Thursday, 22 March 2012

കൂട്ടുകാര്‍ക്ക്....



 ഏതോ വഴികളില്‍ എപ്പൊഴോ കണ്ടവര്‍
ഇന്നെന്‍റെ യാത്രയില്‍ കൂട്ടായവര്‍.
ഈ യാത്ര തീരവേ വഴികള്‍ പിരിയവേ
തിരികെ നടക്കുവാന്‍ ആശിച്ചവര്‍.

അകലുവാനാകില്ലയൊരുനാളുമെങ്കിലും
വാക്കുകള്‍ മുറിയുന്നുവെന്‍ ജീവ വഴിയില്‍.
ചില്ലയിലാടുന്ന പൂക്കളെപ്പോലെ നാം
ഒന്നിച്ചു സ്വപ്‌നങ്ങള്‍ നെയ്തതല്ലേ.

കഴിയില്ലയൊരു മഴക്കാറിനും നമ്മളെ
ഇതളറ്റു വീഴ്ത്തിചിരിച്ചു നില്‍ക്കാന്‍.
ആകില്ല ഞങ്ങള്‍ക്ക് പുഴ പോലെയൊഴുകുന്ന
കണ്ണുനീര്‍ത്തുള്ളിയെ അണ കെട്ടുവാന്‍.

നിളയോടു പറയാതെ നാം നെയ്ത കനവുകള്‍
നെയ്തിട്ടൊരുനാള്‍ നാം വന്നിടേണം.
ഒഴുകാത്ത നിളയുടെ മടിയില്‍ തലവെച്ചു
വീണ്ടുമൊരുവട്ടം മയങ്ങിടേണം.

എന്നെന്നറിയില്ല എങ്കിലുമോര്‍ക്കുക
വെറുതെ കളയുവാനല്ലയീ വാക്കുകള്‍.
ഒന്നിച്ചു നില്‍ക്കുന്ന നമ്മളെ കണ്ടു വന്‍-
ചങ്ങലക്കണ്ണികള്‍ തലതാഴ്ത്തിടേണം.

കൈകള്‍ അകലവേ, കാതങ്ങള്‍ താണ്ടവേ
ഒരുമിച്ചു ഹൃദയം മിടിച്ചിടേണം.
ഇനിയുമൊരു ചെമ്പകം പൂക്കുന്നുവെന്നാലോ
നമ്മളെ കണ്ടുകൊണ്ടായിടേണം.

സമയമായ്‌ പിരിയുവാന്‍, വഴികള്‍ തിരയുവാന്‍
സ്നേഹകലാലയം ഓര്‍മയാകാന്‍.
ആരോ പറയുന്നു വാനങ്ങള്‍ക്കപ്പുറം
കൂട്ടുകാര്‍ നിങ്ങള്‍ പിരിയുകില്ല....”