ഈ നിഴല്‍ എന്റെതാണോ എന്നെനിക്കറിയില്ല. ഞാന്‍ പോകുന്നിടത്തെല്ലാം എന്നെ വെറുതെ പിന്തുടരുന്നു. ഒരു പക്ഷെ എന്നോടെന്തോ പറയാനുണ്ടോ? അതോ എന്തോ എന്നില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നോ? പലപ്പോഴും തോന്നിയിട്ടുണ്ട്, എന്നെ ഇത്ര മേല്‍ മനസ്സിലാക്കാന്‍ നിനക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ എന്ന്. നീയല്ലെന്കില് പിന്നെ ആര്‍ക്കാണ് എന്നെ മനസ്സിലാക്കാന്‍ സാധിക്കുക? പലപ്പോഴും ആരവങ്ങളുടെയും വെളിച്ചത്തിന്റെയും ഇടയില്‍ ഞാന്‍ നിന്നെ മറക്കാറുണ്ട്. പക്ഷെ എന്റെ ചുറ്റില്‍ എവിടെയൊക്കെയോ സ്വയം വെളിവാകാതെ നീ ഉണ്ട് എന്നെനിക്കറിയാം. ഇവിടെ ഞാന്‍ തന്നെയാണ് തെറ്റുകാരന്‍. ഒറ്റക്കാകുമ്പോള്‍, ഇരുട്ടിന്റെ മറവില്‍, ഒരുചെറു വിളക്കിന്റെ വെളിച്ചത്തില്‍ നീ എന്റെ ചാരത്തു വന്നിരിക്കും. നീ മാത്രം.. പക്ഷെ പ്രകാശം പറന്നു കണ്ണ് മഞ്ഞളിക്കുമ്പോള്‍ ഞാന്‍ നിന്നെ മറന്നു പോകുന്നു. ഇല്ല, അങ്ങിനെ പറയരുത്. നിന്നെ മറക്കുന്നതല്ലാ.. അതെനിക്ക് കഴിയില്ല. “ഞാന്‍ ഇവിടെയുണ്ട്, നീ എന്നെ ഒന്ന് നോക്കുമോ” എന്ന് ഒരു വാക്ക് ആ രാത്രികളിലെതെങ്കിലും ഒന്നില്‍ നീ പറഞ്ഞിരുന്നെങ്കില്‍, ആ നനുത്ത സുഖമുള്ള, ചെറുവെളിച്ചം കൊണ്ട് അലങ്കരിച്ച ഇടത്തേക് ഞാന്‍ വരുമായിരുന്നു, നിനക്കായ് മാത്രം. ഇരുട്ട് കൂടുമ്പോഴും നീ പോകുന്നില്ല എന്നെനിക്കറിയാം, നീ എന്നിലേക്ക് ചുരുണ്ട് കൂടുന്നതാണ്. അങ്ങിനെ വേറാരുമില്ലാത്ത ലോകത്ത് നാം ഒന്നാകുന്നതാണ്. ഇല്ല.. കൂടുതല്‍ പറയുന്നില്ല... ഇവിടെ, നീ പറഞ്ഞില്ല, ഞാന്‍ അറിഞ്ഞില്ല, അത്ര മാത്രം. ഇപ്പോഴും നിഴല്‍ എന്റെ കൂടെ ഉണ്ട്, ഞാന്‍ നിഴലിന്റെ കൂടെയും. എങ്കിലും ഈ നിഴല്‍ ആരുടെതാണ്..? വിട ചൊല്ലാതെ, ഒന്നും പറയാതെ, എന്റെ ഒപ്പം ഉള്ള, അല്ല എന്റെ ഉള്ളില്‍ ഉള്ള ആ നിഴല്‍ നീയാണോ എന്നേ അറിയേണ്ടൂ...???
Saturday, 16 June 2012
Thursday, 22 March 2012
കൂട്ടുകാര്‍ക്ക്....
ഏതോ വഴികളില്‍ എപ്പൊഴോ കണ്ടവര്‍
ഈ യാത്ര തീരവേ വഴികള്‍ പിരിയവേ
തിരികെ നടക്കുവാന്‍ ആശിച്ചവര്‍.
അകലുവാനാകില്ലയൊരുനാളുമെങ്കിലും
വാക്കുകള്‍ മുറിയുന്നുവെന്‍ ജീവ വഴിയില്‍.
ചില്ലയിലാടുന്ന പൂക്കളെപ്പോലെ നാം
ഒന്നിച്ചു സ്വപ്നങ്ങള്‍ നെയ്തതല്ലേ.
കഴിയില്ലയൊരു മഴക്കാറിനും നമ്മളെ
ഇതളറ്റു വീഴ്ത്തിചിരിച്ചു നില്ക്കാന്.
ആകില്ല ഞങ്ങള്‍ക്ക് പുഴ പോലെയൊഴുകുന്ന
കണ്ണുനീര്‍ത്തുള്ളിയെ അണ കെട്ടുവാന്‍.
നിളയോടു പറയാതെ നാം നെയ്ത കനവുകള്‍
നെയ്തിട്ടൊരുനാള്‍ നാം വന്നിടേണം.
വീണ്ടുമൊരുവട്ടം മയങ്ങിടേണം.
എന്നെന്നറിയില്ല എങ്കിലുമോര്‍ക്കുക
വെറുതെ കളയുവാനല്ലയീ വാക്കുകള്‍.
ഒന്നിച്ചു നില്ക്കുന്ന നമ്മളെ കണ്ടു വന്‍-
ചങ്ങലക്കണ്ണികള്‍ തലതാഴ്ത്തിടേണം.
കൈകള്‍ അകലവേ, കാതങ്ങള്‍ താണ്ടവേ
ഒരുമിച്ചു ഹൃദയം മിടിച്ചിടേണം.
ഇനിയുമൊരു ചെമ്പകം പൂക്കുന്നുവെന്നാലോ
നമ്മളെ കണ്ടുകൊണ്ടായിടേണം.
സമയമായ് പിരിയുവാന്‍, വഴികള്‍ തിരയുവാന്‍
സ്നേഹകലാലയം ഓര്‍മയാകാന്‍.
ആരോ പറയുന്നു വാനങ്ങള്‍ക്കപ്പുറം
“കൂട്ടുകാര്‍ നിങ്ങള്‍ പിരിയുകില്ല....”
Tuesday, 10 January 2012
പ്രണയലേഖനം
ഞാന്‍ അറിയാതെ എന്നെ സ്നേഹിക്കുന്ന നിനക്കായ്,
പ്രണയലേഖനങ്ങളുടെ ഭാഷ എനിക്കറിയില്ല. പക്ഷെ, എഴുതാതിരിക്കാന്‍ കഴിയുന്നില്ല. എന്റെ ഹൃദയമിടിപ്പ് കൂടുന്നത് നീ എന്നെ കുറിച്ച് ആലോചിക്കുമ്പോള്‍ ആയിരിക്കാം. ഈ ഹൃദയമിടിപ്പ് തുടങ്ങിയിട്ട് നാളുകളായി. അത് നിലയ്ക്കുന്ന കാലത്തോളം കാത്തിരിക്കരുത് നീ. മഞ്ഞു മൂടിയ സ്ഫടികക്കല്ലിലൂടെ നോക്കുന്ന അവ്യക്ത രൂപമാണ് നീ ഇന്നെനിക്ക്. ആ അവ്യക്ത രൂപത്തെ ഞാന്‍ ഇത്രമേല്‍ സ്നേഹിച്ചെങ്കില്‍, നിന്നിലെ പൂര്‍ണ പ്രഭാവത്തെ കാണുന്ന നിമിഷം ലോകമൊക്കെയും എന്റെ കണ്ണുകളില്‍ നിറയും.
നിന്റെ പാദസ്വരത്തിന്റെ കിലുക്കം കേട്ട് തിരിഞ്ഞു നോക്കിയിട്ടുണ്ട് പലപ്പോഴും. മഴത്തുള്ളിയും പൊയ്കയും കളി പറയുന്നതാണെന്ന് കണ്ടു ചിരിച്ചു. സുറുമയിട്ട നിന്റെ മിഴികളില്‍ നോക്കിയിരുന്നിട്ടുണ്ട് പുലരുവോളം, അത് ആകാശത്തെ മിന്നല്‍പ്പിണരുകള്‍ ആണെന്നറിയാതെ. നിന്നോടൊപ്പം കളിച്ചു ചിരിച്ച ദിനരാത്രങ്ങള്‍ക്ക് എണ്ണമില്ല, അതെല്ലാം സ്വയം ജല്പ്പനങ്ങള് ആയിരുന്നെങ്കിലും. നിന്റെ കാര്കൂന്തലുകള് എന്റെ മുഖം തലോടിയിരുന്നു, മരത്തിലെ ഉണങ്ങിയ ഇലകള്‍ പൊഴിഞ്ഞു തീരും വരെ.
ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എങ്കിലും ഉറങ്ങാന്‍ നേരം മനസ്സില്‍ വിരിയുന്ന മുഖം നിന്റെ മാത്രമാണ്. നിന്നെക്കുറിച്ചുള്ള ചിന്തകള്‍ ഇല്ലാതെ ഒരു ദിനവും എന്നെ കടന്നു പോയിട്ടില്ല. കാണുന്ന ഭംഗിയുള്ള കാഴ്ചകളും, കേള്‍ക്കുന്ന കുളിരുള്ള വാക്കുകളും നീയാണ്. നിന്നോടുള്ള എന്റെ സ്നേഹം എത്രയെന്നു പറയാന്‍ എനിക്കറിയില്ലെങ്കിലും ഒരു കാര്യം ഞാന്‍ പറയാം, മറ്റാരെക്കാളും സ്നേഹിക്കാം നിന്നെ ഞാന്‍. സൗഭാഗ്യങ്ങള്‍ ഒക്കെയും നല്കാന് കഴിഞ്ഞില്ലെങ്കിലും, ദുരിതങ്ങളില്‍ നീ ഒറ്റക്കാകില്ല.
എന്റെ സ്നേഹം എഴുതിത്തീര്‍ക്കാന്‍ കടലാസ്സുകളും മഷിയും മതിയാകില്ല. എന്റെ വാക്കുകളും നോക്കുകളും ഞാന്‍ നിനക്ക് വേണ്ടിയാണ് കാത്തു സൂക്ഷിക്കുന്നത്. അതെന്നെ മൗനിയാക്കി. നിനക്ക് വേണ്ടിയുള്ള എന്റെ മൗനത്തെ ചിലര്‍ അഹങ്കാരം എന്ന് പറഞ്ഞു. എനിക്ക് അഹങ്കരിക്കാന്‍ കാലം കരുതി വെച്ചത് നീ മാത്രമാണ്. മറകള്‍ ഒക്കെയും നീക്കി എന്റെ തുച്ഛജീവിതത്തെ പൂര്‍ത്തിയാക്കാന്‍ വരുന്ന നിന്നെയും കാത്തു ഞാന്‍ ഇരിക്കുന്നു..........
എന്ന്,
നീയറിയാത്ത, നിനക്കറിയാത്ത ഞാന്‍.
Friday, 6 January 2012
മാറാത്ത ഞാന്‍
ബുദ്ധി ഉറക്കാത്ത പ്രായത്തില്‍ ഞാന്‍ ഒരുപാട് സ്വപ്നങ്ങള്‍ കണ്ടിരുന്നു. ഈ ലോകം തന്നെ മാറ്റി മറിക്കാം എന്നൊക്കെ. പിന്നെ കുറച്ചു ബുദ്ധി വെച്ചപ്പോള്‍ എനിക്ക് മനസ്സിലായി. ലോകം മാറ്റിമറിക്കാനൊന്നും എന്നെക്കൊണ്ടാകില്ല. പിന്നെ ഞാന്‍ ചിന്തിച്ചു, എങ്കിലും എന്റെ രാജ്യത്ത് എന്തെങ്കിലുമൊക്കെ മാറ്റം കൊണ്ട് വരാന്‍ ആകുമല്ലോ എന്ന്. കുറച്ചു കൂടി കഴിഞ്ഞപ്പോള്‍ മനസ്സിലായി, എന്റെ രാജ്യം നന്നാക്കാനും എന്നെക്കൊണ്ട് കഴിയില്ലെന്ന്. പിന്നെ ചിന്തിച്ചത് എന്റെ കുടുംബം ആണ്. അവിടെയും ഞാന്‍ വിചാരിച്ചത് നടന്നില്ല. ഇന്ന് ഞാന്‍ കല്ലറയിലാണ്. ഇപ്പോള്‍ എനിക്ക് ചിന്തിക്കാം..... ഞാന്‍ മറന്നുപോയി, എന്നില്‍ മാറ്റങ്ങള്‍ കൊണ്ട് വരാന്‍,സ്വയം മാറാന്‍..... ഞാന്‍ മാറിയിരുന്നെങ്കില്‍ എന്റെ കുടുംബം അത് കണ്ടു മാറിയേനെ. എന്റെ കുടുംബം കണ്ടു എന്റെ ചുറ്റുമുള്ള ആളുകള്‍ മാറിയേനെ. അങ്ങനെ എന്റെ രാജ്യം നന്നായേനെ.... അങ്ങനെ രാജ്യങ്ങള്‍ നന്നായേനെ.... അതോടെ ഈ ലോകം തന്നെ മാറിമറിഞ്ഞേനെ. പക്ഷെ ഇന്ന് ഞാന്‍ ഇല്ല... എല്ലാത്തിനും മൂകസാക്ഷിയായി എവിടെയെന്നറിയാതെ, ഒരില പോലും അനക്കാന്‍ കഴിവില്ലാതെ........
(ഒരു വൈദികന്റെ കല്ലറയില്‍ രേഖപ്പെടുത്തിയത്... എവിടെയോ വായിച്ച ഓര്‍മയില്‍, എന്റെതായ ചില മാറ്റങ്ങളോടെ സമര്‍പ്പിക്കുന്നത്. ഇതു എന്റെ സൃഷ്ട്ടി അല്ല.... അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.)
Friday, 30 December 2011
Sunday, 6 November 2011
പൂവ് പഠിപ്പിച്ച പാഠം
കഴിഞ്ഞ ആഴ്ചകളില്‍ ഒന്നില്‍ മുറ്റത്തെ പൂന്തോട്ടത്തില്‍ വിടര്‍ന്ന പനിനീര് പുഷ്പം ആണ് ഇത്. പണ്ട് മുതലേ എനിക്ക് ചെടിയും പൂന്തോട്ടവുമൊന്നും വലിയ താല്പര്യം ഇല്ലാത്തതാണ്. പക്ഷെ എന്തോ ,പെട്ടെന്നൊരു ദിവസം അത് വരെ കാണാത്തൊരു ഭംഗി മുറ്റത്ത് കണ്ടു. നല്ല ചുവന്നു തുടുത്ത ഒരു റോസാപ്പൂ. കുറെ നേരം അതിന്റെ ഭംഗി നോക്കി നിന്നു. ചെടിയില്‍ ആകെ ആ ഒരു പൂ മാത്രമേ ഉള്ളു. മണം തീരെ ഇല്ല ..അല്ലെങ്കിലും പനിനീര് പുഷ്പ്പത്തിന്റെ പ്രത്യേകത അതാണല്ലോ. ബാക്കിയുള്ള പൂവുകള്‍ നിറവും മണവും എല്ലാം കൊണ്ടും നമ്മെ ആകര്‍ഷിക്കുമ്പോള്‍ ഭംഗി മാത്രം ആഭരണമാക്കുന്നവളാണല്ലോ ‘പ്രണയപുഷ്പം’. അതിന്റെ ഭംഗി കൊണ്ട് തന്നെ ഞാന്‍ അപ്പോള്‍ത്തന്നെ മൊബൈലിലെ കാമറയില്‍ ചിത്രം പകര്‍ത്തി.
പിന്നെ ഞാന്‍ ദിവസവും രാവിലെ അന്വേഷിക്കുന്ന കാര്യങ്ങളില്‍ ആ പൂവും ഉണ്ടായിരുന്നു.. വെയിലത്ത് വാടുമെന്നു വിചാരിചെന്കിലും അതിന്റെ ചുവപ്പ് നിറം വെയിലിനെ നിഷ്പ്രഭാമാക്കിയെന്നു തോന്നി. മഴ പെയ്യുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. മഴത്തുള്ളികള്‍ പെയ്യുമ്പോള്‍ നമ്മള് തണുത്തു വിറയ്ക്കുന്ന പോലെ അതും വിറക്കുന്നുണ്ടായിരുന്നു. തന്നില്‍ വിടര്‍ന്ന ഒരേ ഒരു പൂവ് അടര്‍ന്നു പോകുമോ എന്ന് ചെടി ഭയക്കുന്നുണ്ടാകും. അത് കൊണ്ടാകും വികൃതി പിള്ളാരെ ഒഴിവാക്കാന്‍ മുള്ളുകളും ദേഹത്ത് പതിച്ചു അത് നില്‍ക്കുന്നത്. മഴ പോയപ്പോള്‍ പിറകെ കാറ്റ് വന്നു. രണ്ടു പേരും കൂട്ടുകാരാണല്ലോ. കാറ്റ് സര്‍വശക്തിയും എടുത്തു പൂവിന്റെ അടുത്ത് ചെന്നു. പേടിച്ചരണ്ട പേടമാനെപ്പോലെ ആ പൂവ് അകന്നകന്നു പോയി. പൂവ് പതുക്കെ മതിലിന്റെ ഒരരികില്‍ ചേര്‍ന്ന് നിന്നു.അങ്ങനെ പൂവ് അതിന്റെ സൗന്ദര്യവും വിടര്‍ത്തി നിന്നു കുറച്ചു നാള്. ഒരു റോസാപ്പൂ ഇത്രയും നാളൊക്കെ നില്‍ക്കുമോ എന്ന് ഞാന്‍ അത്ഭുതപ്പെട്ടു.
പക്ഷെ കുറച്ചു നാള് കഴിഞ്ഞപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചു. പൂവിന്റെ നിറം കടുത്ത് കടുത്ത് അല്പം കരിനിറം ആയിട്ടുണ്ട്. പതുക്കെ പതുക്കെ എല്ലാ ഇതളുകളും വാടിക്കരിഞ്ഞു. പക്ഷെ എന്നിട്ടും ഇതളുകള്‍ ഒന്നും വേര്‍പെട്ടില്ല. അന്നത്തെ രാത്രിമഴ പെയ്തപ്പോള്‍ ചെടി ഒരുപാട് പേടിച്ചിട്ടുണ്ടാകും. മതിലിന്റെ അരികു ചേര്‍ന്നിട്ടും ഫലമുണ്ടായിക്കാണില്ല. രാവിലെ എഴുന്നേറ്റു നോക്കിയപ്പോള്‍ ചെടി വിഷാദം കൊണ്ടാണോ എന്നറിയില്ല. തല താഴ്ത്തി അനങ്ങാതെ ഇരിക്കുന്നു. പൂവില്ല...നോക്കിയപ്പോള്‍ ഇതളുകള്‍ അവിടവിടെയായി കിടക്കുന്നുണ്ട്.... താഴെ നനവ് പടര്‍ത്തിയത് മഴയോ അതോ ചെടിയുടെ കണ്ണുനീരോ എന്നറിയില്ല....
പനിനീര്‍പ്പൂവിനെ ആലോചിക്കുമ്പോള്‍ ഇപ്പൊ എന്റെ മനസ്സില്‍ മിന്നി മായുന്നത് എന്റെ ജീവിതമാണ്. കാറ്റും വെയിലും ഉലക്കാതെ ആരൊക്കെയോ എന്നെ കാത്തു സൂക്ഷിച്ചു. ഇനി വാടിക്കൊഴിഞ്ഞു വീഴുന്നതെന്നാണ് എന്ന് അറിയില്ല. മാതൃത്വം എന്തെന്ന് എനിക്ക് ദൈവം കാണിച്ചു തന്നതാണോ ആ ചെടിയിലൂടെ? ആര്‍ക്കെങ്കിലുമൊക്കെ സന്തോഷം നല്കാന് കഴിഞ്ഞെങ്കില്‍ ആ പനിനീര്‍പ്പൂവോളം എങ്കിലും എത്താന്‍ പറ്റിയെങ്കില്‍. ഇന്ന് ആ ചെടിയില്‍ പുതിയൊരു മൊട്ട് ഇട്ടിട്ടുണ്ട്. വിരഹവേദനകള്‍ നല്‍കാനാണ് വിരിയുന്നത് എന്നറിഞ്ഞിട്ടും ചെടി ഇപ്പോഴും പൂവിനെ മതിലിനോട് ചേര്‍ത്ത് നിര്‍ത്തുന്നു. ഒരു വെയിലും, ഒരു കാറ്റും പൂവിനെ സ്പര്ഷിക്കാതിരിക്കാന്‍. സ്വന്തം ദേഹത്ത് മുള്ളുകള്‍ നിറച്ചു പൂവിനെ സംരക്ഷിച്ചു കൊണ്ട് ഇപ്പോഴും ആ ചെടി അവിടെത്തന്നെയുണ്ട്... അതെ, ഒരു പൂവ് എനിക്ക് പഠിപ്പിച്ചു തന്ന പാഠം ആണിത്...
“ഒരു പനിനീര്‍പ്പൂവാണ് എന്റെ ഈ ജന്മം.....”
Sunday, 30 October 2011
അതെന്താ സാധനം??
വെറുതെ ഇരുന്നു മടുത്തപ്പോ ഒന്ന് ടീവി വെച്ച് നോക്കിയതാ . അപ്പൊ വാര്‍ത്താ ചാനലുകളിലെല്ലാം വാര്‍ത്ത F1 റേസിനെ കുറിച്ചാണ്. അല്ലെങ്കിലും ഭാരതത്തില്‍ ആദ്യമായല്ലേ ഈ കായിക മാമാങ്കം നടക്കുന്നത്..ആഘോഷിക്കാതെ പറ്റില്ലല്ലോ. കുറെ നേരം നോക്കിയിരുന്നു. ‘ബ്രൂം....ബ്രൂം....’ ശബ്ദം വണ്ടിയുടെതാണ് എന്നല്ലാതെ ഒരു കുന്തവും എനിക്ക് മനസ്സിലായില്ല. ഓട്ടമത്സരം ആണെന്നറിയാം. അപ്പൊ ആദ്യം എത്തുന്ന ആള് ജയിക്കും. അതുമറിയാം. പക്ഷെ എത്ര നോക്കിയിരുന്നിട്ടും ഈ കളിയുടെ ‘ലത്’ അങ്ങോട്ട് മനസ്സിലാകുന്നില്ല. സത്യം പറഞ്ഞാല്‍ ഒന്നും മനസ്സിലായില്ല. കളിക്കാരെ അറിയില്ല, കളി എങ്ങനെയെന്നറിയില്ല, എന്താ സമ്മാനം എന്നറിയില്ല, പോട്ടെ ഈ വണ്ടിയൊക്കെ ഓടിക്കാന്‍ പെട്രോളോ ഡീസലോ അതോ ഇനി വേറെ എന്തെങ്കിലും സാധനമാണോ ഒഴിക്കുന്നത് എന്ന് പോലും എനിക്കറിയില്ല. പക്ഷെ ഒന്നറിയാം. “ഇതൊക്കെ വെറുതെയാണ്....”
ഇത് പട്ടിണിപ്പാവങ്ങളുടെ ഇന്ത്യയില്‍ കളിക്കാന്‍ പറ്റിയ കളിയാണോ എന്ന് ചിന്തിക്കണം. ഏറ്റവും ചുരുങ്ങിയ ടിക്കറ്റ് നിരക്ക് 2500 രൂപയിലാണ്. പിന്നെ ‘ഐസ് പെട്ടി’യുടെ ഉള്ളിരുന്നു കാണാന്‍ ലക്ഷങ്ങളും കോടികളും ഒക്കെ കൊടുക്കാം. ഇപ്പൊ മനസ്സിലായില്ലേ ഇതിന്റെ ഏഴയലത്ത് പോലും എത്താന്‍ നമ്മളെ പോലുള്ള സാധാരണക്കാര്‍ക്ക് പറ്റില്ലെന്ന്. പണമുള്ളവര്‍ എന്ത് വേണമെങ്കിലും കാണിച്ചോട്ടെ എന്ന് വേണമെങ്കില്‍ വിചാരിക്കാം. പക്ഷെ അപ്പോഴും പ്രശ്നം ഉണ്ട്. അന്താരാഷ്ട്ര നിലവാരമുള്ള ബുദ്ധ സര്‍ക്യുട്ട് നോയിഡയില്‍ ആണ്. ഈ വണ്ടികള്‍ക്കൊക്കെ കുതിച്ചു പായാന്‍ ‘ഇച്ചിരി’ സ്ഥലം ഒന്നും പോരല്ലോ. ഇക്കണ്ട സ്ഥലം ഒക്കെ ഏറ്റെടുത്തത് അവിടുത്തെ പാവപ്പെട്ട കര്‍ഷകരില്‍ നിന്നാണ്. വെട്ടിപ്പിടിച്ചതോന്നുമല്ലല്ലോ ,ഏറ്റെടുത്തതല്ലേ എന്ന് ചോദിക്കാന്‍ വരട്ടെ. വിപണിയിലെ ന്യായ വിലയില്‍ നിന്നും എത്രയോ താഴെ വിലക്കാണ് ഈ ഏറ്റെടുക്കല്‍. ചുരുക്കിപ്പറഞ്ഞാല്‍ “ജയ് ജവാന്, ജയ് കിസാന്‍” എന്നാ മുദ്രാവാക്യത്തിലെ കിസാന്മാരെ അങ്ങോട്ട് ass ആക്കിക്കളഞ്ഞു.
32 രൂപയെങ്ങാന്‍ സമ്പാദിച്ചു പോയാല്‍ ദാരിദ്ര്യ രേഖക്ക് മുകളിലാവുന്ന നാടാണ് നമ്മുടെ. 33 രൂപയുണ്ടെങ്കില്‍ ബിര്‍ള ആകാമല്ലോ!! തങ്ങള്‍ക്കു ന്യായ വില കിട്ടിയില്ലെങ്കില്‍ ട്രാക്ക് കുത്തി പൊളിക്കും എന്നാണ് കര്‍ഷകര്‍ പറഞ്ഞിരിക്കുന്നത്. കൊള്ളാം..വിപ്ലവം ജയിക്കട്ടെ. കാര്യം ഇതൊക്കെയാണെങ്കിലും കളി കാണാന്‍ വരുന്നവര്‍ ചില്ലറക്കാരല്ല. ബോളിവുഡും ഇന്ത്യന്‍ ക്രിക്കറ്റും അടക്കി ഭരിക്കുന്നവര്‍ വരുന്നുണ്ട് കളി കാണാന്‍. സച്ചിനാണ് കൊടി വീശി വണ്ടിയൊക്കെ നിറുത്താന്‍ പോകുന്നത്. എന്തായാലും കായിക മന്ത്രി വെട്ടിത്തുറന്നു പറഞ്ഞു കഴിഞ്ഞു ഇതുകൊണ്ട് രാജ്യത്തിന് ഗുണമൊന്നും ഇല്ലെന്ന്. പണം ഒരുപാടുള്ള രാജ്യങ്ങള്‍ കാട്ടിക്കൂട്ടുന്നത് കണ്ടു പട്ടിണിയും പരവട്ടവും ഉള്ളവരുള്ള നമ്മുടെ രാജ്യം ഇതെങ്ങോട്ടാ? ആന വാ പൊളിക്കുന്നത് കണ്ടു അണ്ണാന് വാ പൊളിക്കാമോ...!!!
ആഹ് ,എന്തെങ്കിലും ആകട്ടെ. എന്നാലും പിന്നേം ഒരു സംശയം. ഇത്രേം കിടിലന്‍ വണ്ടികള്‍ പതിയെ ഒന്നുമല്ലല്ലോ പോകുന്നത്. ‘ഫ്രൂം...’ എന്നും പറഞ്ഞു പോകൂലെ... മുകേഷ് ഏതോ പടത്തില്‍ പറഞ്ഞ പോലെ ‘ഒരു മിന്നായം പോ....ലെ” കാണാന്‍ വേണ്ടിയാണോ ഇവന്മാര് ഈ പൈസയൊക്കെ മുടക്കുന്നത്... പിരാന്ത്.. അല്ലാതെന്താ... മത്സരിക്കുന്ന ഇന്ത്യക്കാരുടെ കാര്യം ഞാന്‍ പറയുന്നില്ല... എന്തിനാ ഞാനായിട്ട് വെറുതെ, ഞാന്‍ രാജ്യസ്നേഹിയാണ്.
(ഇത് വായിക്കുന്നവരില്‍ ചിലരും എന്നെപ്പോലെ തന്നെയാണെന്ന് വിശ്വസിക്കുന്നു. ഒന്നും അറിയില്ലല്ലോ അല്ലെ..??)
Subscribe to:
Posts (Atom)









