാനായിട്ട് വെറുതെ, ഞാന്‍ രാജ്യസ്നേഹിയാണ്.

(
ഇത് വായിക്കുന്നവരില്‍ ചിലരും എന്നെപ്പോലെ തന്നെയാണെന്ന് വിശ്വസിക്കുന്നു. ഒന്നും അറിയില്ലല്ലോ അല്ലെ..??)

4 comments:

Anonymous said...

kaanam vittam onam unnanam ennu pazhamoyi... Konakam vittum f1 kananam ennu puthumozhi.. Enth kisan enthonn kisan.. Paavam paavappetavar!!

khaadu.. said...

ആരൊക്കെയോ...എന്തൊക്കെയോ അനുകൂലിച്ചും പ്രതികൂലിച്ചും പറയുന്നത് കേട്ട്... നിങ്ങള്‍ പറഞ്ഞത് പോലെ എനിക്ക് അത് പോലും മനസ്സിലായില്ല..


ഇത് വായിക്കുന്നവരില്‍ ചി(പ)ലരും എന്നെപ്പോലെ തന്നെയാണെന്ന് വിശ്വസിക്കുന്നു. ഒന്നും അറിയില്ലല്ലോ അല്ലെ..??)

Abdul Manaf N.M said...

@khadu @har: അഭിപ്രായങ്ങള്‍ക്കും ഈ സന്ദര്‍ശനത്തിനും നന്ദി... :-)
കാത്തിരുന്നു കാണാം ഈ രാജ്യത്തെ പാവങ്ങളുടെ വിധി..

പൊട്ടന്‍ said...

മനു
ആനുകാലികങ്ങളിലും രാഷ്ട്രീയങ്ങളിലും ഞാന്‍ കമ്മന്റാറില്ല. താങ്കളുടെ സ്വതന്ത്രമായ കലാസൃഷ്ടിക്ക് കാത്തിരിക്കുന്നു.
ആശംസകള്‍
തുടര്‍ന്നും വായിക്കാം

Post a Comment