Tuesday, 10 January 2012

പ്രണയലേഖനം



 ഞാന്‍ അറിയാതെ എന്നെ സ്നേഹിക്കുന്ന നിനക്കായ്, 
          പ്രണയലേഖനങ്ങളുടെ ഭാഷ എനിക്കറിയില്ല. പക്ഷെ, എഴുതാതിരിക്കാന്‍ കഴിയുന്നില്ല. എന്‍റെ ഹൃദയമിടിപ്പ് കൂടുന്നത് നീ എന്നെ കുറിച്ച് ആലോചിക്കുമ്പോള്‍ ആയിരിക്കാം. ഈ ഹൃദയമിടിപ്പ് തുടങ്ങിയിട്ട് നാളുകളായി. അത് നിലയ്ക്കുന്ന കാലത്തോളം കാത്തിരിക്കരുത് നീ. മഞ്ഞു മൂടിയ സ്ഫടികക്കല്ലിലൂടെ നോക്കുന്ന അവ്യക്ത രൂപമാണ് നീ ഇന്നെനിക്ക്. ആ അവ്യക്ത രൂപത്തെ ഞാന്‍ ഇത്രമേല്‍ സ്നേഹിച്ചെങ്കില്‍, നിന്നിലെ പൂര്‍ണ പ്രഭാവത്തെ കാണുന്ന നിമിഷം ലോകമൊക്കെയും എന്‍റെ കണ്ണുകളില്‍ നിറയും.


           നിന്‍റെ പാദസ്വരത്തിന്‍റെ കിലുക്കം കേട്ട് തിരിഞ്ഞു നോക്കിയിട്ടുണ്ട് പലപ്പോഴും. മഴത്തുള്ളിയും പൊയ്കയും കളി പറയുന്നതാണെന്ന് കണ്ടു ചിരിച്ചു. സുറുമയിട്ട നിന്‍റെ മിഴികളില്‍ നോക്കിയിരുന്നിട്ടുണ്ട് പുലരുവോളം, അത് ആകാശത്തെ മിന്നല്‍പ്പിണരുകള്‍ ആണെന്നറിയാതെ. നിന്നോടൊപ്പം കളിച്ചു ചിരിച്ച ദിനരാത്രങ്ങള്‍ക്ക് എണ്ണമില്ല, അതെല്ലാം സ്വയം ജല്‍പ്പനങ്ങള്‍ ആയിരുന്നെങ്കിലും. നിന്‍റെ കാര്‍കൂന്തലുകള്‍ എന്‍റെ മുഖം തലോടിയിരുന്നു, മരത്തിലെ ഉണങ്ങിയ ഇലകള്‍ പൊഴിഞ്ഞു തീരും വരെ.


          ആയിരം മുഖങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. എങ്കിലും ഉറങ്ങാന്‍ നേരം മനസ്സില്‍ വിരിയുന്ന മുഖം നിന്‍റെ മാത്രമാണ്. നിന്നെക്കുറിച്ചുള്ള ചിന്തകള്‍ ഇല്ലാതെ ഒരു ദിനവും എന്നെ കടന്നു പോയിട്ടില്ല. കാണുന്ന ഭംഗിയുള്ള കാഴ്ചകളും, കേള്‍ക്കുന്ന കുളിരുള്ള വാക്കുകളും നീയാണ്. നിന്നോടുള്ള എന്‍റെ സ്നേഹം എത്രയെന്നു പറയാന്‍ എനിക്കറിയില്ലെങ്കിലും ഒരു കാര്യം ഞാന്‍ പറയാം, മറ്റാരെക്കാളും സ്നേഹിക്കാം നിന്നെ ഞാന്‍. സൗഭാഗ്യങ്ങള്‍ ഒക്കെയും നല്‍കാന്‍ കഴിഞ്ഞില്ലെങ്കിലും, ദുരിതങ്ങളില്‍ നീ ഒറ്റക്കാകില്ല.


           എന്‍റെ സ്നേഹം എഴുതിത്തീര്‍ക്കാന്‍ കടലാസ്സുകളും മഷിയും മതിയാകില്ല. എന്‍റെ വാക്കുകളും നോക്കുകളും ഞാന്‍ നിനക്ക് വേണ്ടിയാണ് കാത്തു സൂക്ഷിക്കുന്നത്. അതെന്നെ മൗനിയാക്കി. നിനക്ക് വേണ്ടിയുള്ള എന്‍റെ മൗനത്തെ ചിലര്‍ അഹങ്കാരം എന്ന് പറഞ്ഞു. എനിക്ക് അഹങ്കരിക്കാന്‍ കാലം കരുതി വെച്ചത് നീ മാത്രമാണ്. മറകള്‍ ഒക്കെയും നീക്കി എന്‍റെ തുച്ഛജീവിതത്തെ പൂര്‍ത്തിയാക്കാന്‍ വരുന്ന നിന്നെയും കാത്തു ഞാന്‍ ഇരിക്കുന്നു..........


                                                            എന്ന്, 
                                                  നീയറിയാത്ത, നിനക്കറിയാത്ത ഞാന്‍.

7 comments:

ANANDHU KATTAMPAK said...

www.wehelpgroups.blogspot.com

khaadu.. said...

പ്രണയപ്പനി.......!!!!

H A R O O N said...

നിന്റെ സ്നേഹം മനസ്സിലാക്കി ഒരു നാള്‍ അവള്‍ നിന്നെ തേടി വരും. സന്ധ്യ മുതല്‍ പകല്‍ വരെ നീ കണ്ട നിന്റെ സ്വപ്‌നങ്ങള്‍ യാധാര്ത്യമാകും

ബോണി said...

ഇനിയും അവളെക്കുറിച്ച് സ്വപ്നങ്ങള്‍ കാണൂ... സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളെക്കാള്‍ സുന്ദരമാണ്..

Abdul Manaf N.M said...

@Khaadu :ആയിരിക്കുമോ ...?? അറിയില്ല....
@Haroon :സന്ധ്യ മുതല്‍ പകല്‍ വരെയല്ല.. ഒരു സന്ധ്യ മുതല്‍ അടുത്ത സന്ധ്യ വരെ.. സ്വപ്നങ്ങള്‍ക്ക് ഇടവേളകളില്ല... ഹാറൂ....
@Boni :നന്ദി ബോണി... സ്വപ്‌നങ്ങള്‍ കണ്ടില്ലെങ്കില്‍ പിന്നെ എന്ത് ജീവിതം .. ? വീണ്ടും ഈ വഴി വരിക..

എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി.. കരിയിലകള്‍ മൂടിയ ഈ വഴിയെ ഇനിയും വരിക.. അല്ല.. വരണം.... ഹൃദയപൂര്‍വം, മനു ....

ശ്രീ said...

nalla love letter.
ithinu munp love letter vaayichathu www.a-dream-lover.blogspot.com enna blogil aanu

anupama said...

പ്രിയപ്പെട്ട മനു,
ഹൃദ്യമായ നവവത്സരാശംസകള്‍!
സ്വപ്നങ്ങള്‍ക്ക് നികുതി നല്‍കേണ്ടല്ലോ...!ഒഴിവു നേരങ്ങളില്‍,കിളികള്‍ പാടുമ്പോള്‍, മഞ്ഞു പെയ്യുമ്പോള്‍,നിലാവ് പരക്കുമ്പോള്‍ എല്ലാം അവളെ കുറിച്ച് ഓര്‍ത്ത്‌ കൊള്ളു ,കേട്ടോ,മതി വരാത്ത പോലെ...
വരികള്‍ നന്നായി!
സസ്നേഹം,
അനു
--

Post a Comment