ഈ നിഴല്‍ എന്റെതാണോ എന്നെനിക്കറിയില്ല. ഞാന്‍ പോകുന്നിടത്തെല്ലാം എന്നെ വെറുതെ പിന്‍തുടരുന്നു. ഒരു പക്ഷെ എന്നോടെന്തോ പറയാനുണ്ടോ? അതോ എന്തോ എന്നില്‍ നിന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്നോ? പലപ്പോഴും തോന്നിയിട്ടുണ്ട്, എന്നെ ഇത്ര മേല്‍ മനസ്സിലാക്കാന്‍ നിനക്ക് മാത്രമേ സാധിച്ചിട്ടുള്ളൂ എന്ന്. നീയല്ലെന്കില്‍ പിന്നെ ആര്‍ക്കാണ് എന്നെ മനസ്സിലാക്കാന്‍ സാധിക്കുക? പലപ്പോഴും ആരവങ്ങളുടെയും വെളിച്ചത്തിന്റെയും ഇടയില്‍ ഞാന്‍ നിന്നെ മറക്കാറുണ്ട്. പക്ഷെ എന്റെ ചുറ്റില്‍ എവിടെയൊക്കെയോ സ്വയം വെളിവാകാതെ നീ ഉണ്ട് എന്നെനിക്കറിയാം. ഇവിടെ ഞാന്‍ തന്നെയാണ് തെറ്റുകാരന്‍. ഒറ്റക്കാകുമ്പോള്‍, ഇരുട്ടിന്റെ മറവില്‍, ഒരുചെറു വിളക്കിന്റെ വെളിച്ചത്തില്‍ നീ എന്റെ ചാരത്തു വന്നിരിക്കും. നീ മാത്രം.. പക്ഷെ പ്രകാശം പറന്നു കണ്ണ് മഞ്ഞളിക്കുമ്പോള്‍ ഞാന്‍ നിന്നെ മറന്നു പോകുന്നു. ഇല്ല, അങ്ങിനെ പറയരുത്. നിന്നെ മറക്കുന്നതല്ലാ.. അതെനിക്ക് കഴിയില്ല. “ഞാന്‍ ഇവിടെയുണ്ട്, നീ എന്നെ ഒന്ന് നോക്കുമോ” എന്ന് ഒരു വാക്ക് ആ രാത്രികളിലെതെങ്കിലും ഒന്നില്‍ നീ പറഞ്ഞിരുന്നെങ്കില്‍, ആ നനുത്ത സുഖമുള്ള, ചെറുവെളിച്ചം കൊണ്ട് അലങ്കരിച്ച ഇടത്തേക് ഞാന്‍ വരുമായിരുന്നു, നിനക്കായ് മാത്രം. ഇരുട്ട് കൂടുമ്പോഴും നീ പോകുന്നില്ല എന്നെനിക്കറിയാം, നീ എന്നിലേക്ക് ചുരുണ്ട് കൂടുന്നതാണ്. അങ്ങിനെ വേറാരുമില്ലാത്ത ലോകത്ത് നാം ഒന്നാകുന്നതാണ്. ഇല്ല.. കൂടുതല്‍ പറയുന്നില്ല... ഇവിടെ, നീ പറഞ്ഞില്ല, ഞാന്‍ അറിഞ്ഞില്ല, അത്ര മാത്രം. ഇപ്പോഴും നിഴല്‍ എന്റെ കൂടെ ഉണ്ട്, ഞാന്‍ നിഴലിന്റെ കൂടെയും. എങ്കിലും ഈ നിഴല്‍ ആരുടെതാണ്..? വിട ചൊല്ലാതെ, ഒന്നും പറയാതെ, എന്റെ ഒപ്പം ഉള്ള, അല്ല എന്റെ ഉള്ളില്‍ ഉള്ള ആ നിഴല്‍ നീയാണോ എന്നേ അറിയേണ്ടൂ...???
Subscribe to:
Posts (Atom)